ADVERTISEMENT

പ്രതിരോധപ്പിഴവുകൾക്കും പാഴാക്കിയ ഗോൾ അവസരങ്ങൾക്കും കേരള ബ്ലാസ്റ്റേഴ്സ് നൽകേണ്ടിവന്ന വലിയ വില; തോൽവി! തുടരെ 4 തോൽവികളുടെ ക്ഷീണം തീർത്ത ഈസ്റ്റ് ബംഗാളിന്റെ 1–0 ജയം ക്യാപ്റ്റൻ ക്ലെയ്റ്റൺ സിൽവ 77–ാം മിനിറ്റിൽ നേടിയ ഏക ഗോളിന്. ഐഎസ്എൽ പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ടെത്തിയ ബ്ലാസ്റ്റേഴ്സിന് ഇനിയും കാത്തിരിക്കണം. മഞ്ഞപ്പടയുടെ അടുത്ത മത്സരം 7നു കൊച്ചിയിൽ. എതിരാളികൾ ചെന്നൈയിൻ എഫ്സി. 

പ്രതികാരം ബംഗാൾ വക 

ലീഗിലെ ഉദ്ഘാടനപ്പോരിൽ 3–1നു തങ്ങളെ വീഴ്ത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ ഈസ്റ്റ് ബംഗാൾ നേടിയതു പകരം വീട്ടൽ. തുടർ തോൽവികളുടെ ഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ട് അധ്വാനിച്ചു കളിച്ചതിന്റെ പ്രതിഫലം. മറുവശത്ത്, പന്തു കൈവശം വയ്ക്കുന്നതിലും അവസരം സൃഷ്ടിക്കുന്നതിലും വിജയിച്ചിട്ടും ഗോളടിക്കാനായില്ല, ബ്ലാസ്റ്റേഴ്സിന്. പ്രതിരോധത്തിലാകട്ടെ വൻ വിള്ളലുകളും. 8–ാം മിനിറ്റിൽ ലൂണയിൽ നിന്നു ഡയമന്റകോസ് വഴിയെത്തിയ കിടിലൻ ക്രോസ്. രാഹുലിന്റെ ഉശിരൻ ഷോട്ട് പറന്നതു പക്ഷേ, ബാറിനു മുകളിലൂടെ. 37–ാം മിനിറ്റിൽ ലൂണയുടെ കോർണർ കിക്ക് ബംഗാൾ ഗോളിലേക്കു വളഞ്ഞു വന്നെങ്കിലും ഗോൾകീപ്പർ കമൽജിത്തിന്റെ കയ്യിലൊതുങ്ങി. പിന്നാലെ മലയാളി താരം വി.പി.സുഹൈർ ബ്ലാസ്റ്റേഴ്സ് വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് കൊടി ഉയർന്നിരുന്നു. ഈസ്റ്റ് ബംഗാളിനായി അരങ്ങേറിയ ഇംഗ്ലിഷ് താരം ജെയ്ക് ജെർവിസ് ഇടയ്ക്കു ബ്ലാസ്റ്റേഴ്സ് ഗോൾ ലക്ഷ്യം വച്ചെങ്കിലും പിഴച്ചു. 45 –ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധപ്പിഴവിൽ ബംഗാൾ നായകൻ ക്ലെയ്റ്റൺ സിൽവ കടന്നുകയറിയെങ്കിലും ആദ്യ ഷോട്ടും റീബൗണ്ടും ഗോളി കരൺജിത്ത് തടഞ്ഞു. 

കണ്ണു തെറ്റി, ഗോളായി 

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ വീഴാതെ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടതു മഹാഭാഗ്യം കൊണ്ട്. ബോക്സിനു മുന്നിൽ ഖബ്രയും ഹോർമിപാമും പന്തു കൈമാറുന്നതിനിടെ നവോറവും ക്ലെയ്റ്റനും പാഞ്ഞു കയറിയതോടെ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ കരൺജിത്തിനു നില തെറ്റി. ശൂന്യമായ വലയിലേക്കു നിറയൊഴിക്കാൻ ശ്രമിച്ച ക്ലെയ്റ്റൻ പക്ഷേ, നവോറവുമായി കൂട്ടിയിടിച്ചു വീണു. ആ നിമിഷം മതിയായിരുന്നു, കരൺജിത്തിനു പന്തു കയ്യിലൊതുക്കാൻ. 52–ാം മിനിറ്റിൽ വലതു പാർശ്വത്തിലൂടെ കുതിച്ചു കയറിയ രാഹുൽ നൽകിയ ക്രോസ് ജിയാനു വലയിലേക്ക് അയച്ചെങ്കിലും ഇടതു വശത്തേക്കു പറന്നു കമൽജിത്ത് ബംഗാളിനെ കാത്തു. 

ഒടുവിൽ 77– ാം മിനിറ്റിൽ കളിയുടെ വിധി തീരുമാനിക്കപ്പെട്ടു. വലതു പാർശ്വത്തിലൂടെ കുതിച്ചു പാഞ്ഞ നവോറത്തെ തടയാൻ നിഷു കുമാറിനു കഴിഞ്ഞില്ല. ഷോട്ട് വിക്ടർ മോംഗിലിന്റെ ദേഹത്തു തട്ടി വലയിലേക്കു പറന്നെങ്കിലും കരൺജിത്ത് തട്ടിയകറ്റി. പാഞ്ഞെത്തിയ ക്ലെയ്റ്റൻ സിൽവയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് വല തുളച്ചു. 81–ാം മിനിറ്റിൽ ഡയമന്റകോസ് ബോക്സിന്റെ ഇടതുവശത്തു നിന്നു തൊടുത്ത ക്രോസിൽ കാൽ വയ്ക്കാൻ രാഹുലിനു സാധിച്ചിരുന്നുവെങ്കിൽ സ്കോർ തുല്യമാകുമായിരുന്നു. നിഷു കുമാർ അടിച്ച പന്തു നവോറത്തിന്റെ മുഖത്തു കൊണ്ടതിനെ തുടർന്നു മത്സരത്തിനിടെ കളിക്കാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബംഗാൾ സപ്പോർട്ടിങ് സ്റ്റാഫിന്റെ ഇടപെടലാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. 

മാറ്റമില്ലായ്മ പാളി 

നോർത്ത് ഈസ്റ്റിനെതിരെ ആദ്യ ഇലവനിൽ 6 മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സിനെ കളത്തിലിറക്കി ഞെട്ടിച്ച കോച്ച് ഇവാൻ വുക്കൊമനോവിച് ഇന്നലെ ഞെട്ടിച്ചത് ഒരു മാറ്റം പോലും വരുത്താതെ. യുക്രെയ്ൻ താരം ഇവാൻ കല്യൂഷ്നിയും മലയാളി താരം സഹലും തുടക്കത്തിൽ പകരക്കാരുടെ ബെഞ്ചിലിരുന്നു.

English Summary: East Bengal beat Kerala Blasters in ISL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com