ഗോവയിൽ ഛേത്രിയുടെയും സംഘത്തിന്റെയും കണ്ണീർ; എടികെ മോഹൻ ബഗാന് 4–ാം കിരീടം

atk
ഐഎസ്എൽ‌ ചാംപ്യന്മാരായ എടികെ മോഹൻ ബഗാൻ താരങ്ങൾ.
SHARE

ഫറ്റോർഡ ∙ ആവേശപ്പോരിൽ അതിശയിച്ചു നിന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകരെ സാക്ഷിയാക്കി എടികെ മോഹൻ ബഗാൻ ഐഎസ്എൽ ഫുട്ബോൾ കിരീടം ഉയർത്തി. ഒപ്പത്തിനൊപ്പം പൊരുതിയ ബെംഗളൂരു എഫ്സിയെ പെനൽറ്റി ഷൂട്ടൗട്ടിൽ 4–3ന് തോൽപിച്ചാണ് എടികെയുടെ കിരീടധാരണം. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ‌ നടന്ന കലാശപ്പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2–2 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ബെംഗളൂരുവിന്റെ ബ്രൂണോ റെമീറസ് എടുത്ത മൂന്നാം കിക്ക് എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്ത് തടഞ്ഞപ്പോൾ പാബ്ലോ പെരസിന്റെ അഞ്ചാം കിക്ക് പോസ്റ്റിനു പുറത്തേക്ക് പോയി. എടികെ താരങ്ങൾ എടുത്ത 4 കിക്കും ലക്ഷ്യത്തിലെത്തിച്ചു. 

മത്സരത്തിന്റ നിശ്ചിത സമയത്ത് പെട്രാറ്റോസ് എടികെയ്ക്കായി ഇരട്ടഗോൾ നേടിയപ്പോൾ സുനിൽ ഛേത്രി (45+5), റോയ് കൃഷ്ണ (78) എന്നിവർ ബെംഗളൂരുവിനായി ഗോൾ നേടി. നിശ്ചിത സമയത്തെ 3 ഗോളുകൾ പെനൽറ്റിയിലൂടെയായിരുന്നു. 

ഒരു ഫൈനലിന്റെ എല്ലാ ആവേശവും ഉൾക്കൊണ്ട മത്സരത്തിൽ 14–ാം മിനിറ്റിൽ തന്നെ എടികെ ലീഡെടുത്തു. ബെംഗളൂരു ബോക്സിലേക്ക് വന്ന ക്രോസിൽ‌ എടികെയുടെ മലയാളി താരം ആഷിഖ് കുരുണിയന്റെ ഹെഡർ ശ്രമം തടയുന്നതിനിടെ റോയി കൃഷ്ണ ഹാൻഡ്ബോൾ വഴങ്ങി. എടികെയ്ക്ക് അനുകൂലമായി പെനൽറ്റി. കിക്കെടുത്ത ദിമിത്രി പെട്രാറ്റോസിന് പിഴച്ചില്ല. എടികെ 1, ബെംഗളൂരു 0.

ആദ്യ പകുതിയുടെ ഇൻജറി ടൈമിൽ എടികെ ബോക്സിൽ റോയ് കൃഷ്ണയെ ഫൗൾ ചെയ്തതിന് ബെംഗളൂരുവിന് അനുകൂലമായി പെനൽറ്റി ലഭിച്ചു. കിക്കെടുത്ത സൂപ്പർ താരം സുനിൽ ഛേത്രി ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. (1–1). 78–ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് റോയ് കൃഷ്ണ ഹെഡറിലൂടെ ഗോളാക്കിയതോടെ ബെംഗളൂരുവിന് നിർണായക ലീഡ് ലഭിച്ചു (2–1). എന്നാൽ 7 മിനിറ്റിനു ശേഷം എടികെ രണ്ടാം പെനൽറ്റി നേടി. പെട്രാറ്റോസിന്റെ പവർ കിക്ക് ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിനെ മറികടന്ന് പോസ്റ്റിനുള്ളിലേക്ക് (2–2). നിശ്ചിത സമയത്തിന്റെ അവസാന നിമിഷത്തിൽ ഗോൾ നേടാൻ എടികെ പൊരുതിയെങ്കിലും ബെംഗളൂരു പ്രതിരോധത്തിൽ തട്ടി പുറത്തേക്ക്. അതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 90 മിനിറ്റിലെ ആവേശം തുടർന്നുള്ള 30 മിനിറ്റിലും തുടർന്നു. പക്ഷേ ഗോൾ നേടാനായില്ല. 

