ADVERTISEMENT

മലപ്പുറം ∙ ‘ഫുട്ബോളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. അതു കളിക്കണം. പിന്നെ എന്റെ വരുമാനമുപയോഗിച്ച് കുടുംബത്തെ സെയ്ഫാക്കണം. കുടുംബത്തിലെ എല്ലാവരും സന്തോഷമായിട്ടിരിക്കണം. ഇതു രണ്ടുമേ എന്റെ മനസ്സിലുള്ളൂ. അതിനപ്പുറത്ത് ആരു ചീത്ത വിളിച്ചാലും അധിക്ഷേപിച്ചാലും എനിക്കൊരു പ്രശ്നവുമില്ല.’ ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തെക്കുറിച്ചായിരുന്നു ആഷിഖ് കുരുണിയന്റെ ഈ പരാമർശം. ഐഎസ്എൽ കിരീടം നേടിയ എടികെ മോഹൻ ബഗാന്റെ താരവും മലപ്പുറം പട്ടർക്കടവ് സ്വദേശിയുമായി ആഷിഖ് കുരുണിയൻ മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്.

 

? ഐഎസ്എൽ കിരീടം നേടി, ഈ ടൂർണമെന്റിൽ ഏറ്റവും ഓർത്തിരിക്കുന്ന കാര്യം.

കിരീട നേട്ടം എന്നെന്നും ഓർത്തിരിക്കുന്ന സന്തോഷ നിമിഷമാണ്. അതിനെക്കാൾ കൗതുകത്തോടെ ഓർക്കുന്നത് കോച്ച് യുവാൻ ഫെർണാൻഡോയുടെ പരിശീലന രീതികളാണ്. ഗ്രൂപ്പ് റൗണ്ട് കഴിഞ്ഞതുമുതൽ ടീം മീറ്റിങ്ങിൽ ഫൈനൽ വരെയുള്ള ഷെഡ്യൂളാണ് അദ്ദേഹം പറയുക. ക്വാർട്ടർ കടക്കുമോ, സെമി കടക്കുമോ എന്നൊന്നും ചോദ്യമില്ല. ഫൈനൽ ഉറപ്പിച്ച മട്ടിലാണ് പ്ലാനിങ്. ഇത് ഞങ്ങൾക്ക് ഏറെ പ്രചോദനം നൽകി. തൊട്ടടുത്ത ദിവസം നടക്കാനിരിക്കുന്ന കളിയും അതിനടുത്ത കളിയുമൊക്കെ ജയിച്ച് ഫൈനലിൽ കപ്പടിക്കും എന്നുറപ്പിച്ചാണ് പരിശീലകനൊപ്പം ഞങ്ങളും കളത്തിലിറങ്ങുന്നത്.

 

? കൊൽക്കത്ത ജീവിതം

ഫുട്ബോളിനെക്കുറിച്ച് നല്ല അറിവുള്ള നാട്ടുകാർ. ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് കേരളത്തിൽ കിട്ടുന്ന അതേ സ്വീകരണം ബഗാൻ താരങ്ങൾക്ക് അവിടെയും കിട്ടുന്നു. കടുത്ത ഫുട്ബോൾ ആരാധകർക്കും കുറവില്ല. ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിൽ കളി വരുമ്പോൾ ആവേശം ഒന്നുകൂടി കൂടും. ഈസ്റ്റ് ബംഗാൾ ആരാധകർക്ക് ഇഷ്ടപ്പെട്ട മീനും മോഹൻ ബഗാന്റെ ആരാധകർക്ക് ഇഷ്ടമുള്ള മറ്റൊരു മീനും ഉണ്ടത്രെ. സ്വന്തം ടീമിന്റെ കളിയുള്ള ദിവസം ഈ മീന് മാർക്കറ്റിൽ വൻ ഡിമാൻഡ് ആയിരിക്കുമെന്നു പറയുന്നു. കേട്ടറിഞ്ഞതാണ്. ആ മീനുകളുടെ പേര് കൃത്യമായി ഓർക്കുന്നില്ല.

 

? പരുക്കായിട്ടും ഫൈനൽ കളിച്ചല്ലോ

ഫൈനലിന് 12 ദിവസം മാത്രമുള്ളപ്പോഴാണ് ഇടതു കാലിനു പരുക്കേറ്റത്. ലിഗ്മെന്റിനായിരുന്നു പരുക്ക്. ഒന്നരമാസമെങ്കിലും വിശ്രമം വേണ്ടി വരും. കളിക്കാൻ പറ്റില്ലെന്നു തന്നെയായിരുന്നു വിചാരം. എന്നാൽ ടീം എന്നെ മുംബൈയിലെ ഒരു ആശുപത്രിയിലേക്കയച്ച് ഒരാഴ്ചയോളം പ്രത്യേക ചികിത്സ നൽകി. ഫൈനലിനു തൊട്ടു മുൻപുള്ള ദിവസം ടീമിനൊപ്പം പരിശീലിച്ചപ്പോൾ നല്ല വേദനയുണ്ടായിരുന്നു. പക്ഷേ, ഫൈനലിൽ 45 മിനിറ്റെങ്കിലും കളിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബെഞ്ചിലിരുന്ന്, കപ്പടിക്കുമ്പോൾ മൈതാനത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിൽ ഒരു സുഖമില്ലല്ലോ. ടീം എന്റെ ആഗ്രഹത്തിനു പിന്തുണ നൽകിയതിനാൽ ഫൈനലിൽ കളിക്കാനായി.

? ഐഎസ്എല്ലിൽ ഏറ്റവും കടുപ്പമേറിയ മത്സരം ഏതായിരുന്നു.

ഗ്രൂപ്പ് റൗണ്ടിൽ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരം. ഞങ്ങൾ നന്നായി കളിച്ചെങ്കിലും ഗോളടിക്കാനായില്ല. കടുപ്പമേറിയ പ്രതിരോധമായിരുന്നു അവരുടേത്. ഒരു ഗോളിന് ഞങ്ങൾ തോൽക്കുകയാണുണ്ടായത്.

 

? സ്വന്തം ഫുട്ബോൾ അക്കാദമിയെക്കുറിച്ച്

എകെ 22 എന്ന പേരിലാണ് അക്കാദമി. കുറ്റ്യാടി, കൂട്ടിലങ്ങാടി, നാദാപുരം എന്നിവിടങ്ങളിൽ അക്കാദമി ഫുട്ബോൾ പരിശീലനം നൽകുന്നുണ്ട്. നിലവിൽ നൂറോളം പേരുണ്ട്. മൈതാനമില്ലാത്തതിനാൽ ടർഫുകളുപയോഗിച്ചാണ് പരിശീലനം നൽകുന്നത്. അതിനാൽ ഫീസ് വാങ്ങുന്നുണ്ട്. മികവു പുലർത്തുന്ന ഇരുപതോളം പേരുടെ പരിശീലനം സൗജന്യമാണ്. പുറത്തുനിന്നുള്ള ഒരു പരിശീലകനെ കൊണ്ടുവരണം, പരിശീലനം പൂർണമായി സൗജന്യമാക്കണം എന്നിവയാണ് ആഗ്രഹം. അതിനു പറ്റിയ സ്പോൺസറെ തേടിക്കൊണ്ടിരിക്കുകയാണിപ്പോൾ.

 

? ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രി എടുത്ത വിവാദ ഫ്രീ കിക്കിനെക്കുറിച്ച്.

