ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ അതിനിർണായകം. 6 കളികളാണു ബാക്കി. എതിരാളികളിൽ എടികെയും ഹൈദരാബാദ് എഫ്സിയും അടക്കം കടുപ്പക്കാർ. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനു തൊട്ടുപിന്നിൽ എടികെയും ഗോവയും ഒഡീഷയുമെല്ലാം നിൽക്കുന്നു. എഫ്സി ഗോവയോടു കഴിഞ്ഞ ദിവസം 3–1നു തോറ്റതോടെ ഇനിയുള്ള കളികളെല്ലാം ജയിക്കുന്നതാണ് പ്ലേ ഓഫ് ഉറപ്പിക്കാൻ എളുപ്പവഴി. നിലവിൽ മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി ടീമുകൾ പ്ലേ ഓഫ് ഉറപ്പാക്കിയിട്ടുണ്ട്.
എതിരാളികൾ കരുത്തർ
നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ, ഹൈദരാബാദ് ടീമുകളെയാണു ബ്ലാസ്റ്റേഴ്സിനു കൊച്ചിയിൽ നേരിടാനുള്ളത്. ഈസ്റ്റ് ബംഗാൾ, എടികെ, ബെംഗളൂരു ടീമുകൾക്കെതിരെ അവരുടെ നാട്ടിൽ കളിക്കണം. ഇതിൽ 2 മത്സരങ്ങളും കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ്. ഈസ്റ്റ് ബംഗാൾ, ബെംഗളൂരു ടീമുകളെ കൊച്ചിയിൽ തോൽപിച്ചതിന്റെ ആത്മവിശ്വാസം എവേ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനു കരുത്തു പകരും. എന്നാൽ, എടികെയോട് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.

കൊച്ചിയിൽ 29ന് നോർത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. തുടർച്ചയായ 2 എവേ പരാജയങ്ങൾക്കു ശേഷം ഹോം മാച്ച് ലഭിച്ചതിന്റെ ആശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ടാകും. താരതമ്യേന ദുർബലരായ നോർത്ത് ഈസ്റ്റിനെ തോൽപിച്ചു വിജയവഴിയിൽ തിരിച്ചെത്താമെന്നാണു പ്രതീക്ഷ. ഫെബ്രുവരി 26ന് കൊച്ചിയിൽ ഹൈദരാബാദിന് എതിരെയാണ് ലീഗിലെ കേരളത്തിന്റെ അവസാന മത്സരം.
English Summary: Play off entry, Important games coming for Kerala Blasters