ADVERTISEMENT

1950 ജൂലൈ 16. സാവോപോളോയിലെ ബൗറു പട്ടണത്തിലെ ഒരു കൊച്ചുവീട്. കുറെ ആളുകൾ ഒരു റേഡിയോയ്ക്കു ചുറ്റും കാതോർത്തിരിക്കുകയാണ്. അവിടെ നിന്ന് 750 കിലോമീറ്റർ അകലെ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ ദൃക്സാക്ഷി വിവരണമാണ് റേഡിയോയിൽ. പോരാട്ടം ആതിഥേയരായ ബ്രസീലും യുറഗ്വായും തമ്മിൽ. ബ്രസീൽ കന്നി ലോകകിരീടം നേടുമെന്ന ആകാംക്ഷ കലർന്ന പ്രതീക്ഷയാണ് ഓരോ മുഖങ്ങളിലും.

47–ാം മിനിറ്റിൽ ബ്രസീൽ സ്ട്രൈക്കർ ഫ്രിയാക്ക ഗോൾ കുറിച്ചതോടെ കേൾവിക്കാരുടെ ആവേശം കൂടി. 66–ാം മിനിറ്റിൽ യുറഗ്വായുടെ അറ്റാക്കിങ് മിഡ്ഫീൽഡർ ആൽബർട്ടോ ഷിയാഫിനോ ഗോൾ മടക്കിയെങ്കിലും ആരും മോഹം കൈവിട്ടില്ല. എന്നാൽ കളി തീരാൻ 11 മിനിറ്റു മാത്രം ശേഷിക്കെ യുറഗ്വായുടെ ലീഡ് വിങ്ങർ ആൽസിഡെസ് ഗിഗിയ ഗോളടിച്ചതോടെ മാറക്കാനയിലെ രണ്ടു ലക്ഷത്തോളം കാണികളും ബൗറുവിലെ കേൾവിക്കാരും ഒരുപോലെ നിശ്ശബ്ദരായി. മിനിറ്റുകൾക്കകം ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, പൊലിഞ്ഞുപോയ സ്വപ്നത്തെ ഓർത്ത് അവർ കണ്ണീരൊഴുക്കി നിന്നു.

‍ഡോൻ‌ഡിഞ്ഞോ എന്നു വിളിപ്പേരുള്ള ജോവോ റാമോസ് ഡോസ് നാസിമെന്റോയും മകൻ എ‍ഡ്സണുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. സങ്കടപ്പെട്ടു നിന്ന അച്ഛനോട് കാര്യമെന്താണെന്നു മകൻ ചോദിച്ചു. ബ്രസീലിനു ലോകകിരീടം നഷ്ടമായെന്നു ഡോൻഡിഞ്ഞോ പറഞ്ഞപ്പോൾ, എഡ്സൺ അരാന്റെസ് ഡോസ് നാസിമെന്റോ എന്ന ഒൻപതു വയസ്സുകാരൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു: ‘‘കരയരുത്! അച്ഛനു വേണ്ടി ഒരു ദിവസം ഞാൻ ലോകകപ്പ് ജയിച്ചു വരും!’’. പെലെ എന്ന പേരിൽ പിന്നീട് ലോകമറിഞ്ഞ ആ ബാലൻ വാക്കുപാലിച്ചു, ഒന്നല്ല, മൂന്നു തവണ! 

ശിരസ്സാ വഹിച്ച്...

ഗോൾവലയത്തിനു മുന്നിൽ പന്ത് ഉയർന്നു പൊങ്ങുമ്പോൾ ആറടി രണ്ടിഞ്ചുകാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സ്തുതി മുഴങ്ങുന്ന കാലമാണിത്. എന്നാൽ, അഞ്ചടി എട്ടിഞ്ചു മാത്രം ഉയരമുള്ള പെലെ 1970 ലോകകപ്പ് ഫൈനലിൽ കാണിച്ച അദ്ഭുത പ്രവൃത്തി ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളുടെ കൂട്ടത്തിലാണ്. ബോക്സിന്റെ ഇടതു വശത്തുനിന്ന് റിവെലിനോ ഗോൾമുഖത്തേക്കു തൂക്കിയിട്ട ക്രോസിലേക്ക് പെലെ ഉയർന്നു ചാടിയ നിമിഷത്തിൽ ചരിത്രം പിറവിയെടുത്തു. 4–1ന് ഇറ്റലിയെ തുരത്തി ബ്രസീൽ മൂന്നാം കിരീടം സ്വന്തമാക്കി, ഒപ്പം പെലെയും.

