ADVERTISEMENT

ദോഹ ∙ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്.

നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി. ബ്രസീൽ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽക്കുന്നത് 1986നു ശേഷം ഇതാദ്യമാണ്.

2002ലെ ലോകകപ്പ് ഫൈനലിൽ ജർമനിയെ 2–0ന് തോൽപ്പിച്ചതിനു ശേഷം കളിക്കുന്ന ആറാം നോക്കൗട്ട് മത്സരത്തിലാണ് ബ്രസീൽ യൂറോപ്യൻ ടീമിനോടു തോറ്റ് പുറത്താകുന്നത്. ഇതിൽ നാലു തവണയും ക്വാർട്ടറിലാണ് ബ്രസീൽ തോറ്റത്. 2006ൽ ഫ്രാൻസിനോടും 2010ൽ നെതർലൻഡ്സിനോടും 2018ൽ ബെൽജിയത്തോടും തോറ്റു.

പ്രീക്വാർട്ടറിൽ ജപ്പാന്റെ പോരാട്ടവീര്യത്തെയും പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്നതിനു പിന്നാലെയാണ്, ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെയും പെനൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വീഴ്ത്തിയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിലും പ്രീക്വാർട്ടറിലും ക്വാർട്ടറിലും അവർ പെനൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചത്. സെമിയിൽ എക്സ്ട്രാ ടൈമിലും. ഡിസംബർ 13നു നടക്കുന്ന ഒന്നാം സെമിഫൈനലിൽ അർജന്റീന – നെതർലൻഡ്സ് ക്വാർട്ടർ വിജയികളാണ് ക്രൊയേഷ്യയുടെ എതിരാളികൾ.

croatia-win-celebration
ഷൂട്ടൗട്ടിൽ വിജയിച്ചപ്പോൾ ക്രൊയേഷ്യൻ താരങ്ങളുടെ ആഹ്ലാദം (ഫിഫ ലോകകപ്പ് ട്വീറ്റ് ചെയ്ത ചിത്രം)

∙ ഗോളുകൾ പിറന്ന എക്സ്ട്രാ ടൈം

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ നെയ്മാർ നേടിയ ഗോളിൽ ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയിലാണ് ക്രൊയേഷ്യ തിരിച്ചടിച്ചത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പകരക്കാരൻ താരം ബ്രൂണോ പെട്കോവിച്ചാണ് ക്രൊയേഷ്യയ്‌ക്കായി ഗോൾ മടക്കിയത്. ഇതോടെ, ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചു. തുടർന്ന് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട്.

പലതവണ ഗോളിനടുത്ത് എത്തിയപ്പോഴും പാറപോലെ ഉറച്ചുനിന്ന ക്രൊയേഷ്യൻ പ്രതിരോധത്തെയും ഗോൾകീപ്പർ ലിവാക്കോവിച്ചിനെയും വിദഗ്ധമായി മറികടന്നാണ് എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ബ്രസീൽ ലീഡ് നേടിയത്. ക്രൊയേഷ്യൻ പ്രതിരോധം പിളർത്താൻ അവസരം കാത്ത് ബോക്സിനു പുറത്ത് വട്ടമിട്ട ബ്രസീൽ താരങ്ങൾ, ഒരു അവസരം കിട്ടിയതോടെ അകത്തേക്ക്. ലൂക്കാസ് പക്വേറ്റയുമായി പന്ത് കൈമാറി അകത്തേക്ക് കയറിയ നെയ്മാർ, തടയാനെത്തിയ ഗോൾകീപ്പർ ലിവാക്കോവിച്ചിനെ വട്ടംചുറ്റിച്ച് സെക്കൻഡ് പോസ്റ്റിനു സമീപത്തുനിന്ന് നെയ്മാറിന്റെ തകർപ്പൻ ഫിനിഷിങ്. ഗോൾ.... സ്കോർ 1–0.

