പാരിസ് ∙ ഫ്രാൻസ് ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരം കിലിയൻ എംബപെ ആഘോഷമാക്കി. യൂറോ യോഗ്യതാ മത്സരത്തിൽ നെതർലൻഡ്സിനെതിരെ ഫ്രാൻസ് 4–0നു ജയിച്ചപ്പോൾ രണ്ടു ഗോൾ നേടിയത് നായകൻ തന്നെ. 2–ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാന്റെ ഗോളിനു വഴിയൊരുക്കിയ എംബപെ പിന്നീട് 21, 88 മിനിറ്റുകളിലാണ് ലക്ഷ്യം കണ്ടത്.
8–ാം മിനിറ്റിൽ ദയോത് ഉപമെകാനോയാണ് ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടിയത്. ഇൻജറി ടൈമിൽ മെംഫിസ് ഡിപായിയുടെ പെനൽറ്റി കിക്ക് പുതിയ ഫ്രഞ്ച് ഗോൾകീപ്പർ മൈക്ക് മെയ്നാൻ സേവ് ചെയ്തതോടെ ഒരു ഗോളെങ്കിലും തിരിച്ചടിക്കുക എന്ന ഡച്ചുകാരുടെ ആഗ്രഹം സഫലമായില്ല. വൈറസ് ബാധ മൂലം പ്രധാന താരങ്ങളില്ലാതെ പോയതും നെതർലൻഡ്സിനു തിരിച്ചടിയായി. ലൂയി വാൻഗാളിന്റെ പിൻഗാമിയായി നെതർലൻഡ്സിന്റെ പരിശീലക സ്ഥാനമേറ്റെടുത്ത ശേഷം റൊണാൾഡ് കൂമാന്റെ ആദ്യ മത്സരമായിരുന്നു ഇത്.
ഇബ്രയ്ക്കു സ്വാഗതം
41–ാം വയസ്സിൽ സ്വീഡൻ ടീമിലേക്കു തിരിച്ചെത്തിയ സ്‌ലാട്ടൻ ഇബ്രാഹിമോവിച്ചിന് ‘സ്വാഗത’മോതി ബൽജിയം താരം റൊമേലു ലുക്കാകു. ലുക്കാകു ഹാട്രിക് നേടിയ മത്സരത്തിൽ ബൽജിയം സ്വീഡനെ 3–0നു തോൽപിച്ചു. സ്റ്റോക്കോമിലെ ഫ്രണ്ട്സ് അരീനയിൽ 35, 49, 82 മിനിറ്റുകളിലായിരുന്നു ലുക്കാകുവിന്റെ ഗോളുകൾ.
ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ശേഷം ബൽജിയം ടീമിന്റെ ചുമതലയേറ്റെടുത്ത പരിശീലകൻ ഡൊമിനിക്കോ ടെഡെസ്കോയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നതായി ഈ ജയം. 73–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് സ്വീഡിഷ് കോച്ച് യാൻ ആൻഡേഴ്സൻ ഇബ്രാഹിമോവിച്ചിനെ ഇറക്കിയത്.
മറ്റു മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക് 3–1ന് പോളണ്ടിനെയും ഓസ്ട്രിയ 4–1ന് അസർബെയ്ജാനെയും തോൽപിച്ചു. ഓസ്ട്രിയയ്ക്കായി മാർസൽ സബിറ്റ്സർ ഇരട്ടഗോൾ നേടി.
English Summary : France vs Netherlands Match Updates