വിവാദത്തെക്കുറിച്ച് പ്രതികരിക്കാനില്ല. ആ ഫ്രീകിക്ക് ഗോൾ ബ്ലാസ്റ്റേഴ്സ് ആണ് അടിച്ചതെങ്കിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ അതിനെ അനുകൂലിക്കുകയും ബെംഗളൂരു ആരാധകർ അതിനെ എതിർക്കുകയും ചെയ്യും. ഇപ്പോൾ നേരെ തിരിച്ചാണ് സംഭവിച്ചതെന്നു മാത്രം.

 

?  പ്രതീക്ഷകൾ

പരുക്കു ഭേദമായി സൂപ്പർ കപ്പ് കളിക്കണം, കപ്പടിക്കണം. കോഴിക്കോട്ടാണ് എന്റെ ടീമിന്റെ മത്സരങ്ങളെല്ലാം. നിങ്ങൾ കളി കാണാൻ വരണം. നിങ്ങളുടെ പ്രാർഥനകൾ എന്നും എന്നോടൊപ്പമുണ്ടായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.

 

? ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രതികരണം അതിരു കടന്നോ, വിഷമമുണ്ടായോ 

ഐഎസ്എൽ നടക്കുന്ന എല്ലാ മൈതാനങ്ങളിലും കളിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം സ്വന്തം നാട്ടുകാരൻ എതിർ ടീമിലാണ് കളിക്കുന്നതെങ്കിലും അവരെ പ്രോത്സാഹിപ്പിക്കുകയാണ് അവിടത്തെ കാണികൾ ചെയ്യാറ്. എതിർ ടീമിലെ മലയാളികളെ തിരഞ്ഞുപിടിച്ച് അധിക്ഷേപിക്കുന്ന രീതി ബ്ലാസ്റ്റേഴ്സിന്റെ ഗ്രൗണ്ടിൽ മാത്രമേ കണ്ടിട്ടുള്ളൂ. ടീമുകൾക്കെതിരെ പറയുമെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മറ്റിടങ്ങളിലെ കാണികൾ പോകാറില്ല. ഫുട്ബോൾ സംസ്കാരമുള്ള സംസ്ഥാനത്തിൽനിന്നാണ് വരുന്നതെന്ന് ഞാൻ അഭിമാനിച്ചിരുന്നു. എന്നാൽ, എന്റെ സഹപ്രവർത്തകർ ‘എന്താ നിങ്ങളുടെ നാട്ടിൽ മാത്രം ഇങ്ങനെ’ എന്നു ചോദിക്കുമ്പോൾ തലകുനിക്കേണ്ടി വരുന്നു. ഫുട്ബോൾ ഒരു പ്രഫഷനല്ലേ. എല്ലാ മലയാളികൾക്കും ബ്ലാസ്റ്റേഴ്സിൽ തന്നെ കളിക്കാനാകുമോ. നിലവിൽ ഇരുപതിലധികം മലയാളികൾ ഐഎസ്എൽ കളിക്കുന്നുണ്ട്. ഇവരെല്ലാവരും കൂടി ബ്ലാസ്റ്റേഴ്സിലേക്കു വന്നെന്നു കരുതുക. എത്രപേർക്ക് കളിക്കാനാകും. കളിക്കാനുള്ള നല്ല പ്രായം ബെഞ്ചിലിരുന്നു കളയേണ്ടി വരില്ലേ.

 

സൂപ്പർ കപ്പ് സൂപ്പറാക്കണം

മലപ്പുറത്ത് ഫുട്ബോൾ മേള നടത്തിയാൽ വിജയിക്കുമെന്ന കാര്യത്തിൽ അന്യനാട്ടുകാർക്കു പോലും സംശയമില്ല. അടുത്തമാസം പയ്യനാട്ടു നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളും നമുക്ക് സൂപ്പറാക്കിക്കൊടുക്കണം. ഗാലറി നിറച്ച് ഫുട്ബോൾ ലോകത്തിനു മുൻപിൽ വീണ്ടും നമുക്ക് തലയുയർത്തി നിൽക്കണം.

English Summary: Ashique Kuruniyan interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com