ADVERTISEMENT

മുംബൈ ∙ ബെംഗളൂരു എഫ്സിയുടെ തമിഴ്നാട്ടുകാരൻ സ്ട്രൈക്കർ ശിവശക്തി നാരായണൻ 58–ാം മിനിറ്റിൽ തിരിച്ചു കയറും വരെ സുനിൽ ഛേത്രി പകരക്കാരുടെ ബെഞ്ചിൽ കളി കണ്ടിരിക്കുകയായിരുന്നു! സെമിഫൈനൽ ആദ്യപാദത്തിൽ മുംബൈ സിറ്റി കത്തിക്കയറുന്നു. പന്തവകാശത്തിലും മുന്നേറ്റങ്ങളിലുമെല്ലാം സിറ്റി മിന്നി നിൽക്കുമ്പോഴാണ്, നാരായണനു പകരം ഛേത്രി കളത്തിലിറങ്ങുന്നത്. 20 മിനിറ്റിനകം ആ സബ്സ്റ്റിറ്റ്യൂഷൻ ഫലം ചെയ്തു. 78–ാം മിനിറ്റിൽ ഛേത്രിയുടെ ഹെഡർ ഗോൾപോസ്റ്റിനുള്ളിൽ.

ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ ബെംഗളൂരു എഫ്സിക്ക് 1–0 വിജയം. 12ന് ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സെമിഫൈനൽ 2–ാം പാദം. അന്ധേരിയിലെ മുംബൈ ഫുട്ബോൾ അരീനയിൽ, വിവാദത്തിന്റെ മണമുള്ള ഗോളായിരുന്നില്ല ഛേത്രി നേടിയത്. സഹതാരം റോഷൻ സിങ് പോസ്റ്റിലേക്ക് ഉയർത്തി വിട്ട കോർണർ കിക്കിൽ കൃത്യതയോടെ ഒരു ഹെഡർ. മുംബൈ ഗോളി ഫുർബ ലാചൻപയെ കാഴ്ചക്കാരനാക്കിയ ഗോൾ (1–0). ഇൻജറി ടൈം ഉൾപ്പെടെ 98 മിനിറ്റു നീണ്ട കളിയി‍ൽ ആ ഗോൾ മടക്കിയടിച്ചു തിരിച്ചുവരാൻ മുംബൈ നിര പരമാവധി ശ്രമിച്ചു. പക്ഷേ ബെംഗളൂരുവിന്റെ പഴുതടച്ച പ്രതിരോധം അതെല്ലാം നിഷ്ഫലമാക്കി.

മത്സരത്തിന്റെ ഒഴുക്കിനെതിരെയായിരുന്നു ഛേത്രിയുടെ ഗോൾ. കളി തങ്ങൾക്കെതിരെ ഒഴുകുകയാണെന്നു മനസ്സിലായപ്പോഴാണ് ബെംഗളൂരു കോച്ച് സൈമൺ ഗ്രെയ്സൻ ഛേത്രിയെ ഇറക്കിയത്. മുന്നേറ്റത്തിൽ റോയ് കൃഷ്ണയും ശിവശക്തി നാരായണനും ഫലിക്കാതെ വന്നപ്പോഴായിരുന്നു അത്.

അതേസമയം, കളിയിൽ 67 ശതമാനം നേരത്തും പന്ത് കാൽക്കലുണ്ടായിട്ടും ബെംഗളൂരുവിന്റെ പോസ്റ്റിലേക്ക് 3 ഷോട്ടുകൾ നേടാനേ മുംബൈക്കു സാധിച്ചുള്ളൂ. ബെംഗളൂരുവാകട്ടെ 7 ഷോട്ടുകൾ നേടി. മുംബൈയുടെ നീക്കങ്ങളെ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള ബെംഗളൂരു പ്രതിരോധനിര ഫലപ്രദമായി ബ്ലോക്ക് ചെയ്തു. ജിങ്കാൻ കളിയിൽ 11 ക്ലിയറൻസുകളാണു നടത്തിയത്. ബെംഗളൂരു ഗോളി ഗുർപ്രീതിന്റെ പരിചയസമ്പത്തോടെയുള്ള ഇടപെടലുകളും അവർക്കു തുണയായി.

മറുവശത്ത് ഐഎസ്എലിൽ ഇതുവരെയുള്ള മത്സരങ്ങളിലെല്ലാം പ്രകടമായിരുന്ന മുംബൈയുടെ ആക്രമണവീര്യത്തിനു മാറ്റു കുറഞ്ഞതു പോലെ തോന്നി. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ചെങ്കിലും ഗോളിലേക്കു പന്തെത്തിക്കാൻ അവർക്കു സാധിച്ചില്ല. കളിയിൽ ഏറ്റവുമധികം അവസരങ്ങൾ സൃഷ്ടിച്ച ഗ്രെഗ് സ്റ്റുവർട്ടിനു പിന്തുണ നൽകാൻ മുംബൈ നിരയിൽ ഒരാളുണ്ടായില്ല.

English Summary : Bengaluru beats Mumbai city ISL semi final first leg match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com