ADVERTISEMENT

ദൈവമേ! എന്തൊരു കളിയായിരുന്നു ഇത്.  ലിയോ മെസ്സിയുടെ അർജന്റീന ലോകത്തിന്റെ കിരീടത്തിലേക്ക് ഇരമ്പിക്കയറുമ്പോൾ ലുസെയ്ൽ സ്റ്റേഡിയത്തിലിരുന്നു ഞാൻ ഓർത്തത്  ഡിയേഗോ മറഡോണയെയാണ്. ആ മനുഷ്യൻ ഇന്നീ ഭൂമുഖത്തു ഉണ്ടായിരുന്നേൽ....  

മറഡോണ സ്ഥാപിച്ച അർജന്റീന മതത്തിന്റെ പിന്തുടർച്ചയിലാണ് ഞാനുൾപ്പെടെയുള്ള ആരാധകർ ഈ നീലവെള്ളയിൽ ഹൃദയം ചേർത്തത്. 36 വർഷം മുൻപ് തൃശൂരിലെ ഒരു ഹോട്ടലിലെ ടിവി സ്ക്രീനിനു മുൻപിലിരുന്നാണ്  മറഡോണയുടെ കിരീടധാരണം ഞാൻ കണ്ടത്. ഇപ്പോൾ ഖത്തറിൽ സന്തോഷം നിറഞ്ഞൊഴുകിയ സ്വന്തം കണ്ണുകൾ കൊണ്ടു മെസ്സിയുടെ കിരീടധാരണത്തിന് സാക്ഷിയാകുമ്പോഴും അതേ മനസാണ്, വികാരമാണ്, ആവേശമാണ്.

ലോകകപ്പിലെ ഏറ്റവും തീപാറിയ പോരാട്ടത്തിനൊടുവിലാണ് അർജന്റീനയുടെ വിശ്വമേധം. ഭാഗ്യവും നിർഭാഗ്യവും മാറി മാറി പരീക്ഷിച്ച നിമിഷങ്ങൾ താണ്ടിക്കടന്നാണ് ഈ വിജയം. എതിരാളികളിൽ ഒരാൾ ഹാട്രിക്ക് കുറിച്ച മത്സരത്തിലാണീ വിജയം എന്നതും ഓർക്കണം. അർജന്റീനയുടെ വരുതിയിൽ നിന്ന മത്സരം, എതിരാളികൾ ഒരു ഗോൾ ഷോട്ട് പോലും കുറിക്കാത്ത മത്സരം.... ഒരു സാധാരണ മത്സരം എന്ന നിലയിൽ ഒതുങ്ങിപ്പോകുമായിരുന്ന ഫൈനലിനെ എത്ര പെട്ടെന്നാണ്  എംബപെ എന്ന ഗോൾവേട്ടക്കാരൻ മാറ്റിമറിച്ചത്? അതുവരെ പൂർണമായും മെസ്സി കളം നിയന്ത്രിച്ച, വിധി നിർണയിച്ച കളിയാണ്  എംബപെ 97 നിമിഷങ്ങളിൽ തട്ടിത്തെറിപ്പിച്ചത്.

കിലിയൻ  എംബപ്പേ നീ ധീരനാണ്. തികഞ്ഞ പോരാളിയാണ്. പക്ഷേ, ഈ ലോകകപ്പും ഈ രാവും മെസ്സിയുടേതാണ്. എന്നാൽ, ഇതൊരു തലമുറമാറ്റം കൂടിയാണ്. മെസ്സി എന്ന രാജാവ് ലോകവേദിയിൽ നിന്നു പടിയിറങ്ങുമ്പോൾ ആ സ്ഥാനത്തേക്കു നടന്നു കയറുകയാണ് എംബപ്പേ എന്ന രാജകുമാരൻ.

അർജന്റീനയ്ക്ക് ഇനി തല ഉയർത്തി മടങ്ങാം. കെംപസിനും ഡിയേഗോയ്ക്കും പിന്നാലെ ലിയോയും അവരുടെ സ്വപ്നം പൂവണിയിച്ചിരിക്കുന്നു. ആ സ്വപ്നത്തിന്റെ നിർവൃതിയിൽ പങ്കു ചേരാൻ  ലോകം മുഴുവൻ അവർക്കൊപ്പം ഉണ്ടെന്നതാണ് ഇത്തവണത്തെ ജയത്തിന്റെ പ്രത്യേകത. അതിനു  മറഡോണയോടാണ്  അർജന്റീന കടപ്പെട്ടിരിക്കുന്നത്. ഫുട്ബോൾ ലോകത്തിനു ഇനി നെഞ്ചു വിടർത്തി മെസ്സിയെ 'ഗോട്ട്' എന്നു വിളിക്കാം. ലോകകപ്പ് ചരിത്രത്തിലെ സമാനതകളില്ലാത്തൊരു പടയോട്ടമാണ് ഖത്തറിലെ കളങ്ങളിൽ 35-കാരൻ മെസ്സി നടത്തിയിരിക്കുന്നത്.

