വിലക്കോ പോയിന്റ് വെട്ടിക്കുറയ്ക്കലോ ഇല്ല; കേരള ബ്ലാസ്റ്റേഴ്സിന് പിഴ അഞ്ചു കോടി?

kerala-blasters
വിവാദ ഗോളിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളോട് തിരികെപ്പോരാന്‍ ആവശ്യപ്പെടുന്ന കോച്ച് ഇവാൻ വുക്കൊമനോവിച്. Photo: Twitter
SHARE

ന്യൂ‍ഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കോ, പോയിന്റ് വെട്ടിക്കുറയ്ക്കലോ ഉണ്ടാകില്ല. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ബ്ലാസ്റ്റേഴ്സിന് അഞ്ച് കോടി രൂപ പിഴ ചുമത്താനാണു സാധ്യതയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എഐഎഫ്എഫിന്റെ അച്ചടക്ക സമിതിയാണ് ബ്ലാസ്റ്റേഴ്സിനെതിരെ നടപടിയെടുക്കുക.

എഐഎഫ്എഫ് ‍ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 5‌8 പ്രകാരമാണു ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരിക. നിയമപ്രകാരം മത്സരം ബഹിഷ്കരിച്ചതിനു  ഏറ്റവും കുറഞ്ഞത് ആറു ലക്ഷം രൂപയാണു പിഴ. കൂടാതെ ടൂര്‍ണമെന്റിൽനിന്നു വിലക്കുകയോ, ഭാവി മത്സരങ്ങൾ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇത്തരം നടപടികൾ എടുക്കാൻ സാധ്യതയില്ല.

എങ്കിലും വലിയ പിഴത്തുക തന്നെ ബ്ലാസ്റ്റേഴ്സിനെതിരെ ചുമത്തണമെന്നതാണ് എഐഎഫ്എഫിന്റെ നിലപാട്. അച്ചടക്ക ലംഘനത്തിന്റെ പേരിൽ ഒരു ക്ലബിനെതിരെ എഐഎഫ്എഫ് ചുമത്തുന്ന ഏറ്റവും വലിയ തുകയായിരിക്കും ഇതെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ദീർഘമായ ചര്‍ച്ചകൾക്കൊടുവിലാണ് ബ്ലാസ്റ്റേഴ്സിനെതിരെ എന്തു നടപടി വേണമെന്ന കാര്യത്തിൽ എഐഎഫ്എഫ് തീരുമാനത്തിലെത്തിയത്.

ബ്ലാസ്റ്റേഴ്സ് കളി ബഹിഷ്കരിച്ചത് യാതൊരു തരത്തിലും നീതികരിക്കാനാകില്ലെന്നാണ് എഐഎഫ്എഫിന്റെ അഭിപ്രായം. താരങ്ങൾ ഗ്രൗണ്ട് വിട്ടശേഷം 20 മിനിറ്റോളം കാത്തിരുന്ന ശേഷമാണ് റഫറി മത്സരം അവസാനിച്ചതായി പ്രഖ്യാപിച്ചത്. ഈ സമയത്ത് പരിശീലകൻ ഇവാൻ വുക്കൊമാനോവിച്ചിന്റെ തീരുമാനം മാറ്റുന്നതിന് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് ഒന്നും ചെയ്തില്ലെന്നും എഐഎഫ്എഫ് കണ്ടെത്തി. നടപടികൾക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അപ്പീൽ പോകാൻ സാധിക്കും. ഇന്ത്യൻ സൂപ്പർ ലീഗ് സംഘാടകർ ബ്ലാസ്റ്റേഴ്സിനെതിരായ നടപടി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ വിവാദ ഗോൾ റഫറി അനുവദിച്ചതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം നിർത്തിവച്ച് മടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറാകുന്നതിനു മുൻപേ ഛേത്രി ഫ്രീകിക്ക് എടുത്തെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വാദം. എന്നാൽ റഫറി ക്രിസ്റ്റൽ ജോൺ ഛേത്രിക്ക് ഗോൾ അനുവദിക്കുകയായിരുന്നു. ഇതോടെ പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച് ടീമിനെ തിരിച്ചുവിളിച്ചു. ബ്ലാസ്റ്റേഴ്സിനെതിരെ ബെംഗളൂരു എഫ്സി വിജയിച്ചതായി പിന്നീടു പ്രഖ്യാപിച്ചു.

കഴിഞ്ഞ ഐഎസ്എൽ ഫൈനലിൽ ഉൾപ്പെടെ റഫറി ക്രിസ്റ്റൽ ജോൺ കൈക്കൊണ്ട തെറ്റായ തീരുമാനങ്ങളോടുള്ള പ്രതിഷേധത്തിന്റെ തുടർച്ചയായാണ് ഇത്തവണ ബെംഗളൂരു എഫ്‍സിക്കെതിരായ പ്ലേഓഫ് മത്സരത്തിനിടെ ടീമിനെ പിൻവലിച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ എഐഎഫ്എഫിനു വിശദീകരണം നൽകിയിരുന്നു. ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ നൽകിയ നോട്ടിസിന് മറുപടിയായാണ് ഇവാൻ ഇക്കാര്യം അറിയിച്ചത്.‌

English Summary: AIFF likely to fine Kerala Blasters Rs 5 crore for walkout

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS