ലണ്ടൻ ∙ ജനുവരി ട്രാൻസ്ഫർ വിപണിയിൽ വൻതുക മുടക്കി ഇംഗ്ലിഷ് ക്ലബ് ചെൽസി. ഖത്തർ ലോകകപ്പിൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടിയ അർജന്റീന മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ എക്കാലത്തെയും ഉയർന്ന ട്രാൻസ്ഫർ തുകയ്ക്ക് ചെൽസി സ്വന്തമാക്കി. പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിൽ നിന്ന് ഏകദേശം 1075 കോടി രൂപയ്ക്കാണ് (13.14 കോടി ഡോളർ) ഇരുപത്തിരണ്ടുകാരനായ എൻസോയെ ട്രാൻസ്ഫർ ജാലകം അടയ്ക്കാൻ കുറച്ചുസമയം മാത്രമുള്ളപ്പോൾ ചെൽസി വാങ്ങിയത്. എട്ടരവർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണിൽ ജാക്ക് ഗ്രീലിഷിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കിയ 948 കോടി രൂപയുടെ റെക്കോർഡാണ് എൻസോ തകർത്തത്.
അർജന്റീന ക്ലബ് റിവർപ്ലേറ്റിൽനിന്ന് 81 കോടി രൂപയ്ക്കാണ് (ഒരു കോടി ഡോളർ) എൻസോ കഴിഞ്ഞ ഓഗസ്റ്റിൽ ബെൻഫിക്കയിൽ എത്തിയത്. അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ നിർണായക പങ്കുവഹിച്ചത് എൻസോയുടെ വില കുതിച്ചുയരുന്നതിനു കാരണമായി. അർജന്റീനയുടെ സെന്റർ മിഡ്ഫീൽഡറായ എൻസോ ലോകകപ്പിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടി. ബെൻഫിക്കയ്ക്കായി ഈ സീസണിൽ 26 മത്സരങ്ങളിലായി 3 ഗോളും 5 അസിസ്റ്റും എൻസോ നേടിയിട്ടുണ്ട്.
അതിനിടെ, ചെൽസി മിഡ്ഫീൽഡർ ഇറ്റാലിയൻ താരം ജോർജിഞ്ഞോയെ ആർസനൽ ടീമിലെടുത്തു. ഏകദേശം 121 കോടി രൂപയ്ക്കാണ് കരാർ.
ചെൽസി ഒഴുക്കിയത് 2867 കോടി
ജനുവരി ട്രാൻസ്ഫറിൽ ചെൽസി ടീമിലെടുത്ത എട്ടാമത്തെ താരമാണ് എൻസോ ഫെർണാണ്ടസ്. 8 താരങ്ങൾക്കായി ആകെ മുടക്കിയത് 2867 കോടി രൂപയിലേറെയാണ് (35 കോടി ഡോളർ). പ്രിമിയർ ലീഗ് ക്ലബ്ബുകൾ ആകെ മുടക്കിയതിന്റെ 37% ചെൽസിയുടെ പേരിലാണ്. ഏകദേശം 8200 കോടി രൂപയാണ് പ്രിമിയർ ലീഗ് ക്ലബ്ബുകൾ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ആകെ മുടക്കിയത്. ഇതും റെക്കോർഡാണ്.
കെയ്‌ലർ നവാസ് നോട്ടിങ്ങാമിൽ; സബിറ്റ്സർ യുണൈറ്റഡിൽ
ലണ്ടൻ∙ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കോസ്റ്ററിക്ക ഗോൾകീപ്പർ കെയ്‌ലർ നവാസ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് നോട്ടിങ്ങാം ഫോറസ്റ്റിൽ. വായ്പക്കരാറിലാണ് നവാസിനെ നോട്ടിങ്ങാം സ്വന്തമാക്കിയത്. ഈ സീസൺ തീരും വരെയാണ് കരാർ. പരുക്കേറ്റ് പുറത്തായ ക്രിസ്റ്റ്യൻ എറിക്സണു പകരം ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ മിഡ്ഫീൽഡർ മാർസൽ സബിറ്റ്സറിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചു. ഇതും വായ്പക്കരാറാണ്.

കാൻസലോ ബയണിൽ
ബർലിൻ ∙ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് ഫുൾബാക്ക് ജോവ കാൻസലോ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിലെത്തി. ഇംഗ്ലിഷ് ക്ലബ്ബിൽനിന്ന് വായ്പയ്ക്കാണ് പോർച്ചുഗൽ താരത്തെ ബയൺ വാങ്ങിയത്. ഗോളി യാൻ സോമർ, ഡിഫൻഡർ ഡാലി ബ്ലിൻഡ് എന്നിവരെയും ബയൺ നേരത്തേ ടീമിലെത്തിച്ചിരുന്നു. പരുക്കിന്റെ പിടിയിലായ ഗോളി മാനുവൽ നോയർ, ഡിഫൻഡർമാരായ ലൂക്കാസ് ഹെർണാണ്ടസ്, നൗസയിർ മസ്രൗയി എന്നിവർക്കു പകരമാണ് ഇവർ മൂവരും ബയണിനായി കളത്തിലിറങ്ങുക.

സിയേഷിന്റെ ക്ലബ് മാറ്റം മുടങ്ങി
ലണ്ടൻ∙ ചെൽസിയുടെ മൊറോക്കൻ താരം ഹക്കിം സിയേഷിനെ സ്വന്തമാക്കാനുള്ള ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ നീക്കം പരാജയപ്പെട്ടു. ചെൽസി നൽകിയ രേഖകളിൽ തെറ്റ് കണ്ടെത്തിയതാണ് ട്രാൻസ്ഫർ മുടങ്ങാനുള്ള കാരണം. ഇതുമൂലം സിയേഷ് ചെൽസിയിൽ തുടരും.

English Summary: Enzo Fernandes at Chelsea; The transfer amount is Rs.1075 crores