കോഴിക്കോട്∙ മലയാളി താരങ്ങളുടെ മികച്ച പ്രകടനത്തിൽ ഐ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഗോകുലം കേരള എഫ്സി 2–0ന് റിയൽ കശ്മീർ എഫ്സിയെ തോൽപിച്ചു. താഹിർ സമാൻ, ജോബി ജസ്റ്റിൻ എന്നിവരാണു ഗോൾ നേടിയത്. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി.
കേരളത്തിന്റെ രണ്ടു ഗോളുകളും ഹെഡറിൽനിന്നായിരുന്നു. 35–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് വി.എസ്.ശ്രീക്കുട്ടൻ നൽകിയ പാസ് ഹെഡറിലൂടെ താഹിർ സമാൻ വലയിലെത്തിച്ചു. 1–0ന് മുന്നിലെത്തിയ ആത്മവിശ്വാസവുമായാണ് ഇടവേളയ്ക്കു പിരിഞ്ഞത്. അതുവരെ പ്രതിരോധത്തിൽ ശ്രദ്ധിച്ച ഗോകുലം ഇടവേളയ്ക്കു ശേഷം പൂർണമായും ആക്രമണത്തിലേക്കു മാറി. ആക്രമണത്തിന്റെ ശക്തി കൂട്ടാൻ ഇന്ത്യൻ സൂപ്പർ ലീഗ് താരം കൂടിയായ ജോബി ജസ്റ്റിനെ ടീമിലെത്തിച്ച തീരുമാനം ശരിയാണെന്നു തെളിയിക്കുന്നതായിരുന്നു രണ്ടാമത്തെ ഗോൾ. താഹിർ സമാനു പകരമിറങ്ങിയ ജോബി ജസ്റ്റിൻ 86–ാം മിനിറ്റിൽ ഹെഡറിലൂടെ ഗോകുലത്തിന്റെ ലീഡ് വർധിപ്പിച്ചു (2–0).
English summary: I League Football update