ADVERTISEMENT

കോഴിക്കോട് ∙ കരുത്തരെ നേരിടുമ്പോഴും പതറാത്ത ആത്മവിശ്വാസം, തളരാത്ത അധ്വാനം. അതിന്റെ അമരത്ത് ബ്രസീലുകാരൻ ഡിയേഗോ മൗറീഷ്യോയുടെ ഇരട്ടഗോളു‌കൾ കൂടി ചേർന്നപ്പോൾ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം ഒഡീഷ എഫ്സിക്ക്. നിലവിലെ ചാംപ്യൻമാരായ ബെംഗളൂരു എഫ്സിയെ 2–1ന് അട്ടിമറിച്ചാണ് ഒഡീഷയുടെ ആദ്യ കിരീടനേട്ടം. ഒഡീഷയ്ക്കു വേണ്ടി 23, 38 മിനിറ്റുകളിലായി മുന്നേറ്റതാരം ഡിയേഗോ മൗറീഷ്യോ ഇരട്ട ഗോളുകൾ നേടി. ഫൈനലിലെ 2 ഗോൾ അടക്കം ടൂർണമെന്റിൽ ഇതുവരെ 5 ഗോളുകൾ നേടിയ ഡിയേഗോയാണ് കളിയിലെയും ടൂർണമെന്റിലെയും താരം. ബെംഗളൂരുവിന്റെ ഏകഗോൾ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ സുനിൽ ഛേത്രി നേടി.

ഒരു മാസത്തോളം കൊടുംചൂടിൽ നടന്ന കളികൾക്ക് ഒടുവിൽ ഫൈനലിലെത്തിയ ടീമുകൾക്കായി പെയ്തത് കനത്ത മഴ! കളിയിലുടനീളം ആധിപത്യം പുലർത്തിയത് ഒഡീഷ എഫ്സിയായിരുന്നു. ബെംഗളൂരു ഗോളി ഗുർപ്രീത് സന്ധുവിന്റെ ജാഗ്രതക്കുറവിൽനിന്നാണ് ഒഡീഷയുടെ ആദ്യ ഗോൾ. 23–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്ന് മൗറീഷ്യോ എടുത്ത ഫ്രീകിക്ക് സന്ധുവിന്റെ കയ്യിലേക്കാണ് ക്യത്യം പറന്നിറങ്ങിയത്. എന്നാൽ സന്ധുവിന്റെ കൈകൾക്കിടയിലൂടെ പന്ത് വലയിലെത്തി. ആ പിഴവിനു ബെംഗളൂരു വലിയ വില നൽകേണ്ടി വന്നു. ആദ്യഗോൾ നേടിയ ആത്മവിശ്വാസം കളിയിലുടനീളം ഒഡീഷയ്ക്കു മേൽക്കൈ നേടിക്കൊടുത്തു.

38–ാം മിനിറ്റിലായിരുന്നു ഒഡീഷയുടെ രണ്ടാം ഗോൾ. വലതു കോർണറിൽനിന്ന് വിക്ടർ റോഡ്രിഗസ് നൽകിയ പാസ് ഇടതുവിങ്ങിൽ നിന്ന ജെറി ഹെഡ് ചെയ്തു. പോസ്റ്റിലേക്കു പറന്നിറങ്ങിയ പന്ത് ബെംഗളൂരു താരങ്ങൾ ക്ലിയർ ചെയ്തതു കൃത്യം മൗറീഷ്യോയുടെ കാലിലേക്ക്. ഒരിഞ്ചു പോലും പിഴയ്ക്കാതെ മൗറീഷ്യോ ഷോട്ട്, ഗോൾ. ഇതോടെ ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് ഒഡീഷ മുന്നിൽ.

രണ്ടാം പകുതിയിൽ 4 മാറ്റങ്ങളുമായാണ് ബെംഗളൂരു എഫ്സി കളിക്കാനിറങ്ങിയത്. നിറം മങ്ങിയ രോഹിത് കുമാറിനും ജയേഷ് റാണയ്ക്കും പകരം പാബ്ലോ പെരസിനെയും ജൊവാനിച്ചിനെയും കളത്തിലിറക്കി ആക്രമണത്തിനു മൂർച്ച കൂട്ടി. എന്നാൽ ഒഡീഷ കളിയുടെ വേഗം കുറച്ച് പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞു. ഒഡീഷയുടെ പ്രതിരോധക്കോട്ട പൊളിച്ച് അകത്തു കടക്കാൻ ബെംഗളൂരുവിനു കഴിഞ്ഞതുമില്ല. 83ാം മിനിറ്റിൽ ഒഡീഷ മുന്നേറ്റ താരം അനിൽ ജാദവ് ബെംഗളൂരുവിന്റെ ശിവശക്തിയെ ബോക്സിൽ വീഴ്ത്തിയതിന് ബെംഗളൂരുവിനു കിട്ടിയ പെനൽറ്റി കിക്ക് ക്യാപ്റ്റൻ സുനിൽ ഛേത്രി വലയിലെത്തിച്ചു (2–1). ഒരു ഗോൾ തിരിച്ചടിച്ചതോടെ കളിയിലേക്കു തിരിച്ചെത്തിയ ബെംഗളൂരു ആക്രമിച്ചു കളിച്ചെങ്കിലും ഗോളിലേക്ക് എത്തിയില്ല. 89–ാം മിനിറ്റിൽ ബെംഗളൂരുവിന് അനുകൂലമായി ഹാൻഡ് ബോൾ ലഭിച്ചെങ്കിലും റഫറി അനുവദിച്ചില്ല. കളി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ബെംഗളൂരു താരം സന്ദേശ് ജിങ്കാൻ ഗോൾ പോസ്റ്റിലേക്ക് തൊടുത്ത ഹെഡർ ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയതോടെ ബെംഗളൂരുവിന്റെ ഇരട്ട ദുരന്തം പൂർത്തിയായി. ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എടികെയോടും ബെംഗളൂരു പരാജയപ്പെട്ടിരുന്നു.

ടൂർണമെന്റ് അവാർഡുകൾ

പ്ലെയർ ഓഫ് ദ് മാച്ച്: ഡിയേഗോ മൗറീഷ്യോ (ഒഡീഷ)

പ്ലെയർ ഓഫ് ദ് ടൂർണമെന്റ്: ഡിയേഗോ മൗറീഷ്യോ (ഒഡീഷ)

ബെസ്റ്റ് ഗോൾകീപ്പർ: അമരീന്ദർ സിങ് (ഒഡീഷ)

ടോപ് സ്കോറർ: വിൽമർ ജോർദാൻ (നോർത്ത് ഈസ്റ്റ്– 7 ഗോൾ)

ഫെയർ പ്ലേ അവാർഡ്: ഐസോൾ എഫ്സി

English Summary: Odisha FC won Super cup football 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com