കൊൽക്കത്ത ∙ കാൽപന്തുകളിയുടെ ഇന്ത്യൻ പറുദീസയിൽ കേരളത്തിന്റെ മഞ്ഞപ്പട ഇന്ന് ഈസ്റ്റ് ബംഗാളിനെ എതിരിടുമ്പോൾ ഇരുകൂട്ടരും മോഹിക്കുന്നതു ജയം മാത്രം. പ്ലേ ഓഫ് സാധ്യതകൾ ‘ഇളകാതെ’ ഉറപ്പിക്കുകയാണു ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. പട്ടികയിലെ 9–ാം സ്ഥാനം മെച്ചപ്പെടുത്തുകയാണ് ഈസ്റ്റ് ബംഗാളിന്റെ ഉന്നം.
28 പോയിന്റുമായി 3–ാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിജയം പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി അടുപ്പിക്കും. തുടരെ 2 തോൽവികൾ നേരിട്ട മഞ്ഞപ്പട കഴിഞ്ഞ കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ ജയത്തോടെ ആവേശത്തിലാണ്. മറുവശത്ത്, തുടരെ 4 തോൽവികളുടെ പതർച്ചയിലാണു ബംഗാൾ പട. ഇന്നു രാത്രി 7.30ന് സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണു പോരാട്ടം.
ആർക്കും ‘സ്ഥാനം’ ഉറപ്പില്ല!
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ടീമിനെ ഉടച്ചു വാർത്തു കളത്തിലിറക്കി വിജയം പിടിച്ചെടുത്ത ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് വീണ്ടും അഴിച്ചുപണി സാധ്യതകൾ തള്ളുന്നില്ല. 6 മാറ്റങ്ങളുമായി നോർത്ത് ഈസ്റ്റിനെ നേരിട്ട മഞ്ഞപ്പട 2 ഗോൾ വിജയം നേടിയെങ്കിലും പ്രതിരോധത്തിലും മുന്നേറ്റ – മധ്യനിരകളിലും പിഴവുകൾ തെളിഞ്ഞു കണ്ടു. അതുകൊണ്ടു തന്നെ ഇന്നും മാറ്റങ്ങൾക്കും അഴിച്ചു പണികൾക്കും സാധ്യതയേറെ.
ലെസ്കോവിച്, ഗിൽ ഇന്നും പുറത്ത്
ലെസ്കോവിച്ച് ഇന്നും കളിക്കില്ല; പനി ബാധിച്ചു വിശ്രമിക്കുന്ന ഗോൾകീപ്പർ പ്രഭ്സുഖൻ ഗില്ലും. ഹർമൻജോത് ഖബ്ര, ജെസൽ, നിഷു കുമാർ, ഹോർമിപാം, വിക്ടർ മോംഗിൽ എന്നിവരിൽ നിന്നാകും പ്രതിരോധത്തിൽ ആളെ കണ്ടെത്തുക.
ഗോൾവലയ്ക്കു മുന്നിൽ കരൺജിത് സിങ് തുടരും. മുന്നേറ്റത്തിൽ ഡയമന്റകോസ് – ജിയാനു സഖ്യം തുടർന്നേക്കും. നോർത്ത് ഈസ്റ്റിനെതിരെ തിളങ്ങിയ ബ്രെയ്സ് മിറാൻഡയും ആദ്യ 11 ൽ ഇടം പിടിച്ചേക്കും.
English Summary : East Bengal V/S Kerala Blasters match today