ADVERTISEMENT

ദോഹ ∙ മൊറോക്കോ– സ്പെയിൻ പ്രീക്വാർട്ടറിലെ എക്സ്ട്രാ ടൈം തീരാൻ മിനിറ്റ്. മൈതാനമധ്യത്തെ വിടവിലേക്ക് പെട്ടെന്നൊരു പന്ത് സ്പാനിഷ് മിഡ്ഫീൽഡർ പെദ്രിക്കു കിട്ടി. മൊറോക്കോയുടെ പ്രതിരോധം അൽപനേരം പാളിയ അത്തരമൊരു നിമിഷം ഈ മത്സരത്തിലധികം ഉണ്ടായിരുന്നില്ല. പക്ഷേ, സ്പെയിനിനായി പെദ്രി എന്തെങ്കിലും മാജിക് സൃഷ്ടിക്കുന്നതിനു മുൻപ് മൊറോക്കോയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ സോഫിയാൻ അമ്രാബത് പന്ത് തട്ടിയെടുത്ത് അപകടം ഒഴിവാക്കി. മധ്യനിരയിൽ സ്പെയിനിന്റെ പുകഴ്പെറ്റ ബുസ്ക്കറ്റ്സ്– പെദ്രി–ഗാവി ത്രയത്തിന്റെ തന്ത്രങ്ങളിൽ മിക്കതും പരാജയപ്പെട്ടത് അമ്രാബത്തിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ 9 ഗോളുകൾ നേടിയ സ്പെയിനിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നതിനൊപ്പം മൊറൊക്കോയുടെ ആക്രമണനിരയ്ക്ക് നിർണായക പാസുകൾ എത്തിക്കുന്നതിലും അമ്രാബത് തിളങ്ങി.

 

സ്പെയിനെതിരായ മത്സരത്തിൽ മൊറോക്കോ ടീമിന്റെ ആരാധകർ. ചിത്രം∙ നിഖില്‍രാജ്, മനോരമ
സ്പെയിനെതിരായ മത്സരത്തിൽ മൊറോക്കോ ടീമിന്റെ ആരാധകർ. ചിത്രം∙ നിഖില്‍രാജ്, മനോരമ

ഒരർഥത്തിൽ മൊറോക്കോ കോച്ച് വാലിദ് റഗ്റാഗി ഒരുക്കിയ ടീമിന്റെ ഹൃദയതാളമാണ് അമ്രാബത്. അച്റഫ് ഹക്കീമിയും നായെഫ് അഗേർദും റൊമാൻ സാസുമൊക്കെയടങ്ങുന്ന പ്രതിരോധനിരയും ഹാക്കിം സിയേഷും യൂസഫ് അൻ നസീരിയും നയിക്കുന്ന മുന്നേറ്റ നിരയും തമ്മിലുള്ള പാലം. ടാക്കിളുകളിലും പന്ത് പിടിച്ചെടുക്കുന്നതിലുമൊക്കെ ഈ ലോകകപ്പിലെ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാർക്കൊപ്പമാണ് അമ്രാബത്തിന്റെ സ്ഥാനം. പിന്നോട്ടിറങ്ങി പ്രതിരോധിക്കുകയും കൗണ്ടർ അറ്റാക്കുകളിലൂടെ മുന്നേറുകയും ചെയ്യുന്നതിൽ വിശ്വസിക്കുന്ന മൊറോക്കോയ്ക്കായി ഈ രണ്ടു റോളിലും ഇറ്റാലിയൻ ക്ലബ് ഫിയോറന്റീനയുടെ താരം തിളങ്ങുന്നു. 

 

120 മിനിറ്റിലും സ്പെയിന്റ നിരന്തര മുന്നേറ്റത്തെ ഓടിച്ചെന്നു ചെറുത്ത താരത്തിന്റെ കായികശേഷിയും മികച്ചതാണ്. സ്പെയിനിനെതിരെയുള്ള പ്രകടനം കണ്ടതോടെ അമ്രാബത്തിനു മേൽ ഇംഗ്ലിഷ് ക്ലബ്ബുകളായ ടോട്ടനം ഹോട്സ്പറും ലിവർപൂളും കണ്ണുവയ്ക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ക്വാർട്ടറിൽ മൊറക്കോയ്ക്കെതിരെ പോർച്ചുഗലിനാണ് സാധ്യത കൽപിക്കപ്പെടുന്നത്. എന്നാൽ, ആയിരത്തിലധികം പാസുകൾ കോർത്തിണക്കിയിട്ടും ഒരു ഗോൾ പോലും നേടാനാകാതെ സ്പെയിൻ മടങ്ങിയിട്ടുണ്ടെങ്കിൽ പോർച്ചുഗൽ ജാഗ്രത കാട്ടും. പ്രത്യേകിച്ച് സോഫിയാൻ അമ്രാബത്തിനെതിരെ.

English Summary: Sophian Amrabat;The heartbeat of Morocco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com