neymar-goal-celebration
ഗോളടിച്ച ബ്രസീൽ താരം നെയ്മാറുടെ ആഹ്ലാദം. ചിത്രം: Twitter

ഒരു ഗോൾ ലീഡ് നേടിയിട്ടും പ്രതിരോധം മറന്ന് വീണ്ടും ആക്രമിക്കാൻ മുന്നോട്ടു കയറിയ ബ്രസീലിനുള്ള ശിക്ഷയായിരുന്നു പെട്കോവിച്ചിന്റെ സമനില ഗോൾ. ബ്രസീൽ താരങ്ങളുടെ നീക്കത്തിന്റെ മുനയൊടിച്ച് ബ്രസീൽ ബോക്സിലേക്ക് മിസ്‌ലാവ് ഓർസിച്ചിന്റെ കുതിപ്പ്. മുന്നോട്ടുകയറി നിൽക്കുകയായിരുന്ന ബ്രസീൽ താരങ്ങൾ പ്രതിരോധിക്കാനായി ബോക്സിലേക്ക് പാഞ്ഞെടുത്തുമ്പോഴേയ്ക്കും ഇടതുവിങ്ങിൽനിന്ന് ഓർസിച്ച് പന്തു നേരെ ബോക്സിനുള്ളിൽ പെട്കോവിച്ചിന് മറിച്ചു. പെട്കോവിച്ചിന്റെ ഇടംകാൽ ഷോട്ട് നേരെ വലയിലേക്ക്. സ്കോർ 1–1.

∙ ഗോൾരഹിതമായി രണ്ടാം പകുതിയും

നേരത്തേ, രണ്ടാം പകുതിയിൽ താരതമ്യേന ആക്രമിച്ചു കളിച്ച ബ്രസീലിന് ലക്ഷ്യം നേടാനാകാതെ പോയതോടെയാണ് ലോകകപ്പിലെ ആദ്യ ക്വാർട്ടർ പോരാട്ടം വിജയികളെ കണ്ടെത്താൻ അധിക സമയത്തേക്ക് നീണ്ടത്. ആദ്യപകുതിയിൽ ക്രൊയേഷ്യയും രണ്ടാം പകുതിയിൽ ബ്രസീലും ആധിപത്യം പുലർത്തിയെങ്കിലും ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരം അവസാന 10 മിനിറ്റിലേക്കു കടന്നതിനു പിന്നാലെ വിജയഗോളിനായി സമ്മർദ്ദം ചെലുത്തി ബ്രസീൽ ആക്രമിച്ചു കയറിയെങ്കിലും ലക്ഷ്യം, ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകൾ അവർക്കു രക്ഷയായി.

ആദ്യപകുതിയിൽ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനായില്ലെങ്കിലും, ക്രൊയേഷ്യയെ വിറപ്പിക്കുന്ന പ്രകടനത്തോടെയാണ് ബ്രസീൽ രണ്ടാം പകുതിക്കു തുടക്കമിട്ടത്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ രണ്ടു തവണയാണ് ബ്രസീൽ ഗോളിന് അടുത്തെത്തിയത്. ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെയും ഡിഫൻഡർ ഗ്വാർഡിയോളിന്റെയും രണ്ടു തകർപ്പൻ സേവുകളാണ് ക്രൊയേഷ്യയെ കാത്തത്. തൊട്ടുപിന്നാലെ വലതുവിങ്ങിൽ റാഫീഞ്ഞയെ പിൻവലിച്ച് പരിശീലകൻ ടിറ്റെ ആന്റണിയെ കളത്തിലിറക്കി. മത്സരം ഒരു മണിക്കൂർ പിന്നിട്ട് അധികം വൈകും മുൻപേ വിനീസ്യൂസ് ജൂനിയറിനു പകരം റോഡ്രിഗോയെയും കളത്തിലിറക്കി.

റോഡ്രിഗോ വന്നതിനു പിന്നാലെ ബ്രസീൽ ഒരിക്കൽക്കൂടി ഗോളിന് അടുത്തെത്തി. ക്രൊയേഷ്യൻ ബോക്സിലേക്ക് ബ്രസീൽ നടത്തിയ നീക്കത്തിനൊടുവിൽ ലൂക്കാസ് പക്വേറ്റ തൊടുത്ത പന്ത് മുന്നോട്ടുകയറിയെത്തിയ ഗോൾകീപ്പർ ലിവാക്കോവിച്ച് ഒരുവിധത്തിലാണ് തടഞ്ഞത്. ഇതിനിടെ ക്രമാരിച്ചിനെതിരായ ഫൗളിന് ബ്രസീൽ താരം കാസമിറോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. മത്സരം 70–ാം മിനിറ്റ് പിന്നിട്ടതിനു പിന്നാലെ ക്രമാരിച്ച്, പസാലിച്ച് എന്നിവർക്കു പകരം പെട്കോവിച്ചും നിക്കോളാസ് വ്ലാസിച്ചും കളത്തിലെത്തി.

∙ ബ്രസീലിനെ വിറപ്പിച്ച ആദ്യപകുതി

ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനവുമായി കളംനിറഞ്ഞ ക്രൊയേഷ്യയായിരുന്നു ആദ്യ പകുതിയിൽ കയ്യടി നേടിയത്. ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ചില മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ബ്രസീലിനെ സ്വതസിദ്ധമായ ശൈലി പുറത്തെടുക്കാൻ അനുവദിക്കാത്ത പ്രകടനം നടത്തിയാണ് ക്രൊയേഷ്യ ആദ്യപകുതിക്കു ശേഷം തിരികെ കയറിയത്. ഈ ലോകകപ്പിലെ നാലു മത്സരങ്ങളിൽ ഉൾപ്പെടെ ഏറ്റവും ഒടുവിൽ കളിച്ച ഏഴു ലോകകപ്പ് മത്സരങ്ങളിലും ആദ്യപകുതിയിൽ ഗോൾ നേടാൻ ബ്രസീലിന് സാധിച്ചിട്ടില്ല. അതേസമയം, ഖത്തറിൽ പ്രീക്വാർട്ടർ പോരാട്ടത്തിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ ബ്രസീൽ ആദ്യപകുതിയിൽ 4–0ന് മുന്നിലായിരുന്നു.

croatia-vs-brazil-1
ബ്രസീൽ– ക്രൊയേഷ്യ മത്സരത്തിനിടെ. ചിത്രം: Twitter

12–ാം മിനിറ്റിൽ ക്രൊയേഷ്യയ്‌ക്കാണ് മത്സരത്തിലെ ആദ്യ സുവർണാവസരം ലഭിച്ചത്. വലതുവിങ്ങിലൂടെ ജോസിപ് ജുരാനോവിച്ച് നടത്തിയ അതിവേഗ മുന്നേറ്റമാണ് ക്രൊയേഷ്യയെ ഗോളിന് അടുത്തെത്തിച്ചത്. ജുരാനോവിച്ചിൽനിന്ന് പന്തു സ്വീകരിച്ച് ബ്രസീൽ ബോക്സ് ലക്ഷ്യമാക്കി പസാലിച്ച് കൊടുത്ത തകർപ്പൻ ക്രോസിന് ഇവാൻ പെരിസിച്ചിന് കാലുവയ്ക്കാനാകാതെ പോയത് നേരിയ വ്യത്യാസത്തിൽ. പിന്നാലെ അലിസന്റെ പിഴവിൽനിന്ന് ലഭിച്ച പന്തുമായി ലൂക്കാ മോഡ്രിച്ച് നടത്തിയ മുന്നേറ്റവും ഗോളിലെത്താതെ പോയത് ബ്രസീലിന്റെ ഭാഗ്യം.

മത്സരം 20 മിനിറ്റു പിന്നിട്ടതിനു പിന്നാലെ തുടർച്ചയായി ക്രൊയേഷ്യൻ ഗോൾമുഖത്ത് ബ്രസീൽ സാന്നിധ്യമറിയിച്ചു. നെയ്മാറും വിനീസ്യൂസ് ജൂനിയറും റിച്ചാർലിസനും ചേർന്ന് ഇടതുവിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങളാണ് ബ്രസീലിന്റെ ആക്രമണങ്ങൾക്ക് ജീവൻ നൽകിയത്. 26–ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ജുരാനോവിച്ചിന്റെ അപകടകരമായ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ അപകടകരമായി ഫൗൾ ചെയ്ത ഡാനിലോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി.

∙ മാറ്റങ്ങളില്ലാതെ ബ്രസീൽ

ദക്ഷിണ കൊറിയയെ തോൽപ്പിച്ച അതേ ടീമിനെ നിലനിർത്തിയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ ഇന്നു ടീമിനെ ഇറക്കിയത്. മറുവശത്ത്, ജപ്പാനെ വീഴ്ത്തിയ ക്രൊയേഷ്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. അസുഖം ഭേദമായി തിരിച്ചെത്തിയ സോസ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ബാരിസിച്ചിനു പകരമാണിത്. പെട്കോവിച്ചിനു പകരം പസാലിച്ചും ആദ്യ ഇലവനിൽ ഇടംപിടിച്ചു.

ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ക്വാർട്ടറിലെത്തിയത്. മറുവശത്ത് ക്രൊയേഷ്യയാകട്ടെ, പൊരുതിക്കളിച്ച ജപ്പാനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ക്വാർട്ടറിൽ കടന്നത്. ഗോൾകീപ്പർ ലിവാക്കോവിച്ചിന്റെ തകർപ്പൻ സേവുകളാണ് പ്രീക്വാർട്ടറിൽ ക്രൊയേഷ്യയെ രക്ഷിച്ചത്.

English Summary: Croatia vs Brazil, FIFA World Cup 2022 Quarterfinal, Live Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com