കൊച്ചി ∙ ചെന്നൈയിൻ എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫിലേക്ക് ഒരു ചുവടുകൂടി വച്ചു. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷമായിരുന്നു മഞ്ഞപ്പടയുടെ തിരിച്ചടി. സ്കോർ: 2– 1. ബ്ലാസ്റ്റേഴ്സിനായി അഡ്രിയൻ ലൂണയും (38 –ാം മിനിറ്റ്) കെ.പി.രാഹുലും (64) ലക്ഷ്യം കണ്ടു. അബ്ദെനാസർ എൽ ഖയാതിയാണു (2) ചെന്നൈയിന്റെ സ്കോറർ. ഒരു ഗോളും അസിസ്റ്റുമായി കളം നിറഞ്ഞ ലൂണയാണു കളിയിലെ താരം. പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്തു തുടരുന്നു; 31 പോയിന്റ്. അടുത്ത മത്സരം 11 നു ബെംഗളൂരു എഫ്സിക്കെതിരെ അന്നാട്ടിൽ.

കളിയുണരും മുൻപേ ചെന്നൈ മച്ചാൻമാർ ഞെട്ടിച്ചു. 2 –ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ബോക്സിനു പുറത്ത് പെറ്റർ സ്ലിസ്കോവിച് കൈമാറിയ പന്തുമായി അബ്ദെനാസർ എൽ ഖയാതി. ഖയാതിയുടെ ഷോട്ട് വലതു പോസ്റ്റിനുള്ളിൽ തട്ടി വലയ്ക്കുള്ളിലേക്ക് (0–1). ലൂണയുടെ നേതൃത്വത്തിൽ മഞ്ഞപ്പടയുടെ തിരിച്ചാക്രമണ പരമ്പര. ഒന്നും പക്ഷേ ലക്ഷ്യത്തിലെത്തിയില്ല. ചെന്നൈ ഗോൾമുഖം വിറപ്പിച്ച നീക്കങ്ങൾ ആവർത്തിക്കപ്പെടുന്നതിനിടെ അഡ്രിയാൻ ലൂണയെന്ന ലാറ്റിനമേരിക്കൻ താരം ഒരിക്കൽക്കൂടി മഞ്ഞപ്പടയുടെ മാന്ത്രികനായി.

38 –ാം മിനിറ്റ്. ഇടതു വിങ്ങിൽ ലൂണയിൽനിന്നു െജസൽ വഴി സഹലിലേക്ക്. ബോക്സിനു തൊട്ടു പുറത്തു നിന്നു ഷോട്ട് എടുക്കാനുള്ള സഹലിന്റെ ശ്രമം ചെന്നൈയിൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചെങ്കിലും പറന്നെത്തിയ ലൂണയുടെ മിന്നൽ ഷോട്ട് വലയിൽ(1–1). രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്സിന്റെ വേഗ നീക്കങ്ങൾ. ഫലം കണ്ടത് 64 –ാം മിനിറ്റിൽ. വലതു പാർശ്വത്തിൽ നിന്നു ത്രോ സ്വീകരിച്ച ലൂണ നൽകിയ പാസിൽ കെ.പി.രാഹുലിന്റെ ഷോട്ട് ചെന്നൈയിൻ ഗോളി സമീക് മിത്രയുടെ പ്രതിരോധം പൊളിച്ചു ഗോളിലേക്ക്. ബ്ലാസ്റ്റേഴ്സ് മുന്നിൽ (2–1).
4 മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോളി പ്രഭ്സുഖൻ ഗിൽ തിരിച്ചെത്തി. പ്രതിരോധത്തിൽ ഖബ്രയ്ക്കു പകരം നിഷു കുമാർ. ജിയാനുവിനു പകരം, ഇവാൻ കല്യൂഷ്നി മധ്യനിരയിൽ. ബ്രെയ്സ് മിറാൻഡയ്ക്കു പകരം സഹൽ. തുടക്കത്തിൽ തന്നെ ഗോൾ വീണെങ്കിലും ടീം കളിച്ചതും വിജയം പിടിച്ചെടുത്തതും ആവേശത്തോടെയാണ്; കോച്ച് തലേന്ന് ആവശ്യപ്പെട്ടതു പോലെ!

∙ ഒരു ഐഎസ്എൽ സീസണിൽ 10 വിജയങ്ങളെന്ന റെക്കോർഡ് ബ്ലാസ്റ്റേഴ്സിനു സ്വന്തം. കഴിഞ്ഞ സീസണിലെ 9 വിജയങ്ങളായിരുന്നു ഇതുവരെ റെക്കോർഡ്.ഈ സീസണിൽ ഇതുവരെ 17 കളിയിൽ 10 വിജയം, ഒരു സമനില, 6 തോൽവി.
English Summary : Kerala Blasters defeated Chennaiyin FC in ISL football