ADVERTISEMENT

മെസ്സിക്കൊപ്പം കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം എന്നാണ് ജൂലിയൻ അൽവാരസ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ 2 ഗോളുകളോടെ തന്റെ ആരാധനാപാത്രത്തെ ഇരുപത്തിരണ്ടുകാരൻ അൽവാരസ് സ്വപ്നസാഫല്യത്തിന് അടുത്തെത്തിച്ചിരിക്കുന്നു- അതിലൊന്ന് മെസ്സി ടച്ചുള്ള സുന്ദരമായ ഗോൾ തന്നെ. ഇരട്ടഗോളുകളോടെ അൽവാരസും ഒരു ഗോളും 2 അസിസ്റ്റുമായി മെസ്സിയും മിന്നിത്തിളങ്ങിയ ദിനം ക്രൊയേഷ്യയെ 3-0നു തോൽപിച്ച് അർജന്റീന ലോകകപ്പ് ഫൈനലിൽ കടന്നു. 

അവസാന ലോകകപ്പിൽ കിരീടവുമായി മടങ്ങാൻ മെസ്സിക്കു മുന്നിലുള്ളത് ഇനി ഒരേയൊരു മത്സരം. 18ന് ഇതേ സ്റ്റേഡിയത്തിൽത്തന്നെ. 39, 69 മിനിറ്റുകളിലായിരുന്നു അൽവാരസിന്റെ ഗോളുകൾ. 34-ാം മിനിറ്റിൽ അൽവാരസ് നേടിയെടുത്ത പെനൽറ്റി മെസ്സി ലക്ഷ്യത്തിലെത്തിച്ചു. 5 ഗോളുകളോടെ ടോപ് സ്കോറർ പോരാട്ടത്തിൽ ഫ്രാൻസിന്റെ കിലിയൻ എംബപെയ്ക്കൊപ്പം ഒന്നാമതെത്തുകയും ചെയ്തു. 

ഗോൾ നേടിയ ലയണൽ മെസ്സിയുടെ ആഹ്ലാദം. Photo: Twitter@ArgentinaFootballTeam
ഗോൾ നേടിയ ലയണൽ മെസ്സിയുടെ ആഹ്ലാദം. Photo: Twitter@ArgentinaFootballTeam

ക്രൊയേഷ്യൻ മധ്യനിരയെ അർജന്റീനയെ എന്തു ചെയ്യും എന്നതായിരുന്നു കളിക്കു മുൻപുള്ള ചോദ്യം. കളിയുടെ തുടക്കത്തിൽ മൈതാനമധ്യത്തിൽ ലൂക്ക മോഡ്രിച്ചും കൂട്ടുകാരും ആത്മവിശ്വാസത്തോടെ പന്തു തട്ടിക്കളിച്ചപ്പോൾ അർജന്റീന കാഴ്ചക്കാരായിരുന്നു. ക്രൊയേഷ്യൻ മുന്നേറ്റം തങ്ങളുടെ പെനൽറ്റി ബോക്സിനരികിലെത്തിയപ്പോൾ മാത്രമാണ് അവർ ജാഗരൂകരായത്. മറുഭാഗത്ത് അർജന്റീന മുന്നേറ്റനിരയിൽ മെസ്സി ഓടിക്കളിക്കാതെ ഊർജം കാത്തപ്പോൾ ജൂലിയൻ അൽവാരസ് കൂടു തുറന്നു വിട്ടതു പോലെ പരക്കം പായുകയായിരുന്നു. അൽവാരസിന്റെ ഓട്ടം നിസ്സാരമായി കണ്ടതിന് ക്രൊയേഷ്യൻ പ്രതിരോധത്തിനു കിട്ടിയ ശിക്ഷയായിരുന്നു ആദ്യ രണ്ടു ഗോളുകളും. 32-ാം മിനിറ്റിൽ പന്തു കിട്ടിയ അൽവാരസ് പെനൽറ്റി ബോക്സിലേക്ക് ഓടിക്കയറി. ദെയാൻ ലോവ്‌റനു തടയാനാവില്ല എന്നു വന്നതോടെ മുന്നോട്ടു കയറി വന്ന ഗോൾകീപ്പർ ഡൊമിനിക് ലിവകോവിച്ച് അൽവാരസിനെ വീഴ്ത്തി- അർജന്റീനയ്ക്കു പെനൽറ്റി. പെനൽറ്റി കിക്കുകൾ തനിക്ക് തടയാനാകും എന്ന ആത്മവിശ്വാസം ലിവകോവിച്ചിനുണ്ടായിരുന്നെങ്കിൽ അതു തകർത്തു കളയുന്ന കിക്കായിരുന്നു മെസ്സിയുടേത്. ഡൈവ് ചെയ്ത് ലിവകോവിച്ചിന് ഒരവസരവും നൽകാതെ പന്ത് ഇടതുമൂലയിൽ ചെന്നു തറച്ചു. 

