ADVERTISEMENT

ദോഹ∙ അർജന്റീന ലോകകിരീടം ഉയർത്തുന്നതു കാണാൻ മേഘജാലങ്ങൾക്കപ്പുറം അരൂപിയായി ഡിയേഗോ മറഡോണ അനുഗ്രഹാശിസ്സുകളുമായി കരം നീട്ടി നിൽക്കുന്നുണ്ടെന്നു വിശ്വസിക്കുന്നവരാണ് ‘ആൽബിസെലസ്റ്റെ’ ആരാധകർ. അവർ കഴിഞ്ഞ ദിവസം ലുസെയ്‌ൽ സ്റ്റേഡിയത്തിൽ മറഡോണയെ കണ്ടു!ക്രൊയേഷ്യയ്ക്കെതിരായ സെമിയുടെ 39–ാം മിനിറ്റിൽ ഇരുപത്തിരണ്ടുകാരൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസിന്റെ ബൂട്ടിൽനിന്നു പിറന്ന ‘സോളോ ഗോൾ’ ആരാധകരെ കൊണ്ടുപോയത് 36 വർഷം പിന്നോട്ട്. 1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ‘നൂറ്റാണ്ടിന്റെ ഗോളി’നോട് ഏറെ സാമ്യമുള്ള ഒന്നാണ് അൽവാരസ് നേടിയത്.

1986 ലോകകപ്പിൽ മറഡോണ നേടിയ ‘നൂറ്റാണ്ടിന്റെ ഗോൾ’ (ഫയൽ ചിത്രം)
1986 ലോകകപ്പിൽ മറഡോണ നേടിയ ‘നൂറ്റാണ്ടിന്റെ ഗോൾ’ (ഫയൽ ചിത്രം)

സ്വന്തം പാതിയിൽ ക്രൊയേഷ്യയുടെ സെറ്റ്പീസ് പ്രതിരോധിക്കുകയായിരുന്നു അൽവാരസ്. പൊടുന്നനെയാണ് അർജന്റീനയുടെ കൗണ്ടർ അറ്റാക്ക് ആരംഭിച്ചത്. പാതിവരയുടെ തൊട്ടടുത്ത് നിന്നു കിട്ടിയ പന്തുമായി ഒറ്റയ്ക്കു കുതിച്ച അൽവാരസിനെ ക്രൊയേഷ്യൻ ഡിഫൻഡർ ജോസിഫ് ജുറനോവിച്ച് ടാക്കിൾ ചെയ്തു. പക്ഷേ, തട്ടിത്തെറിച്ച പന്തു വീണ്ടും അൽവാരസിന് അടുത്തേക്ക്. ക്രൊയേഷ്യയുടെ ലെഫ്റ്റ് ബാക്ക് ബോർണ സോസയുടെ അർധമനസ്സോടെയുള്ള ക്ലിയറൻസ് പിഴച്ചപ്പോൾ പന്ത് വീണ്ടും അൽവാരസിനു മുന്നിൽ. ക്രൊയേഷ്യൻ ഗോൾകീപ്പർ ലിവകോവിച്ചിനെ കബളിപ്പിച്ച് അൽവാരസ് പന്ത് വലയിലേക്കു തിരിച്ചുവിട്ടതു കണ്ടിരുന്നെങ്കിൽ മറഡോണ പോലും അഭിമാനം കൊണ്ടേനെ!

1986 ലോകകപ്പിൽ മറഡോണ നേടിയ ഗോളിന്റെ വഴി ഇങ്ങനെ: സ്വന്തം പകുതിയിൽനിന്ന് ആരംഭിച്ച ഒറ്റയാൻ മുന്നേറ്റമായിരുന്നു അത്. സെൻട്രൽ സർക്കിളിൽനിന്ന് 4 ഡിഫൻഡർമാരെ വെട്ടിച്ചു മുന്നിലെത്തുമ്പോൾ പ്രതിബന്ധം ഇംഗ്ലിഷ് ഗോളി പീറ്റർ ഷിൽട്ടൻ മാത്രം. അദ്ദേഹത്തെയും ഡ്രിബ്ളിൽ മറികടന്നു നേടിയത് ‘നൂറ്റാണ്ടിന്റെ ഗോൾ’ ആയതു വിധിയുടെ നിയോഗമാകാം. കാരണം, അതിനു തൊട്ടുമുൻപായിരുന്നല്ലോ പിൽക്കാലത്തു ‘ദൈവത്തിന്റെ കൈ’ ഗോൾ എന്നറിയപ്പെട്ട ഹാൻഡ്ബോൾ ഗോൾ മറഡോണ നേടിയത്.

English Summary: Julian Alvarez score ‘Maradona’ goal against Croatia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com