ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെയുള്ള 2–0 വിജയത്തിനു ശേഷം വെംബ്ലി സ്റ്റേഡിയത്തിലെ ടണലിലൂടെ വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗിനെ കാത്ത് ക്ലബ്ബിന്റെ ഒന്നാം നമ്പർ ആരാധകൻ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വർഷങ്ങളായി യുണൈറ്റഡ് പരിശീലകരുടെയെല്ലാം മാറ്റ് നിർണയിക്കപ്പെടുന്നത് ആ ‘ആരാധകനെ’ അളവുകോൽ ആയി എടുത്തു കൊണ്ടാണ്. ആ അളവുകോൽ ഒരു ‘മീറ്റർ’ ആണെങ്കിൽ, അതിന്റെ നൂറിലൊന്ന് അതായത് ഒരു സെന്റീമീറ്റർ വിജയം നേടിയാൽ പോലും മറ്റു യുണൈറ്റഡ് പരിശീലകർ വിജയികളാണെന്നു വാഴ്ത്തപ്പെടുന്നു. സർ അലക്സ് ഫെർഗൂസൻ എന്നാണ് ആ ആരാധകന്റെ പേര്! കാൽ നൂറ്റാണ്ടു നീണ്ട തന്റെ പരിശീലക കാലയളവിൽ യുണൈറ്റഡിന് 13 ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടങ്ങളും 2 യുവേഫ ചാംപ്യൻസ് ലീഗും ഉൾപ്പെടെ 38 ട്രോഫികൾ നേടിക്കൊടുത്ത മുൻ പരിശീലകൻ!

പല പരിശീലകരും രണ്ടാം നിര ടീമിനെ ഇറക്കുന്ന ലീഗ് കപ്പിലെ ഈ നേട്ടം കിരീടങ്ങളുടെ തിളക്കമേറെയുള്ള യുണൈറ്റഡിന് ഒന്നുമല്ല. പക്ഷേ ഫെർഗൂസൻ യുഗത്തിനു ശേഷം അവിശ്വസനീയമാം വിധം ക്ഷയിച്ച ഓൾഡ് ട്രാഫഡിലേക്ക് ലീഗ് കപ്പ് കൊണ്ടു വരുന്ന ആശ്വാസം ചെറുതല്ല. 2013ൽ ഫെർഗൂസൻ ക്ലബ് വിട്ട ശേഷമുള്ള 10 വർഷത്തിനിടെ 4 കിരീടങ്ങൾ മാത്രമാണ് യുണൈറ്റഡ് നേടിയത്. അതിൽ തന്നെ അവസാനനേട്ടം 2017ൽ ഹൊസെ മൗറീഞ്ഞോ പരിശീലകനായിരിക്കെ നേടിയ യൂറോപ്പ ലീഗ് ആണ്. ഇത്തവണ പ്രിമിയർ ലീഗിലും യൂറോപ്പ ലീഗിലും എഫ്എ കപ്പിലുമെല്ലാം യുണൈറ്റഡിന് സാധ്യതയുണ്ട് എന്നതിനാൽ ‘സ്വപ്നങ്ങളുടെ നാടകശാല’ എന്നറിയപ്പെടുന്ന ഓൾഡ് ട്രാഫഡിൽ വീണ്ടും കിരീടങ്ങളുടെ വസന്തകാലം വരുമെന്ന് ആരാധകർ കിനാവു കാണുന്നു.

ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിൽ നിന്ന് ടെൻ ഹാഗ് എത്തിയതിനു ശേഷം ഒരു വർഷത്തിനിടെ യുണൈറ്റഡ് കൈവരിച്ച പുരോഗതിയുടെ പ്രദർശനമായിരുന്നു ന്യൂകാസിലിനെതിരെയുള്ള ലീഗ് കപ്പ് ഫൈനൽ. അല്ലലും അലട്ടലുമില്ലാതെ കളിച്ച യുണൈറ്റഡ് ആദ്യ പകുതിയിലെ 2 ഗോളുകളിൽ തന്നെ കളി തീർത്തു. 

സൂപ്പർ സ്റ്റാർ പരിവേഷമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയെ കൈവിട്ട് ‘വർക്ക് ഹോഴ്സ്’ സ്വഭാവമുള്ള കളിക്കാരിൽ ടെൻ ഹാഗ് വിശ്വസിച്ചതിനുള്ള പ്രതിഫലം കൂടിയാണ് ഈ ജയം. ലിസാന്ദ്രോ മാർ‌ട്ടിനസ്, റാഫേൽ വരാൻ, ലൂക്ക് ഷോ.. ആ നിര നീളുന്നു. ആരാധകരെ ആനന്ദിപ്പിക്കാൻ ആന്തണിയെപ്പോലുള്ള എന്റർടെയ്നേഴ്സിനെയും ടെൻ ഹാഗിനു കിട്ടി.

English Summary: League Cup win gives new life to Manchester United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com