കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടു തോൽവികൾക്കു ശേഷം കൊച്ചിയിൽ വിജയ വഴിയിലേക്കു തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിലെ രണ്ടു ഗോളുകളുടെ കരുത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ 9–ാം വിജയം സ്വന്തമാക്കിയത്. 42, 44 മിനിറ്റുകളിൽ ഗ്രീക്ക് ഫോർവേഡ് ദിമിത്രിയോസ് ഡയമെന്റകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനത്തേക്കു കുതിച്ചു.
ആദ്യ പകുതിയിൽ 40 മിനിറ്റോളം ബ്ലാസ്റ്റേഴ്സിനെക്കൊണ്ട് ഗോളടിപ്പിക്കാതെ നോർത്ത് ഈസ്റ്റ് പിടിച്ചുനിന്നെങ്കിലും അവസാന മിനിറ്റുകളിലെ തുടർ ആക്രമണങ്ങൾ ബ്ലാസ്റ്റേഴ്സിനെ തുണയ്ക്കുകയായിരുന്നു. ഇന്ത്യൻ മിഡ്ഫീൽഡർ ബ്രൈസ് മിറാൻഡ നൽകിയ ക്രോസിൽ, നോർത്ത് ഈസ്റ്റ് പ്രതിരോധ താരങ്ങളെയും ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യയെയും കാഴ്ചക്കാരാക്കി ഹെഡർ ചെയ്താണ് ദിമി ബ്ലാസ്റ്റേഴ്സിനായി ആദ്യം ലീഡെടുത്തത്. ഒരു മിനിറ്റിനപ്പുറം അഡ്രിയൻ ലൂണയുടെ ത്രൂ ബോളില്‍ ദിമിയുടെ രണ്ടാം ഗോൾ പിറന്നു.
ബോക്സിന്റെ മധ്യത്തിൽനിന്നുള്ള ഗ്രീക്ക് താരത്തിന്റെ ഷോട്ട് നോർത്ത് ഈസ്റ്റ് വലയുടെ ഇടതു ഭാഗത്താണു പതിച്ചത്. രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന് ഗോളവസരങ്ങൾ പലതു ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 25 ഓളം ഷോട്ടുകളാണ് ഇരു പകുതികളിലുമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ നോർത്ത് ഈസ്റ്റ് പോസ്റ്റിലേക്കു പായിച്ചത്. ബ്ലാസ്റ്റേഴ്സ് 64 ശതമാനം പന്തടക്കവുമായി മുന്നിട്ടുനിന്നു.
ടീമിലെ പതിവുകാരായ ഗോളി പ്രഭ്സുഖൻ ഗില്ലിനെയും മധ്യനിര താരം സഹല്‍ അബ്ദുൽ സമദിനെയും പ്ലേയിങ് ഇലവനിൽനിന്ന് പുറത്തിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റിനെ നേരിട്ടത്. പരുക്കുമാറി തിരിച്ചെത്തിയ ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്കോവിച്ചിനെ ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവനിലോ, പകരക്കാരുടെ നിരയിലോ ഉൾപ്പെടുത്തിയില്ല. ജയത്തോടെ 15 കളികളിൽനിന്ന് ബ്ലാസ്റ്റേഴ്സിന് 28 പോയിന്റായി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നോർത്ത് ഈസ്റ്റിന്റെ 14–ാം തോൽവിയാണിത്.
English Summary : Kerala Blasters vs North East United FC Live Updates