ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മുമ്പന്മാരായ ആർസനലിനു പിന്നാലെ മുൻ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും മുട്ടുകുത്തി. വോൾവർഹാംപ്ടൻ വാൻഡറേഴ്സ് സ്വന്തം മൈതാനത്ത് 3–0ന് ലിവർപൂളിനെ തോൽപിച്ചു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോട്സ്‌പറിനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്. അതേസമയം, എറിക് ടെൻ ഹാഗിനു കീഴിൽ നവോന്മേഷം സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ കീഴടക്കി.
10–ാം സ്ഥാനത്തു തുടരുന്ന ലിവർപൂളിന്റെ ലീഗിലെ 7–ാം തോൽവിയാണിത്. 5–ാം മിനിറ്റിൽ ജോയൽ മാറ്റിപ്പിന്റെ സെൽഫ് ഗോളിലാണു ലിവർപൂൾ ആദ്യം ഞെട്ടിയത്. പിന്നാലെ ക്രെയ്ഗ് ഡോസൺ, റൂബൻ നിവിസ് എന്നിവരും ഗോൾ നേടിയതോടെ ലിവർപൂളിന്റെ തകർച്ച പൂർണം (3–0).
സൂപ്പർ താരം ഹാരി കെയ്ൻ നേടിയ ഗോളിലാണ് ടോട്ടനം മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തിയത്. 15–ാം മിനിറ്റിലായിരുന്നു കെയ്നിന്റെ വിജയഗോൾ. ഇതോടെ, ഇതിഹാസ താരം ജിമ്മി ഗ്രീവ്സിനെ മറികടന്ന് ടോട്ടനത്തിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ വേട്ടക്കാരനായി കെയ്ൻ മാറി. ടോട്ടനത്തിനായി കെയ്‌നിന്റെ 267–ാമത്തെ ഗോളാണ് സിറ്റിക്കെതിരെ പിറന്നത്. പ്രിമിയർ ലീഗിൽ മാത്രം താരത്തിന്റെ 200–ാം ഗോൾ കൂടിയാണിത്. മുന്നിലുള്ളത് സാക്ഷാൽ അലൻ ഷിയറർ (260 ഗോളുകൾ), വെയ്ൻ റൂണി (208 ഗോളുകൾ) എന്നിവർ മാത്രം.
തോൽവിയോടെ ആർസനലുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറയ്ക്കാനുള്ള സുവർണാവസരം സിറ്റി കൈവിട്ടു. 39 പോയിന്റുമായി ടോട്ടനമാകട്ടെ, 42 പോയിന്റുമായി മൂന്നാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ മൂന്നു പോയിന്റ് മാത്രം പിന്നിലെത്തി.
മാഞ്ചസ്റ്റർ യുണൈറ്റഡ് 2–1നു ക്രിസ്റ്റൽ പാലസിനെ തോൽപിച്ച മത്സരത്തിൽ കസീമിറോ ചുവപ്പുകാർഡ് കണ്ടു പുറത്തായതു ടീമിനു തിരിച്ചടിയാണ്. ക്രിസ്റ്റ്യൻ എറിക്സനു പരുക്കുമൂലം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ പറ്റില്ലെന്നിരിക്കെയാണ് കസീമിറോയ്ക്കും സസ്പെൻഷൻ ലഭിക്കുന്നത്. നേരത്തേ, ഏഴാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ്, 62–ാം മിനിറ്റിൽ മാർക്കസ് റാഷ്ഫഡ് എന്നിവരാണു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ന്യൂകാസിൽ – വെസ്റ്റ്ഹാം മത്സരം 1–1 സമനിലയായി. ലെസ്റ്റർ സിറ്റി 4–2ന് ആസ്റ്റൺ വില്ലയെ തോൽപിച്ചു.
English Summary: English Premier league football update