ADVERTISEMENT

ദോഹ ∙ ഖത്തർ ലോകകപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നിൽ, സ്പെയിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ലക്ഷ്യം കാണാനാകാതെ പോയ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലാണ് മൊറോക്കോ സ്പെയിനെ അട്ടിമറിച്ചത്. സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ, 3–0നാണ് മൊറോക്കോയുടെ വിജയം. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് മൊറോക്കോ ക്വാർട്ടറിൽ കടക്കുന്നത്. അതേസമയം, ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ഷൂട്ടൗട്ടിൽ തോൽക്കുന്ന ടീമെന്ന നാണക്കേട് സ്പെയിനിന്റെ പേരിലായി. നാലാം തവണയാണ് സ്പെയിൻ ലോകകപ്പിൽ ഷൂട്ടൗട്ടിൽ തോൽക്കുന്നത്.

ഡിസംബർ 10ന് അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ വിജയികളാണ് മൊറോക്കോയുടെ എതിരാളികൾ.

ഷൂട്ടൗട്ടിൽ കാർലോസ് സോളറെടുത്ത രണ്ടാമത്തെ കിക്കും ക്യാപ്റ്റൻ സെർജിയോ ബുസ്ക്വെറ്റ്സിന്റെ മൂന്നാം കിക്കും തടുത്തിട്ട ഗോൾകീപ്പർ യാസിൻ ബോനുവാണ് മൊറോക്കോയുടെ ഹീറോ. മറ്റൊരു സ്പാനിഷ് താരം പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റിൽത്തട്ടി തെറിച്ചു. മൊറോക്കോയ്ക്കായി അബ്ദൽഹമീദ് സബീരി, ഹാകിം സിയെച്ച്, അച്റഫ് ഹക്കിമി എന്നിവർ ലക്ഷ്യം കണ്ടു. ബദിർ ബെനോണിന്റെ ഷോട്ട് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സൈമൺ രക്ഷപ്പെടുത്തി.

സ്പെയിനെ അട്ടിമറിച്ച മൊറോക്കോ താരങ്ങളുടെ ആഹ്ലാദം. ചിത്രം∙ നിഖിൽരാജ്, മനോരമ
സ്പെയിനെ അട്ടിമറിച്ച മൊറോക്കോ താരങ്ങളുടെ ആഹ്ലാദം. ചിത്രം∙ നിഖിൽരാജ്, മനോരമ

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമായത്. ഖത്തറിൽ തുടർച്ചയായ രണ്ടാം പ്രീക്വാർട്ടർ പോരാട്ടമാണ് പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഇന്നലെ നടന്ന ക്രൊയേഷ്യ – ജപ്പാൻ പ്രീക്വാർട്ടർ പോരാട്ടത്തിലും ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.

പന്തിനായുള്ള സ്പെയിൻ, മൊറോക്കോ താരങ്ങളുടെ പോരാട്ടം. ചിത്രം∙ നിഖിൽരാജ്, മനോരമ
പന്തിനായുള്ള സ്പെയിൻ, മൊറോക്കോ താരങ്ങളുടെ പോരാട്ടം. ചിത്രം∙ നിഖിൽരാജ്, മനോരമ

∙ അവസരങ്ങളുടെ അധിക സമയം

അധിക സമയത്തിന്റെ ആദ്യപകുതിയിൽ മത്സരത്തിലെ തന്നെ ഏറ്റവും മികച്ച അവസരം ലഭിച്ചിട്ടും മൊറോക്കോ താരം വാലിദ് ഷെദീരയ്ക്ക് അത് മുതലാക്കാനാകാതെ പോയത് സ്പെയിനിന് രക്ഷയായി. അധികസമയത്തിന്റെ 14–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിലേക്ക് മൊറോക്കോ താരങ്ങൾ നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് പന്ത് ഷെദീരയ്ക്കു ലഭിച്ചത്. ഗോൾകീപ്പർ ഉനായ് സൈമൺ മാത്രം മുന്നിൽ നിൽക്കെ, ഷെദീരയുടെ താഴ്ന്നെത്തിയ ഷോട്ട് സൈമണിന്റെ കാലിൽത്തട്ടി തെറിച്ചു.

രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ സ്പെയിനിനും ലഭിച്ചു, നല്ലൊരു അവസരം. മൊറോക്കോ ബോക്സിൽ സ്പെയിൻ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിരുന്നു ഇത്. ബോക്സിന്റെ വലതുഭാഗത്തുനിന്നും പകരക്കാരൻ താരം പാബ്ലോ സറാബിയ പായിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു. ഇതോടെ ഷൂട്ടൗട്ട് അനിവാര്യമായി.

സ്പാനിഷ് താരം പെദ്രിയുടെ മുന്നേറ്റം തടയുന്ന മൊറോക്കോ താരങ്ങൾ. ചിത്രം∙ നിഖിൽരാജ്, മനോരമ
സ്പാനിഷ് താരം പെദ്രിയുടെ മുന്നേറ്റം തടയുന്ന മൊറോക്കോ താരങ്ങൾ. ചിത്രം∙ നിഖിൽരാജ്, മനോരമ

∙ ആവേശം വാനോളം, വീണ്ടും ഗോൾരഹിതം

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന്റെ ആവേശകരമായ രണ്ടാം പകുതിയും ഗോൾരഹിതമായതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. ഖത്തർ ലോകകപ്പിൽ തുടർച്ചയായ രണ്ടാം പ്രീക്വാർട്ടർ പോരാട്ടമാണ് അധികസമയത്തേക്കു നീണ്ടത്. പന്തടക്കത്തിലും പാസിങ്ങിലും പതിവുപോലെ സ്പെയിൻ ആധിപത്യം പുലർത്തിയെങ്കിലും, ഫിനിഷിങ്ങിലെ പോരായ്മകളും മൊറോക്കോയുടെ അടിയുറച്ച പ്രതിരോധവുമാണ് അവരെ തടഞ്ഞത്.

സ്പെയിനെതിരായ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങൾ. ചിത്രം∙ നിഖിൽരാജ്, മനോരമ
സ്പെയിനെതിരായ വിജയം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങൾ. ചിത്രം∙ നിഖിൽരാജ്, മനോരമ

അടിയും തിരിച്ചടിയുമായി ആവേശകരമായിരുന്നു ഇരുപകുതികളുമെങ്കിലും, അതേ ആവേശം ഫിനിഷിങ്ങിലേക്കു കൊണ്ടുവരാനാകാതെ പോയതാണ് മത്സരം ഗോൾരഹിതമാക്കിയത്. ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും, ഫിനിഷിങ് ടച്ച് നൽകാനാകാതെ പോയത് തിരിച്ചടിയായി. രണ്ടാം പകുതിയിലും മൊറോക്കോ പ്രതിരോധം ഭേദിക്കാനാകാതെ വന്നതോടെ 63–ാം മിനിറ്റിൽ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ ഇരട്ടമാറ്റങ്ങൾ വരുത്തി. മാർക്കോ അസെൻസിയോയ്ക്കു പകരം അൽവാരോ മൊറാട്ടയും ഗാവിക്കു പകരം കാർലോസ് സോലറുമെത്തി. പിന്നാലെ മൊറോക്കോ നിരയിൽ ബൗഫലിനു പകരം അബ്ദ്സമദ് എസൽസോലിയും കളത്തിലിറങ്ങി.

മത്സരം 80 മിനിറ്റു പിന്നിട്ടതിനു പിന്നാലെ മൊറോക്കോ വരുത്തിയ ട്രിപ്പിൾ മാറ്റങ്ങളും നിശ്ചിത സമയത്ത് സ്കോർ ബോർഡിൽ വ്യത്യാസമൊന്നും വരുത്തിയില്ല. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ സ്പെയിന് ഫ്രീകിക്കിൽനിന്ന് ലഭിച്ച സുവർണാവസരം പെഡ്രിക്കും വില്യംസിനും മുതലാക്കാനാകാതെ പോയതോടെ നിശ്ചിത സമയം ഗോൾരഹിതമായി അവസാനിച്ചു.

∙ മൊറോക്കോ വരിഞ്ഞുമുറുക്കിയ ആദ്യപകുതി

പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം സ്പെയിൻ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ, കളത്തിൽ ശ്രദ്ധേയമായ നിമിഷങ്ങൾ സമ്മാനിച്ചത് മൊറോക്കോ. മുറുക്കമാർന്ന കളിയിലൂടെ സ്പെയിനെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ അനുവദിക്കാതെ പിടിച്ചുകെട്ടിയാണ് മൊറോക്കോ ആദ്യപകുതി ഗോൾരഹിതമാക്കിയത്. 43–ാം മിനിറ്റിൽ സ്പാനിഷ് പോസ്റ്റിനു തൊട്ടുമുന്നിൽ ലഭിച്ച സുവർണാവസരം മൊറോക്കോ താരം നയേഫ് അഗ്വേർഡ് പാഴാക്കിയത് സ്പെയിനിന്റെ ഭാഗ്യം.

ആദ്യ പകുതിയിൽ സ്പെയിൻ മൊറോക്കോ പോസ്റ്റിലേക്ക് പായിച്ചത് ഒറ്റ ഷോട്ട് മാത്രമാണ്. 26–ാം മിനിറ്റിൽ മാർക്കോ അസെൻസിയോയുടെ വകയായിരുന്നു ഇത്. 1966നുശേഷം ആദ്യപകുതിയിൽ സ്പെയിനിന്റെ ഏറ്റവും മോശം പ്രകടനമാണിത്.

ഇതിനു പുറമേ, സ്പാനിഷ് താരം റോഡ്രി വ്യക്തിപരമായ മറ്റൊരു റെക്കോർഡ് കൂടി ഈ മത്സരത്തിലൂടെ സ്വന്തമാക്കി. 1966 മുതലിങ്ങോട്ട് ഒറ്റ ലോകകപ്പിൽ 600ൽ അധികം പാസ് പൂർത്തിയാക്കുന്ന ആദ്യത്തെ താരമാണ് റോഡ്രി. 2010 ലോകകപ്പിൽ 599 പാസുകൾ പൂർത്തിയാക്കിയ മറ്റൊരു സ്പാനിഷ് താരം ചാവിയുടെ റെക്കോർഡാണ് റോഡ്രി മറികടന്നത്.

∙ സ്പാനിഷ് നിരയിൽ 5 മാറ്റം

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജപ്പാനോടു തോറ്റ ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് പരിശീലകൻ ലൂയിസ് എൻറിക്വെ സ്പാനിഷ് ടീമിനെ കളത്തിലിറക്കിയത്. പ്രതിരോധ നിരയിൽ സ്ഥാനം നിലനിർത്തിയത് റോഡ്രി മാത്രം. മറുവശത്ത്, കാനഡയെ തോൽപ്പിച്ച ടീമിൽ മൊറോക്കോ ഒരു മാറ്റം വരുത്തി.

English Summary: FIFA World Cup 2022, Morocco vs Spain Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com