ADVERTISEMENT

കോഴിക്കോട് ∙ വിവാദമായ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിനു ശേഷം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും നേർക്കുനേർ. സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിലെ ഗ്രൂപ്പ് എയിൽ ഇടംപിടിച്ച 2 ടീമുകൾ തമ്മിൽ ഏപ്രിൽ 16ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് തീപാറും പോരാട്ടം അരങ്ങേറുക.

ഐഎസ്എൽ, ഐ ലീഗ് ടീമുകൾ പങ്കെടുക്കുന്ന സൂപ്പർ കപ്പ് ഫുട്ബോളിന്റെ കിക്കോഫ് ഏപ്രിൽ 3നാണ്. കോഴിക്കോടും മഞ്ചേരി പയ്യനാട് സ്റ്റേഡിയവുമാണ് വേദികൾ. ഐ ലീഗിലെ 10 ടീമുകളിൽനിന്ന് യോഗ്യതാ മത്സരം ജയിക്കുന്ന 4 ടീമുകളും ഐലീഗ് ചാംപ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സിയും ഐഎസ്എൽ ടീമുകൾക്കൊപ്പം ഗ്രൂപ്പ് റൗണ്ട് മത്സരം കളിക്കുന്ന രീതിയിലാണ് മത്സരക്രമം.

ഐ ലീഗ് ടീമുകളുടെ യോഗ്യതാ മത്സരമാണ് കോഴിക്കോട്ട് ഏപ്രിൽ 3ന് ആരംഭിക്കുന്നത്. ഗോകുലം കേരള എഫ്സി ഉൾപ്പെടെയുള്ള ടീമുകൾ ഈ നോക്കൗട്ട് യോഗ്യതാ റൗണ്ട് ജയിച്ചെങ്കിലേ ഗ്രൂപ്പ് റൗണ്ടിലെത്തൂ.

ഐ ലീഗിൽനിന്നുള്ള 5 ടീമുകളും 11 ഐഎസ്എൽ ടീമുകളും ചേർന്ന് 16 ടീമുകളുടെ ഗ്രൂപ്പ് റൗണ്ട് കോഴിക്കോട്ടും മഞ്ചേരിയിലുമായി 8 മുതൽ നടക്കും. 4 ഗ്രൂപ്പുകളിലായാണ് 16 ടീമുകൾ ഏറ്റുമുട്ടുക. 4 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാർ സെമിയിലെത്തും. 21,22 തീയതികളിൽ സെമിഫൈനൽ. 25ന് കോഴിക്കോട്ടാണ് ഫൈനൽ.

സൂപ്പർ കപ്പ് ജേതാക്കൾ എഎഫ്സി കപ്പിന് യോഗ്യത നേടുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ.ഷാജി പ്രഭാകരൻ അറിയിച്ചു. കോഴിക്കോട് സ്റ്റേഡിയത്തിലെ ഫ്‌ളഡ്‍‍ലിറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലെ പോരായ്മകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ ബീന ഫിലിപ്പും ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദും അറിയിച്ചു.

ബ്ലാസ്റ്റേഴ്സ്  X  ബെംഗളൂരു വീണ്ടും

ഐഎസ്എൽ പ്ലേ ഓഫിൽ സുനിൽ ഛേത്രിയുടെ വിവാദ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ഉശിരൻ തിരിച്ചുവരവിനാണു കോഴിക്കോട് വേദിയാവുക. മത്സരം വീണ്ടും നടത്തണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതി ഇന്നലെ തള്ളിയിരുന്നു. റഫറിയുടെ തീരുമാനത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുമ്പോൾ ഗാലറികളിൽ ആവേശം നിറഞ്ഞൊഴുകുമെന്ന് ഉറപ്പ്.

ഗ്രൂപ്പുകൾ

A

ബെംഗളൂരു, കേരള ബ്ലാസ്റ്റേഴ്സ്, റൗണ്ട് ഗ്ലാസ് പഞ്ചാബ്, ഐ ലീഗ് ടീം –1

B

ഹൈദരാബാദ്, ഒഡീഷ, ഈസ്റ്റ് ബംഗാൾ, ഐ ലീഗ് ടീം –3

C

എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ, ജംഷഡ്പുർ, ഐ ലീഗ് ടീം –2

D

മുംബൈ സിറ്റി, ചെന്നൈയിൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഐ ലീഗ് ടീം –4

English Summary: Kerala Blasters vs Bengaluru FC Match in Super Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com