മാഞ്ചസ്റ്റർ ∙ ഇരുപാദങ്ങളിലുമായി നോട്ടിങ്ങാം ഫോറസ്റ്റിനെ 5–0ന് നിഷ്പ്രഭരാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ. ഓൾഡ് ട്രാഫഡിലെ രണ്ടാം പാദത്തിൽ 2–0നാണ് യുണൈറ്റഡിന്റെ ജയം. ഫോറസ്റ്റിന്റെ മൈതാനത്തു നടന്ന ആദ്യപാദത്തിൽ യുണൈറ്റഡ് 3–0നു ജയിച്ചിരുന്നു. 73–ാം മിനിറ്റിൽ ആന്തണി മർത്യാലും 76–ാം മിനിറ്റിൽ ഫ്രെഡും നേടിയ ഗോളുകളിലാണ് ഇത്തവണ യുണൈറ്റഡിന്റെ ജയം.
26ന് ഫൈനലിൽ യുണൈറ്റഡ് ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. പുതിയ കോച്ച് എറിക് ടെൻ ഹാഗ് ചുമതലയേറ്റെടുത്ത് 10 മാസത്തിനുള്ളിലാണ് യുണൈറ്റഡിന്റെ ഫൈനൽ പ്രവേശനം. ആറു വർഷത്തിനിടെ ആദ്യ കിരീടമാണ് യുണൈറ്റഡ‍് ലക്ഷ്യമിടുന്നത്. 2017ൽ മൗറീഞ്ഞോ പരിശീലകനായിരിക്കെ യൂറോപ്പ ലീഗ് നേടിയതാണ് അവസാന നേട്ടം. ആ സീസണിൽ ലീഗ് കപ്പും യുണൈറ്റഡ് സ്വന്തമാക്കി.
പിഎസ്ജിക്ക് ജയം
പാരിസ് ∙ കിലിയൻ എംബപെ 2 വട്ടം പെനൽറ്റി നഷ്ടപ്പെടുത്തുകയും പരുക്കേറ്റു മടങ്ങുകയും ചെയ്ത ഫ്രഞ്ച് ലീഗ് 1 വൺ ഫുട്ബോൾ മത്സരത്തിൽ പിഎസ്ജിക്കു ജയം. മോണ്ട്പെല്ലിയറിനെ 3–1നു പിഎസ്ജി തോൽപിച്ചു. ലയണൽ മെസ്സി, ഫാബിയൻ റൂയിസ്, വാരൻ എമിറി എന്നിവരാണു പിഎസ്ജിയുടെ ഗോളുകൾ നേടിയത്. പെനൽറ്റി നഷ്ടമാക്കിയതിനു പിന്നാലെ പരുക്കേറ്റ എംബപെ മുടന്തിയാണു കളംവിട്ടത്. പരുക്ക് ഗുരുതരമല്ലെന്നു പിഎസ്ജി കോച്ച് പിന്നീടു പറഞ്ഞു.
English Summary: Manchester United vs. Newcastle United in 2023 English League Cup final