ന്യൂഡൽഹി ∙ എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിനുള്ള ഇന്ത്യൻ പ്രതിനിധികളെ നിശ്ചയിക്കാനുള്ള മത്സരത്തിന് കേരളം വേദിയാകും. 2021–22 സീസണിലെ ഐഎസ്എൽ ഷീൽഡ് വിജയികളായ ജംഷഡ്പുർ എഫ്സിയും 2022–23 സീസൺ വിജയികളായ മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏപ്രിൽ 4നാണു മത്സരം. മഞ്ചേരിയോ കോഴിക്കോടോ ആയിരിക്കും മത്സരത്തിന്റെ വേദി.
ഏപ്രിൽ 3ന് ആരംഭിക്കുന്ന സൂപ്പർ കപ്പിനിടെയാകും ഈ മത്സരവും. എഎഫ്സി ഗ്രൂപ്പ് ഘട്ടത്തിലേക്കു പ്രവേശനം നേടാൻ സൂപ്പർ കപ്പ് വിജയികളും 2021–22 ഐ ലീഗ് ജേതാക്കളായ ഗോകുലം കേരളയും തമ്മിൽ മത്സരിക്കും. അതേസമയം ചാംപ്യൻസ് ലീഗ് യോഗ്യതാ മത്സരത്തിൽ വിജയിക്കുന്നവരാണു സൂപ്പർ കപ്പിലും ജേതാക്കളെങ്കിൽ ഗോകുലം കേരള നേരിട്ട് എഎഫ്‌സി ഗ്രൂപ്പ് ഘട്ടത്തിലേക്കു പ്രവേശനം നേടും.
ഗോകുലം കേരളയാണു സൂപ്പർ കപ്പ് വിജയിയെങ്കിലും ഈ മത്സരമുണ്ടാകില്ല. ആവശ്യമെങ്കിൽ ഏപ്രിൽ 29നു മത്സരം നടത്തും.എഎഫ്‌സി കപ്പ് യോഗ്യതാ ഘട്ടത്തിലേക്കു 2021–22 സീസണിലെയും 2022–23 സീസണിലെയും ഐഎസ്എൽ വിജയികൾ തമ്മിൽ പൊരുതും. മേയ് 3നാകും ഈ മത്സരം നടക്കുക. 2021–22ൽ ഹൈദരാബാദ് എഫ്‌സിയാണു വിജയിച്ചത്. നിലവിലെ സീസണിൽ ബെംഗളൂരു എഫ്സിയും എടികെ മോഹൻ ബഗാനും തമ്മിൽ ശനിയാഴ്ചയാണു ഫൈനൽ. ഹൈദരാബാദ് സൂപ്പർ കപ്പ് വിജയികളായെത്തി ഗോകുലം കേരളയെ തോൽപിച്ചാൽ ഈ മത്സരവുമുണ്ടാകില്ല.
English Summary: AFC Cup Qualification Matches at Kerala