ഗോൾ വഴങ്ങിയതോടെ മധ്യനിരയിലെ നിയന്ത്രണം മാത്രം മതിയാവില്ല എന്നു വന്നതോടെ ക്രൊയേഷ്യ ആക്രമിച്ചു കളിച്ചു. 38-ാം മിനിറ്റിൽ അവർക്കു കോർണർ. എന്നാൽ അതു നേരെ വിപരീത ഫലമാണ് ചെയ്തത്. ഷോർട്ട് കോർണർ എടുത്ത ക്രൊയേഷ്യയ്ക്കു പിഴച്ചു. ക്രിസ്റ്റ്യൻ റൊമേറോ പന്തു കുത്തിയിട്ടു നൽകിയത് മെസ്സിക്ക്. പന്തുമായി മുന്നേറിയ മെസ്സി ഫൗൾ ചെയ്യപ്പെട്ടു വീണെങ്കിലും അപ്പോഴേക്കും പന്ത് അൽവാരസിനു നൽകി. സ്വന്തം പകുതിയിൽ നിന്ന് അൽവാരസിന്റെ റൺ. ബോക്സിലെത്തിയ അൽവാരസ് പന്ത് മൊളീനയ്ക്കോ ഡി പോളിനോ മറിക്കുമെന്നു കരുതി ക്രൊയേഷ്യൻ ഡിഫൻഡർമാർ ആശയക്കുഴപ്പത്തിലായി. അവരുടെ കാലിൽത്തട്ടി പന്തു തിരിച്ചു കിട്ടിയത് അൽവാരസിനു തന്നെ. ഒന്നുയർന്ന പന്തിനെ ലിവകോവിച്ചിന്റെ കൈകൾക്കു മുകളിലൂടെ തട്ടിയിട്ട് അൽവാരസ് കൈവിരിച്ചപ്പോഴേക്കും ആശ്ലേഷിക്കാൻ മെസ്സി ഓടിയെത്തിയിരുന്നു. 

അപ്രതീക്ഷിതമായി വഴങ്ങിയ 2 ഗോളിനു പിന്നിലായി ഇടവേളയ്ക്കു പിരിഞ്ഞപ്പോഴേ ക്രൊയേഷ്യയുടെ ആത്മവിശ്വാസം നഷ്ടമായി. അർജന്റീനയാകട്ടെ കളി ഏറെക്കുറെ സുരക്ഷിതമായി എന്ന ഉറപ്പിൽ ഉത്സാഹഭരിതരായി കളിക്കുകയും ചെയ്തു. കളിയിൽ പിന്നെ കാണാൻ ബാക്കിയുണ്ടായിരുന്നത് മത്സരത്തിലെ മെസ്സി മാജിക്. 58-ാം മിനിറ്റിൽ ഗവാർഡിയോളിനെ മറികടന്ന് മെസ്സി പായിച്ച സൈഡ് ഷോട്ട് ലിവകോവിച്ച് സേവ് ചെയ്തെങ്കിലും അതൊരു സൂചനയായിരുന്നു. 69-ാം മിനിറ്റിൽ യഥാർഥ നിമിഷം വന്നു. വലതു വിങ്ങിൽ മെസ്സിക്കു പന്തു കിട്ടിയപ്പോൾ ഗവാർഡിയോൾ ഒപ്പമുണ്ടായിരുന്നു. എന്നാൽ ഗവാർഡിയോളിനെ കൂടെയോടിച്ച് മെസ്സി പന്തുമായി ബൈലൈനിന് അരികിലെത്തി. ക്രൊയേഷ്യൻ ഡിഫൻഡറുടെ കാലുകൾക്കിടയിലൂടെ അൽവാരസിനു പന്തു മറിച്ചു. നേരെ ഗോളിലേക്കു തിരിച്ചു വിടേണ്ട ജോലിയേ അൽവാരസിനുണ്ടായിരുന്നുള്ളൂ. ലുസെയ്‌ലിലെ ഗാലറിയിൽ നീലാകാശമിളകി. 81-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിനെ ക്രൊയേഷ്യ പിൻവലിക്കുകയും ചെയ്തു- തോൽവി പൂർണമായി സമ്മതിച്ചതു പോലെ!

