ADVERTISEMENT

സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിനു മുൻപ് വാംഅപ്പിനിറങ്ങിയപ്പോൾ ഗോൺസാലോ റാമോസിന് ഒരു കാര്യത്തിൽ മാത്രമേ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം തലപ്പൊക്കമുണ്ടായിരുന്നുള്ളൂ– ഉയരത്തിൽ മാത്രം! ഇരുവരും ആറടി ഒരിഞ്ച്. 194 മത്സരങ്ങളുടെ പരിചയവും 118 ഗോളുകളുടെ പകിട്ടുമുള്ള ക്രിസ്‌റ്റ്യാനോയെ റിസർവ് ബെഞ്ചിലിരുത്തി വെറും മൂന്നു മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങി ഒരു ഗോൾ അടിച്ചതിന്റെ മേനി മാത്രമുള്ള റാമോസിന് പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് ആദ്യ ഇലവനിൽ ഇടം നൽകിയപ്പോൾ ക്രിസ്‌റ്റ്യാനോയുടെ 51 കോടി ഇൻസ്‌റ്റഗ്രാം ഫോളോവേഴ്‌സിൽ ഭൂരിഭാഗവും നിരാശരായിട്ടുണ്ടാകും!

എന്നാൽ തന്റെ തലയിൽ വന്നു വീണ ഭാഗ്യവും ചുമലിൽ വന്നു പതിച്ച ഭാരവും ഇരുപത്തൊന്നുകാരൻ റാമോസ് അധികം വൈകാതെ അർഹിച്ചതാണെന്ന് തെളിയിച്ചു. 5 ലോകകപ്പു കളിലായി 514 മിനിറ്റ് കളിച്ച ക്രിസ്‌റ്റ്യാനോയ്‌ക്കില്ലാത്ത ഒരു നോക്കൗട്ട് ഗോളാണ് റാമോസ് 17 മിനിറ്റു കൊണ്ട് നേടിയത്. എന്നാൽ, അതു കൊണ്ടും ക്രിസ്റ്റ്യാനോ ആരാധകരുടെ കുത്തുവാക്കുകളിൽ നിന്നു രക്ഷപ്പെടാനാവില്ലെന്ന് റാമോസിന് അറിയാമായിരുന്നെന്ന്‌ കരുതണം. 74–ാം മിനിറ്റിൽ സബ് ചെയ്തപ്പെട്ടപ്പോഴേക്കും റാമോസ് പേരിലാക്കിയത് ഹാട്രിക് ഗോളും ഒരു അസിസ്റ്റും!

പോർച്ചുഗൽ താരങ്ങളുടെ ഗോളാഘോഷം
പോർച്ചുഗൽ താരങ്ങളുടെ ഗോളാഘോഷം

ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിലെ അവിശ്വസനീയതയായ 6–1 എന്ന സ്‌കോർ ജയത്തോടെ പോർച്ചുഗൽ ക്വാർട്ടറിൽ. ശനിയാഴ്‌ച നടക്കുന്ന മൂന്നാം ക്വാർട്ടറിൽ എതിരാളികൾ മൊറോക്കോ. വീണു കിട്ടുന്ന അവസരങ്ങൾ മുതലാക്കുന്നത് പോർച്ചുഗലിന്റ തെക്കൻ തുഞ്ചത്തുള്ള പട്ടണമായ ഒൽഹായോയിൽ  ഫുട്‌ബോളറുടെ മകനായി ജനിച്ച റാമോസിന്റെ പതിവാണ്. 2020 ജൂലൈയിൽ ഒരു പോർച്ചുഗീസ് ലീഗ് മത്സരത്തിൽ ബെൻഫിക്കയ്‌ക്കു വേണ്ടി 85–ാം മിനിറ്റിൽ കളത്തിലിറങ്ങിയ റാമോസ് നേടിയത് 2 ഗോളാണ്.