ബെസ്റ്റ് ഗോൾ 

പെലെ തന്റെ മികച്ച ഗോളായി പരിഗണിക്കുന്നത് 1959ൽ ഇറ്റാലിയൻ ക്ലബ് യുവെന്റസിനെതിരെ ബ്രസീൽ ക്ലബ് സാന്റോസിനു വേണ്ടി നേടിയതാണ്. എന്നാൽ ആ ഗോളിന്റെ വിഡിയോ ദൃശ്യം ഇപ്പോൾ ലഭ്യമല്ലെന്നത് ലോകത്തിന്റെ നഷ്ടം. പിന്നീട്, കംപ്യൂട്ടർ സഹായത്തോടെ പുനഃസൃഷ്ടിച്ച വിഡിയോ ഇതിഹാസതാരത്തിന്റെ മികവ് മുഴുവൻ അടയാളപ്പെടുത്തിയിട്ടുണ്ട്. 

  പന്തു സ്വീകരിച്ചതിനു പിന്നാലെ മൂന്നു ഡിഫൻഡർമാരുടെ തലയ്ക്കു മുകളിലൂടെ പെലെ പന്ത് ഉയർത്തി. ഇതിനിടെ ഒരിക്കൽപോലും പന്ത് നിലം തൊട്ടിരുന്നില്ല! പിടിക്കാൻ ഓടിയെത്തിയ കാവൽക്കാരനെ വിസ്മയിപ്പിച്ച് പതിനെട്ടുകാരൻ പെലെയുടെ കരുത്തുറ്റ ഹെഡർ ഗോൾവല കുലുക്കി. 

അസ്സൽ ഓൾറൗണ്ടർ

ആൽഫ്രഡോ ഡി സ്റ്റെഫാനോ, ഡിയേഗോ മറഡോണ, യൊഹാൻ ക്രൈഫ്, ലയണൽ മെസ്സി എന്നിവരുടെയെല്ലാം പ്രതിഭ ഒരു കളിക്കാരനിൽ സമ്മേളിച്ചിട്ടുണ്ടെങ്കിൽ അതു പെലെയിൽ മാത്രമാണെന്നു പ്രഖ്യാപിച്ചത് അർജന്റീനയുടെ മുൻതാരവും പരിശീലകനുമായ സെസാർ മെനോട്ടിയാണ്. പെലെയുടെ സ്റ്റിക്കർ ആൽബങ്ങൾ‌ വഴിയാണ് താൻ കളി പഠിച്ചതെന്നു സാക്ഷ്യപ്പടുത്തിയിരുന്നു വെളുത്ത പെലെ എന്ന് വിളിപ്പേരുള്ള ബ്രസീൽ മിഡ്ഫീൽഡർ സീക്കോ. 

പെലെ നിർത്തിയ യുദ്ധം! 

1967ൽ പെലെയും സംഘവും നൈജീരിയ സന്ദർശിച്ചപ്പോൾ അവിടെ ആഭ്യന്തര യുദ്ധം മൂർധന്യത്തിലായിരുന്നു. പക്ഷേ, പരസ്പരം പൊരുതുന്ന രണ്ടു കൂട്ടർക്കും പെലെയുടെ കളി കാണണം. അതിനുള്ള ഏകവഴി യുദ്ധം നിർത്തിവയ്ക്കുക എന്നതായിരുന്നു. 48 മണിക്കൂർ നീണ്ട വെടിനിർത്തലിന് ഇരുകൂട്ടരും സമ്മതിച്ചു!

103

1959ൽ മാത്രം 103 മത്സരങ്ങളിലാണ് പെലെ കളിച്ചത്. അതായത് ഓരോ മൂന്നു ദിവസവും ഒരു കളി വീതം. പെലെയുടെ ഗോൾ ശരാശരിയും അനുപമമാണ്. ബ്രസീലിനു വേണ്ടി ഔദ്യോഗിക മത്സരങ്ങളിൽ ശരാശരി .92 ആണെങ്കിൽ അനൗദ്യോഗിക കളികളിൽ .94. സാന്റോസ് ക്ലബ്ബിനു വേണ്ടി 656 കളികളിൽ 643 ഗോളുകളും നേടി (ശരാശരി .98).

English Summary: Instead of losing one World Cup, Pele won for Brazil 3 World Cups

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com