ഗോൾ അടിച്ചും അടിപ്പിച്ചും സഹതാരങ്ങൾക്കു ഊർജം ചൊരിഞ്ഞും എതിരാളികളുടെ നെഞ്ചകം പിളർന്നും മെസ്സി പൂണ്ടുവിളയാടിയ ലോകകപ്പ് ആണിത്. അഭിനന്ദനങ്ങൾ അർജന്റീന, അഭിനന്ദനങ്ങൾ മെസ്സി. അഭിനന്ദനങ്ങൾ ഖത്തർ. തിരക്കേറിയ ക്ലബ് ഫുട്ബോൾ സീസണിന്റെ മധ്യത്തിലെത്തുന്ന ലോകകപ്പ് പ്രതീക്ഷകൾക്കൊത്ത് ഉയരുമോ എന്നതായിരുന്നു കിക്കോഫിനു മുന്നേയുള്ള ആശങ്കകൾ. പക്ഷേ, ഖത്തർ ഒട്ടും നിരാശപ്പെടുത്തിയില്ല. അട്ടിമറികളും അടിയൊഴുക്കുകളും പുപ്പുലികളും കറുത്ത കുതിരകളുമെല്ലാമായി അടിമുടി സസ്പെൻസ് ത്രില്ലറായാണു ഖത്തറിന്റെ കളങ്ങളൊഴിയുന്നത്. ഏതു വമ്പൻമാരും വീഴുമെന്നും ആർക്കും ആരെയും വീഴ്ത്താനാകുമെന്നും തെളിയിച്ചൊരു ലോകകപ്പാണിത്. ബൽജിയവും ജർമനിയും പൊട്ടാതെ പോയ പടക്കങ്ങളായി മാറിയ ലോകകപ്പിൽ മൊറോക്കോയും ക്രൊയേഷ്യയും നിശബ്ദ കൊലയാളികളായി ഞെട്ടിച്ചുകളഞ്ഞു.

ഖത്തറിന്റെ മൂന്നും നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ഈ ടീമുകളുടെ പടയോട്ടം ഇരുപത്തിരണ്ടാം ലോകകപ്പിനെ പ്രവചനങ്ങളുടെ രസംകൊല്ലലിൽ നിന്നുകൂടിയാണു മോചിപ്പിച്ചത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലൂക്ക മോഡ്രിച്ച്, ലൂയി സ്വാരസ്, തോമസ് മുള്ളർ, റോബർട് ലെവൻഡോവ്‌സ്കി, ഒരുപക്ഷേ, നെയ്മാറും ...ഖത്തറിന്റെ ലോകവേദിയിൽ നിന്നു ജഴ്സിയും ബൂട്ടും അഴിക്കുന്ന ലോകോത്തര താരങ്ങളുടെ നിരയ്ക്ക് ഇത്തിരി നീളമേറെയാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കു ഖത്തർ ഒരു നൊമ്പരമായും കുറച്ചുകാലമെങ്കിലും മനസ്സിൽ നിറയും. എന്തൊരു ശൂന്യതയാണ് ഇവരില്ലാത്ത കളിക്കളങ്ങൾ ഫുട്ബോൾ ലോകത്തു സൃഷ്ടിക്കുക?

ഇതുപോലൊരു കൂട്ടക്കളമൊഴിയലിനു സാക്ഷിയായ ലോകകപ്പ് എന്റെ ഓർമയിലില്ല. പെദ്രിയും മുസിയാലയും റാമോസും ഗ്വാർഡിയോളും പോലുള്ള പുത്തൻ നക്ഷത്രങ്ങളുടെ പിറവി കൂടി അടയാളപ്പെടുത്തുന്നുണ്ട് അൽ ബെയ്ത്ത് മുതൽ ലുസെയ്ൽ വരെയുള്ള വേദികൾ. വിട പറയുന്ന താരങ്ങളുടെ നഷ്ടത്തിന്റെ മറുവശമാണീ നക്ഷത്രത്തിളക്കങ്ങൾ. ഇനി മറ്റൊരു ഭൂഖണ്ഡത്തിന്റെ മൈതാനത്ത് പുതിയ കിരീടം തേടിയുള്ള യാത്ര തുടങ്ങുമ്പോൾ പുതിയ റൊണാൾഡോമാരും മോഡ്രിച്ചുമാരും ലെവൻഡോവ്‌സ്കിമാരുമായി ഇവർ കളംനിറയുന്നതിനു കാത്തിരിക്കാം.

English Summary: Diego's coronation in memory, writes IM Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com