Star of the Match

ജൂലിയൻ അൽവാരസ്, സ്ട്രൈക്കർ

ക്ലബ്: മാഞ്ചസ്റ്റർ സിറ്റി (ഇംഗ്ലണ്ട്)

പ്രായം: 22

അർജന്റീനയ്ക്കായി 2 ഗോൾ നേടുകയും ടീമിന്റെ ആദ്യ ഗോളിനു വഴിയൊരുക്കിയ പെനൽറ്റിക്ക് കാരണമാകുകയും ചെയ്ത ജൂലിയൻ അൽവാരസാണ് ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിലെ മിന്നും താരം. ഡിഫൻഡർമാരും മിഡ്ഫീൽഡർമാരും നൽകുന്ന ത്രൂബോളുകളുമായി മുന്നേറുകയായിരുന്നു അൽവാരസിന്റെ പ്രധാന ദൗത്യം. 33–ാം മിനിറ്റിൽ അൽവാരസിന്റെ ബോക്സിലേക്കുള്ള ഓട്ടം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൊയേഷ്യ പെനൽറ്റി വഴങ്ങിയത്. 40–ാം മിനിറ്റിൽ മൈതാനമധ്യത്തിൽ നിന്നുള്ള ഓട്ടം അർജന്റീനയ്ക്ക് രണ്ടാം ഗോളും നൽകി. ഖത്തർ ലോകകപ്പിൽ ഇതുവരെ അൽവാരസ് 4 ഗോൾ നേടി.

ജൂലിയൻ അൽവാരസ് ഗോൾ നേടുന്നു. Photo: Twitter@ArgentinaFootballTeam
ജൂലിയൻ അൽവാരസ് ഗോൾ നേടുന്നു. Photo: Twitter@ArgentinaFootballTeam

ഈ മത്സരത്തോടെ ലയണൽ മെസ്സി സ്വന്തമാക്കിയ റെക്കോർഡുകൾ!

∙അർജന്റീനയ്ക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ഇനി ലയണൽ മെസ്സി. ക്രൊയേഷ്യയ്ക്കെതിരെ നേടിയത് ലോകകപ്പിൽ മെസ്സിയുടെ 11–ാം ഗോൾ. 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡാണു മറികടന്നത്.

∙ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരം എന്ന ജർമനിയുടെ മുൻ താരം ലോതർ മത്തേയൂസിന്റെ റെക്കോർഡിനൊപ്പം ലയണൽ മെസ്സി. ഇരുവരും 25 ലോകകപ്പ് മത്സരങ്ങൾ വീതം കളിച്ചു.

അർജന്റീന താരങ്ങളായ മെസ്സിയുടേയും അൽവാരസിന്റെയും ഗോൾ ആഘോഷം. Photo: FB@FIFAWorldCup
അർജന്റീന താരങ്ങളായ മെസ്സിയുടേയും അൽവാരസിന്റെയും ഗോൾ ആഘോഷം. Photo: FB@FIFAWorldCup

∙ഒരു ലോകകപ്പിൽ 5 ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുപ്പത്തിയഞ്ചുകാരൻ മെസ്സി.

∙ഒരു കളിയിൽ തന്നെ ഗോളും അസിസ്റ്റും എന്ന കണക്കിൽ ലോകകപ്പിലെ 4 മത്സരങ്ങളി‍ൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ലയണൽ മെസ്സി. 2006ൽ സെർബിയയ്ക്കെതിരെയും ഈ ലോകകപ്പിൽ മെക്സിക്കോ, നെതർലൻഡ്സ്, ക്രൊയേഷ്യ എന്നീ ടീമുകൾക്കെതിരെയും മെസ്സി ഗോളും അസിസ്റ്റും നേടി.

∙ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ നേടിയ താരം എന്ന ബ്രസീലിയൻ മുൻ താരം റൊണാൾഡോയുടെ റെക്കോർഡിനൊപ്പം ലയണൽ മെസ്സി. 13 മത്സരങ്ങളിൽ ഗോളോ അസിസ്റ്റോ ഇരുവരും നേടിയിട്ടുണ്ട്.

English Summary: FIFA World Cup 2022, Croatia vs Argentina Match Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT