ADVERTISEMENT

റിയാദ്∙ റിയാദ് ഇലവൻ ടീമിനെതിരായ മത്സരത്തിനിടെ ലഭിച്ച പെനൽറ്റിയെടുക്കാൻ ലയണൽ മെസ്സിയോട് അനുവാദം ചോദിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മാർ. ആദ്യ പകുതിയുടെ അവസാന മിനിറ്റിലായിരുന്നു പിഎസ്ജിക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്. പെനൽറ്റി ലഭിച്ചതിനു പിന്നാലെ മെസ്സിയോടു നെയ്മാർ സംസാരിക്കുന്നതിന്റെ വി‍ഡിയോ പുറത്തുവന്നു. മെസ്സിയുടെ അനുവാദത്തോടെ പെനൽറ്റി കിക്കെടുത്ത നെയ്മാറിനു പക്ഷേ പിഴച്ചു.

താരത്തിന്റെ കിക്ക് സൗദി ടീം ഗോൾ കീപ്പർ മുഹമ്മദ് അലൊവെയ്സ് സേവ് ചെയ്തു. മെസ്സിക്കും ക്രിസ്റ്റ്യാനോയ്ക്കും ഒപ്പം കിലിയൻ എംബപെയും ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി 5–4ന് റിയാദ് ഇലവനെ തോൽപിച്ചു.

സൗദി ക്ലബ്ബുകളായ അൽ നസർ, അൽ ഹിലാൽ എന്നിവയുടെ താരങ്ങളെ അണിനിരത്തിയാണ് റിയാദ് ഇലവൻ പിഎസ്ജിക്കെതിരായ സൗഹൃദ മത്സരത്തിനിറങ്ങിയത്. സൗദിയിലെ തന്റെ അരങ്ങേറ്റ മത്സരം അൽ നസർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേട്ടത്തോടെ ആഘോഷമാക്കി.

സൂപ്പർ താരങ്ങളെല്ലാം ആദ്യ ഇലവനിൽ ഇറങ്ങിയ മത്സരത്തിൽ 3–ാം മിനിറ്റിൽ മെസ്സി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. നെയ്മാറിന്റെ അസിസ്റ്റിൽ നിന്നാണ് മെസ്സി പിഎസ്ജിക്ക് ലീഡ് നൽകിയത്. 34–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റിയാദിന് സമനില നൽകി. 43–ാം മിനിറ്റിൽ മാർക്വിഞ്ഞോസിന്റെ ഗോളിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും ക്രിസ്റ്റ്യാനോ ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ (45+6) റിയാദ് ഇലവനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ പിഎസ്ജിക്കു വേണ്ടി സെർജിയോ റാമോസ് (53’), കിലിയൻ എംബപെ (60’), ഹ്യൂഗോ എകിടികെ (78’) എന്നിവരും റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂ സൂ (56), ആൻഡേഴ്സൻ ടലിസ്ക (90+4) എന്നിവരും സ്കോർ ചെയ്തു. 39–ാം മിനിറ്റിൽ യുവാൻ ബെർനറ്റ് ചുവപ്പുകാർഡ് കണ്ട് പുറത്തായതിനുശേഷം 10 പേരുമായാണ് പിഎസ്ജി കളിച്ചത്.

English Summary: Neymar has seen asking permission from Lionel Messi to take penalty for PSG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com