ADVERTISEMENT

കൊച്ചി ∙ വിജയവഴിയിലേക്കു തിരിച്ചെത്തി. ഐഎസ്എൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കും. പക്ഷേ, പ്രകടനത്തിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചുപിടിക്കാൻ ഏറെയുണ്ടെന്നു തെളിയിച്ചാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിനു ലോങ് വിസിൽ മുഴങ്ങിയത്. നിലവിൽ 15 കളികളിൽ 28 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആദ്യ 6 സ്ഥാനക്കാരാണ് ഇത്തവണ എലിമിനേറ്റർ മാതൃകയിലുള്ള പ്ലേഓഫിനു യോഗ്യത നേടുക. നിലവിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള മുംബൈ സിറ്റിയും ഹൈദരാബാദ് എഫ്സിയും യോഗ്യത നേടിക്കഴിഞ്ഞു. വെള്ളിയാഴ്ച കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

സന്തോഷം, സന്ദേഹം

സന്തോഷത്തിന്റെയും സന്ദേഹത്തിന്റെയും രണ്ടു പകുതികളായി ചുരുക്കാം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. ഒന്നാം പകുതിയിലെ രണ്ടു ഗോളുകളിൽ ക്ലീൻ ഷീറ്റ്’ ജയം നേടാനായെന്നത് ഒഴിച്ചാൽ ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കൊമനോവിച്ചിനു പോലും സംതൃപ്തി പകർന്നില്ല ടീമിന്റെ പ്രകടനം.  ‘ഇടവേളയ്ക്കു ശേഷം അവസരങ്ങളേറെ ലഭിച്ചിട്ടും മൂന്നാം ഗോൾ കണ്ടെത്താനായില്ല. അപകടകരമായ പൊസിഷനുകളിൽ പന്തു നഷ്ടമാക്കിയതും കൗണ്ടർ അറ്റാക്കുകൾ ക്ഷണിച്ചു വരുത്തിയതുമെല്ലാം സംഭവിക്കാൻ പാടില്ലാത്ത പിഴവുകളാണ്’ – അഞ്ചു വലിയ പടവുകളെന്നു വുക്കൊമനോവിച്ച് വിശേഷിപ്പിച്ച ഇനിയുള്ള മത്സരങ്ങളിൽ ഹൈദരാബാദും ബഗാനും ചെന്നൈയിനും പോലെ കടുപ്പക്കാരായ ടീമുകളും ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നുണ്ട്.

5 കളികളിൽ ചുരുങ്ങിയതു 3 വിജയം കൊണ്ടേ ബ്ലാസ്റ്റേഴ്സിനു പ്ലേഓഫും ആരാധകർക്കു മനസ്സമാധാനവും കൈവരിക്കാനാവൂ. തുടരെ രണ്ടു പരാജയങ്ങളും ഒട്ടേറെ പരുക്കുകളും വലച്ച ടീമിൽ പരീക്ഷണങ്ങൾ നടത്താൻ കോച്ച് നിർബന്ധിതനായതിന്റെ ഫലമായിരുന്നു നോർത്ത് ഈസ്റ്റിനെതിരെ  ആദ്യ ഇലവനിൽ വന്ന 6 മാറ്റങ്ങൾ. സമ്മിശ്രമായിരുന്നു അതിന്റെ ഫലം. ഇടതു പാർശ്വത്തിൽ ബ്രൈസ് മിറാൻഡ എന്ന വേഗക്കാരന്റെ വരവാണ് പോസിറ്റീവ്. എന്നാൽ ഇവാൻ കല്യൂഷ്നിയും സഹലും ഇല്ലാതെ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര എതിരാളികളെ നിഷ്പ്രഭരാക്കുന്ന വിധം ഉയരാതെ പോയി.

അധികഭാരം പ്ലേമേക്കർ അഡ്രിയൻ ലൂണയുടെ നീക്കങ്ങളെ ബാധിച്ചു. മുന്നേറ്റത്തിൽ ഡയമന്റകോസും ജിയാനുവും ചേർന്ന വിദേശ ജോടി ഒത്തിണക്കവും മികവും പുറത്തെടുത്തതിനാൽ മധ്യനിരയിലെ ബിൽഡ് അപ്പിന്റെയും പാസിങ്ങിന്റെയും അഭാവം മറികടക്കാൻ ബ്ലാസ്റ്റേഴ്സിനായെന്നു മാത്രം.

English Summary: Tough games coming for Kerala Blasters in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com