ധാക്ക (ബംഗ്ലദേശ്)∙ മലയാളി താരം ഷിൽജി ഷാജിയുടെ ഹാട്രിക്കിന്റെ മികവിൽ സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോളിൽ ഇന്ത്യയ്ക്ക് ഉജ്വല തുടക്കം. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 4–1ന് നേപ്പാളിനെ തകർത്തു.
10, 40, 81 മിനിറ്റുകളിലാണ് മിഡ്ഫീൽഡർ ഷിൽജിയുടെ ഗോളുകൾ. 41–ാം മിനിറ്റിൽ പൂജയും ഇന്ത്യയ്ക്കായി ഗോൾ നേടി. ബർഷ ഒലിയാണ് (54–ാം മിനിറ്റ്) നേപ്പാളിന്റെ ഏക ഗോൾ നേടിയത്.
കോഴിക്കോട് കക്കയം സ്വദേശിനിയായ ഷിൽജി സ്പോർട്സ് കേരള ഗോകുലം ഫുട്ബോൾ അക്കാദമിയുടെ താരമാണ്. കഴിഞ്ഞ മാസം ജോർദാനെതിരെ സൗഹൃദ മത്സരത്തിൽ 4 ഗോൾ നേടിയതോടെയാണ് സാഫ് കപ്പിനുള്ള ടീമിൽ ഇടംപിടിച്ചത്. 24ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
മറ്റൊരു മത്സരത്തിൽ ബംഗ്ലദേശ് 8–1ന് ഭൂട്ടാനെ തോൽപിച്ചു. ബംഗ്ലദേശ്, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, റഷ്യ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
English Summary: Shilji Shaji's hat-trick gives India wins in SAFF Cup U-17 Women's Football