കോഴിക്കോട്∙ രണ്ടാം സ്ഥാനക്കാരായ പഞ്ചാബ് എഫ്സി, മൂന്നാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്സി. ഐ ലീഗ് ഫുട്ബോളിൽ ഇന്നു കരുത്തർ തമ്മിലുള്ള കടുത്ത പോരാട്ടം. കിക്കോഫ് വൈകിട്ട് 4.30ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ. 2 ടീമുകൾക്കും കളി ഒരുപോലെ നിർണായകം. എവേ മത്സരത്തിൽ ഗോകുലം എഫ്സിയെ 1–0നു കീഴടക്കിയ ആത്മവിശ്വാസം പഞ്ചാബിനുണ്ട്. തോൽപിക്കാൻ പഞ്ചാബ് സകല കളിയും പുറത്തെടുക്കുമ്പോൾ തോറ്റു കൊടുക്കാതിരിക്കാൻ ഗോകുലവും തിരിച്ചടിക്കും.
പഞ്ചാബ് എഫ്സിയുടെ സ്ട്രൈക്കർ ലൂക്ക മെയ്സൻ കഴിഞ്ഞ സീസണിൽ ഗോകുലത്തിന്റെ ടോപ് സ്കോററായിരുന്നു. ലൂക്കയുടെ നീക്കങ്ങളും മുന്നേറ്റങ്ങളും കാണാപ്പാഠമാണെന്നതും ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. കഴിഞ്ഞ കളിയിൽ നെരോക്ക എഫ്സിയുമായുള്ള എവേ മത്സരത്തിൽ 2–1നു പരാജയപ്പെട്ട ഗോകുലത്തിനു തിരിച്ചു വരാനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം.
English Summary : Gokulam FC vs Punjab FC match today