ADVERTISEMENT

ഡബ്ലിൻ ∙ മൈക്ക് മയ്ന്യാന് ഇപ്പോഴാണ് ‘മെയിൻ’ ആവാനുള്ള അവസരം കിട്ടിയത്; ടീമിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമായ ഹ്യൂഗോ ലോറിസ് വിരമിച്ചതിനു ശേഷം! യൂറോ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിലും ഉജ്വലമായ സേവുകളിലൂടെ ഇരുപത്തേഴുകാരൻ ഗോൾകീപ്പർ ഫ്രാൻസിന്റെ രക്ഷകനായി. ബി ഗ്രൂപ്പ് മത്സരത്തിൽ ഫ്രാൻസ് അയർലൻഡിനെ തോൽപിച്ചത് 1–0ന്. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെതിരെ മയ്ന്യാൻ പെനൽറ്റി സേവ് ചെയ്തിരുന്നു. ഇന്നലെ കളിയുടെ അവസാന നിമിഷം വന്ന രണ്ടു ഹെഡറുകളാണ് മയ്ന്യാൻ പറന്നു ചാടി രക്ഷപ്പെടുത്തിയത്. മയ്ന്യാനെ കെട്ടിപ്പിടിച്ചാണ് ഫ്രഞ്ച് താരങ്ങൾ വിജയം ആഘോഷിച്ചത്. ഇറ്റാലിയൻ ക്ലബ് എസി മിലാൻ താരമാണ് മയ്ന്യാൻ. ദേശീയ ടീമിലേക്കു ഗംഭീര തിരിച്ചു വരവു നടത്തിയ ഡിഫൻഡർ ബെഞ്ചമിൻ പവാർദ് 50–ാം മിനിറ്റിൽ നേടിയ ഗോളിലാണ് അയർലൻഡിനെതിരെ ഫ്രാൻസിന്റെ ജയം.

ബി ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് 4–0നു തോറ്റ നെതർലൻഡ്സ് ഇന്നലെ ജിബ്രാ‍ൾട്ടറിനെ 3–0നു തോൽപിച്ചു. ഫിഫ റാങ്കിങ്ങിൽ 200–ാം സ്ഥാനക്കാരാണ് ജിബ്രാൾട്ടർ. രണ്ടാം പകുതിയിൽ നേതൻ‌ അകെ നേടിയ 2 ഗോളുകളാണ് ഡച്ച് പടയ്ക്ക് വിജയമൊരുക്കിയത്. 23–ാം മിനിറ്റിൽ മെംഫിസ് ഡിപായ് ആദ്യഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലിയാം വോക്കർ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതിനാൽ 10 പേരുമായാണ് പിന്നീട് ജിബ്രാൾട്ടർ കളിച്ചത്.

ആദ്യ മത്സരത്തിൽ ബൽജിയത്തോടു തോറ്റ സ്വീഡൻ ഇന്നലെ 5–0ന് അസർബൈജാനെ തോൽപിച്ചു. ഹംഗറി 3–0ന് ബൾഗേറിയയെയും ഓസ്ട്രിയ 2–1ന് എസ്തോണിയയെയും പോളണ്ട് 1–0ന് അൽബേനിയയെയും തോൽപിച്ചു. ചെക്ക് റിപ്പബ്ലിക്കിനെ  174–ാം സ്ഥാനക്കാരായ മോൾഡോവ ഗോൾരഹിത സമനിലയിൽ പിടിച്ചു.

English Summary : France Goal keeper Mike Maignan makes incredible save to defeat Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com