ബെൻഫിക്കയുടെ ജൂനിയർ തലം മുതൽ സീനിയർ തലം വരെയുള്ള നാലു ടീമുകൾക്കു വേണ്ടി ഒരേ വർഷം കളിച്ചുവെന്ന അപൂർവതയും നേടി. പോർച്ചുഗൽ റണ്ണേഴ്സപ്പായ 2019 അണ്ടർ–19 യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ടോപ് സ്‌കോററായ റാമോസ് നിലവിൽ പോർച്ചുഗീസ് ലീഗിലെയും ടോപ് സ്കോററാണ്. ബെൻഫിക്കയ്‌ക്ക് യുവേഫ ചാംപ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. യോഗ്യതാ റൗണ്ടിൽ ഡാനിഷ് ക്ലബ് മിജുലാൻഡിനെതിരെ ഹാട്രിക് നേടി. ഗ്രൂപ്പ് ഘട്ടത്തിൽ, വമ്പൻമാരായ പിഎസ്‌ജിയെയും യുവെന്റസിനെയും മറികടന്ന് ബെൻഫിക്ക നോക്കൗട്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു.

ലോകകപ്പിനു ശേഷം ചാംപ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരങ്ങൾ തുടങ്ങാനിരിക്കെ അവിടെയും ശ്രദ്ധേയതാരമായിരിക്കും റാമോസ്. ഒരു മത്സരം കൊണ്ട് റാമോസിനെ ക്രിസ്‌റ്റ്യാനോയുടെ പിൻഗാമിയായി വാഴ്‌ത്തുന്നത് അതിശയോക്തിയാണ്. പക്ഷേ, പോർച്ചുഗൽ ടീമിന്റെ തലമുറമാറ്റത്തിൽ ഈ മത്സരവും റാമോസും നിർണായക കണ്ണികളാണ്. മേജർ ചാംപ്യൻഷിപ്പുകളിൽ തുടരെ 31 മത്സരങ്ങൾക്കു ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ പോർച്ചുഗൽ ആദ്യ ഇലവനിൽ നിന്നു പുറത്തിരിക്കുന്നത്. ക്രിസ്റ്റ്യാനോ ഇല്ലാത്തപ്പോഴാണ് പോർച്ചുഗൽ സർവസ്വാതന്ത്ര്യത്തോടെ കളിക്കുന്നത് എന്ന വാദങ്ങൾക്കു ആക്കം പകരുന്നതാണ് ഈ ജയം.

ഗോൾ നേടിയ പോർച്ചുഗൽ താരം ഗോൺസാലോ റാമോസിന്റെ ആഹ്ലാദം
ഗോൾ നേടിയ പോർച്ചുഗൽ താരം ഗോൺസാലോ റാമോസിന്റെ ആഹ്ലാദം

സ്വിറ്റ്‌സർലൻഡിനെതിരായ മത്സരത്തിനു മുൻപ് പോർച്ചുഗലിലെ എ ബോല ദിനപത്രം നടത്തിയ വോട്ടെടുപ്പിൽ പങ്കെടുത്ത 70 ശതമാനം പേരും അഭിപ്രായപ്പെട്ടത് ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ ഇറങ്ങാതിരിക്കുന്നതാണ് ടീമിനു നല്ലതെന്നായിരുന്നു. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്‌റ്റർ യുണൈറ്റഡുമായി പിണങ്ങിപ്പിരിഞ്ഞതിനു ശേഷം ഇതുവരെ മറ്റൊരു ക്ലബ്ബുമായും കരാറിലാകാത്ത മുപ്പത്തേഴുകാരൻ ക്രിസ്റ്റ്യാനോ ദേശീയ ടീമിലെ ഈ മാറ്റത്തെയും എങ്ങനെ സ്വീകരിക്കും എന്നതു കണ്ടറിയണം. 

39- ഒരു ലോകകപ്പ് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി പോർച്ചുഗലിന്റെ മുപ്പത്തൊൻപതുകാരൻ ഡിഫൻഡർ പെപ്പെ. സ്വിറ്റ്സർലൻഡിനെതിരെ കളിയുടെ 33–ാം മിനിറ്റിലാണ് ഒരു ഹെഡറിലൂടെ പെപ്പെ ടീമിന്റെ ലക്ഷ്യം കണ്ടത്. പെപ്പെയ്‌ക്കും ഗോൺസാലോ റാമോസിനും പുറമേ റാഫേൽ ഗ്വുറേറോ (55–ാം മിനിറ്റ്), റാഫേൽ ലിയാവോ (90+2)  ഗോൾ നേടി.

English Summary: Goncalo Ramos performance for Portugal in FIFA World Cup 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com