രാജ്യം ചാംപ്യൻമാരായില്ല, എന്നിട്ടും ആ ലോകകപ്പിന്റെ പേരിൽ ഓർമിക്കപ്പെടുക– അന്തരിച്ച മുൻ ഫ്രഞ്ച് ഫുട്ബോളർ ജസ്റ്റ് ഫൊണ്ടെയ്ൻ അങ്ങനെയൊരു ഒറ്റയാനാണ്! പെലെയും ഗരിഞ്ചയുമെല്ലാം നിറഞ്ഞു കളിച്ച ബ്രസീൽ ടീം ജേതാക്കളായ 1958 സ്വീഡൻ ലോകകപ്പിലാണ് 13 ഗോളുകൾ അടിച്ചുകൂട്ടി ഫൊണ്ടെയ്ൻ ചരിത്രത്തിൽ ഇടം നേടിയത്. പെലെ പോലും ആ ലോകകപ്പിൽ നേടിയത് 6 ഗോളുകളാണ്. ലോകകപ്പിന്റെ ഒരു പതിപ്പിൽ അതിനു മുൻപോ ശേഷമോ മറ്റാരും ഫൊണ്ടെയ്ന് ഒപ്പമെത്തിയിട്ടില്ല.
ഒരു കൊടുങ്കാറ്റു പോലെ വന്ന ഫൊണ്ടെയ്ൻ കരിയറിനോടു വിടപറഞ്ഞതും പെട്ടെന്നായിരുന്നു. തുടർച്ചയായ പരുക്കു മൂലം വലഞ്ഞതിനാൽ 28–ാം വയസ്സിലായിരുന്നു വിരമിക്കൽ. എന്നാൽ, പിൽക്കാല ജീവിതം ഫൊണ്ടെയ്നു മുന്നിൽ ഒരു മൈതാനം പോലെ വിശാലമായിരുന്നു. പ്രഫഷനൽ ഫുട്ബോൾ താരങ്ങൾക്കായി ട്രേഡ് യൂണിയൻ സ്ഥാപിച്ചു അദ്ദേഹം. ബുധനാഴ്ച, തന്റെ 89–ാം വയസ്സിൽ വിടപറഞ്ഞ ഫൊണ്ടെയ്നിന്റെ മരണവാർത്ത ഫ്രഞ്ച് ക്ലബ് റീംസാണ് പുറത്തു വിട്ടത്.
∙ കടം വാങ്ങിയ ബൂട്ട്
അഞ്ചു മത്സരങ്ങളുടെ പരിചയവുമായി സ്വീഡനിലേക്കു പോകുമ്പോൾ താൻ ഫ്രാൻസ് ടീമിന്റെ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോ എന്ന് ഫൊണ്ടെയ്നു പോലും സംശയമായിരുന്നു. അതിനാൽ ഒരു ജോഡി ബൂട്ട് മാത്രമാണ് അദ്ദേഹം കരുതിയിരുന്നത്. അതാകട്ടെ ആദ്യ മത്സരത്തിൽത്തന്നെ പൊളിഞ്ഞു പോയി. റിസർവ് സ്ട്രൈക്കർ സ്റ്റെഫാൻ ബ്രൂയെയോടു കടം വാങ്ങിയ ബൂട്ട്സ് ധരിച്ചാണ് ഫൊണ്ടെയ്ൻ പിന്നീടുള്ള മത്സരങ്ങൾ കളിച്ചത്. 6 മത്സരങ്ങളിലായി 13 ഗോളുകൾ നേടി റെക്കോർഡ് കുറിച്ചതിനു ശേഷം ഫൊണ്ടെയ്ൻ പറഞ്ഞു: ‘എന്റെ ബൂട്ടിൽ രണ്ട് സ്ട്രൈക്കർമാരുടെ ആത്മാവ് ഉണ്ടായിരുന്നു. അതു കൊണ്ടാണ് അത്രയും ഗോളടിക്കാൻ കഴിഞ്ഞത്’!
∙ 3+2+1+2+1+4=13
ആദ്യ മത്സരത്തിൽ പാരഗ്വായ്ക്കെതിരെ ഹാട്രിക് നേടിയാണ് ഫൊണ്ടെയ്ൻ തുടങ്ങിയത്. ഫ്രാൻസ് ജയിച്ചത് 7–3ന്. അടുത്ത മത്സരത്തിൽ യുഗോസ്‌ലാവ്യയ്ക്കെതിരെ 2 ഗോൾ. സ്കോട്‌ലൻഡിനെതിരെ ഒരു ഗോൾ. ക്വാർട്ടർ ഫൈനലിൽ വടക്കൻ അയർലൻഡിനെതിരെ വീണ്ടും 2 ഗോൾ. സെമിയിൽ ബ്രസീലിനെതിരെ 5–2നു തോറ്റ ഫ്രാൻസിന്റെ ഒരു ഗോൾ ഫൊണ്ടയ്നിന്റെ ബൂട്ടിൽ നിന്നായിരുന്നു. എന്നാൽ, മൂന്നാം സ്ഥാന മത്സരത്തിൽ ഫ്രാൻസ് 6–3നു പശ്ചിമ ജർമനിയെ തോൽപിച്ച മത്സരത്തിലാണ് ഫൊണ്ടെയ്ൻ സംഹാരതാണ്ഡവമാടിയത്– 4 ഗോളുകൾ!
∙ ശരാശരിക്കു മേലെ..
‘ഗോൾ, ജസ്റ്റ് ഡൂ ഇറ്റ്’– മൈതാനത്തിറങ്ങിയാൽ അതു മാത്രമായിരുന്നു ഫൊണ്ടെയ്നിന്റെ മന്ത്രം. ഫ്രാൻസിനു വേണ്ടി വെറും 21 മത്സരങ്ങളിൽ 30 ഗോൾ നേടിയതിനു ശേഷമാണ് ഫൊണ്ടെയ്ൻ വിരമിച്ചത്. ഗോൾ ശരാശരി 1.43! മുപ്പതോ കൂടുതലോ രാജ്യാന്തര ഗോൾ നേടിയവരിൽ മറ്റാരും ഫൊണ്ടെയ്നു മുന്നിലില്ല. ക്ലബ് ഫുട്ബോളിലും അമ്പരപ്പിക്കുന്നതാണ് ഫൊണ്ടെയ്ന്റെ ഗോളടി. ഫ്രഞ്ച് ക്ലബ് റീംസിനു വേണ്ടി 131 മത്സരങ്ങളിൽ നേടിയത് 122 ഗോളുകൾ. ശരാശരി 0.93.
English Summary: Remembering just fontaine