6 മാസത്തോളം നീണ്ട ഐഎസ്എൽ സീസണിന്റെ കലാശക്കൊട്ടിൽ മുന്നേറ്റത്തിലും പ്രതിരോധത്തിലും ഇരുടീമും ഒപ്പത്തിനൊപ്പം പൊരുതി. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ബെംഗളൂരു സ്ട്രൈക്കർ ശിവശക്തി നാരായണൻ പരുക്കേറ്റ് പുറത്തായി. പകരക്കാരനായി സുനിൽ ഛേത്രി കളത്തിൽ. എടികെ തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ചപ്പോൾ ആദ്യ ഗോളിനു ശേഷമാണ് ബെംഗളൂരു ഉണർന്നത്. പന്തവകാശത്തിലും പാസ് കൃത്യതയിലും ഒപ്പത്തിനൊപ്പം നിന്ന ഇരുടീമും ഫൗളിന്റെ കാര്യത്തിലും വിട്ടുകൊടുത്തില്ല. എടികെ 19 ഫൗൾ വഴങ്ങിയപ്പോൾ ബെംഗളൂരു 16 എണ്ണം വഴങ്ങി.

പെട്രാറ്റോസും ബെംഗളൂരുവിന്റെ പ്രതിരോധ താരം സന്ദേശ് ജിങ്കാനും തമ്മിലായിരുന്നു പ്രധാന മത്സരം. പെട്രാറ്റോസ് മത്സരത്തിൽ 6 ഗോളവസരങ്ങൾ സൃഷ്ടിച്ചപ്പോൾ ജിങ്കാൻ 10 ക്ലിയറൻസുമായി പ്രതിരോധത്തിൽ ഉറച്ചു നിന്നു. 

പോസ്റ്റിലേക്കെത്തിയ പന്ത് 25 തവണ ബെംഗളൂരു പ്രതിരോധ താരങ്ങൾ ക്ലിയർ ചെയ്തു. പ്രതിരോധ നിരയെ മറികടന്നെത്തിയ പന്ത് ഗുർപ്രീത് സിങ് സന്ധു പിടിച്ചെടുത്തു. മത്സരത്തിൽ 4 സേവുകളാണ് ഗുർപ്രീത് നടത്തിയത്.

ഛേത്രിയെയും റോയ് കൃഷ്ണയെയും എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു എടികെയുടെ താരം പ്രീതം കോട്ടൽ. 7 ക്ലിയറൻസുകളുമായി ബെംഗളൂരു മുന്നേറ്റത്തിന്റെ മുന ഒടിച്ചതിൽ‌ പ്രധാനി പ്രീതമായിരുന്നു. പ്രീതം ഉൾപ്പെടുന്ന എടികെ പ്രതിരോധം 22 തവണ ക്ലിയറൻസുകൾ നടത്തി.

കൊച്ചിയിലേത് മികച്ച പിച്ച് !

ഗോവ∙ ഐഎസ്എൽ ഫുട്ബോൾ സീസണിലെ മികച്ച പിച്ചിനുള്ള അവാർഡ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു. സീസണിൽ കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഹോം മത്സരങ്ങൾക്കായി ഒരുക്കിയ പിച്ചിനാണ് അംഗീകാരം ലഭിച്ചത്.

∙ഗോൾഡൻ ഗ്ലൗവ്: വിശാൽ കെയ്ത് (എടികെ മോഹൻ ബഗാൻ)

∙ഗോൾഡൻ ബൂട്ട്: ഡിയേഗോ മൗറീഷ്യോ (ഒഡീഷ എഫ്സി)

∙എമർജിങ് പ്ലെയർ: ശിവ ശക്തി നാരായണൻ (ബെംഗളൂരു എഫ്സി)

∙ഹീറോ ഓഫ് ദ് ലീഗ്: ലാലിയൻസുവാല ചാങ്ടെ (മുംബൈ സിറ്റി)

English Summary: ATK Mohun Bagan vs Bengaluru FC in Indian Super League Final Match Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS