ഇന്റർ ലോക്ക് !; എസി മിലാൻ –0, ഇന്റർ മിലാൻ –2
Mail This Article
മിലാൻ ∙ എട്ടാം മിനിറ്റിൽ എഡിൻ ജെക്കോ, 11–ാം മിനിറ്റിൽ ഹെൻറിക് മഖിതെര്യാൻ...! മിലാൻ ടീമുകൾ തമ്മിൽ 20 വർഷത്തിനു ശേഷം യുവേഫ ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ, വിശ്വപ്രസിദ്ധമായ സാൻസിറോ മൈതാനത്തും ഗാലറിയിലും ചിതറിത്തെറിച്ച 2 തീപ്പൊരികളായിരുന്നു ആ ഗോളുകൾ. വെറും 3 മിനിറ്റിനിടെ എസി മിലാന്റെ ഗോൾവലയിലേക്കു 2 തീക്കനലുകൾ കോരിയിട്ട ഇന്റർ മിലാൻ പിന്നീടുള്ള സമയമത്രയും ആ കനലിൽനിന്നു തങ്ങളുടെ ഗോൾമേഖലയിലേക്ക് തീപടരാതിരിക്കാൻ കാവൽനിന്നു! ആദ്യപകുതിയിലെ ജ്വലിക്കുന്ന പ്രകടനത്തിന്റെ ബലത്തിൽ ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ഇന്റർ മിലാനു 2–0 വിജയം. രണ്ടാം പാദം ഇതേവേദിയിൽ 16ന് അർധരാത്രി 12.30ന്.
2010നു ശേഷം ഇന്റർ മിലാൻ യൂറോപ്പിന്റെ ഫുട്ബോൾ ഭൂമികയിലേക്കു വിജയാരവത്തോടെ മടങ്ങി വരികയാണെന്ന സൂചന നൽകുന്നതായി ഈ പ്രകടനം.കളിയുടെ ഒഴുക്കിനെതിരായിരുന്നു ആദ്യ 2 ഗോളുകളും. അതോടെ, കഴിഞ്ഞ 6 ചാംപ്യൻസ് ലീഗ് മത്സരങ്ങളിലായി ഒരേയൊരു ഗോൾ മാത്രം വഴങ്ങിയിട്ടുള്ള എസി മിലാന്റെ ആത്മവിശ്വാസം അപ്പാടെ ചോർന്നുപോയി. സാൻസിറോയെ പ്രകമ്പനം കൊള്ളിച്ച എസി മിലാൻ ആരാധകരുടെ ആർപ്പുവിളികളെല്ലാം ആ 2 ഗോളുകളുടെ വരവോടെ അർഥശൂന്യമായി. 20 വർഷത്തിനു ശേഷം ചാംപ്യൻസ് ലീഗിൽ ഇരുടീമും ഏറ്റുമുട്ടുന്നതു നേരിൽ കാണാൻ 2003ലെ ഇന്റർ – എസി മിലാൻ ടീമംഗങ്ങളിൽ പലരും എത്തിയിരുന്നു. അവർക്കൊപ്പം എസി മിലാന്റെ കടുത്ത ആരാധകനായ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചുമുണ്ടായിരുന്നു!
എട്ടാം മിനിറ്റിൽ ഇന്റർ മിലാന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ഹകാൻ ചാൽഹനോളുവിന്റെ കോർണർ കിക്കിൽനിന്നാണ് എസി മിലാന്റെ കുതിപ്പിനു ലോക്കിട്ട ആദ്യഗോൾ. തുർക്കി താരം ചാൽഹനോളുവിന്റെ പന്ത് നിലംതൊടും മുൻപേ എഡിൻ ജെക്കോയുടെ ഇടംകാൽ വോളി. പന്ത് മിലാന്റെ വലയിൽ (1–0). ആദ്യഗോൾ വീണതിന്റെ അമ്പരപ്പും ഞെട്ടലും മാറും മുൻപേ എസി മിലാന് അടുത്തതൊന്നു കൂടി വഴങ്ങേണ്ടി വന്നതാണു കളിയിൽ നിർണായകമായത്.
11–ാം മിനിറ്റിൽ ഫെഡറിക്കോ ഡിമാർക്കോയുടെ അസിസ്റ്റിൽനിന്ന് ഹെൻറിക് മഖിതെര്യാന്റെ ക്ലോസ് റേഞ്ച് ഷോട്ട്. മിലാന്റെ ഫ്രഞ്ച് ഗോളി മൈക്ക് മൈഗ്‌നൻ കണ്ണഞ്ചിച്ചു നിൽക്കെ പന്തു വലയിൽ (2–0).ശേഷിച്ച മത്സരസമയമത്രയും 2 ഗോൾ ലീഡ് നഷ്ടപ്പെടാതെ കാക്കാൻ ഇന്ററിന്റെ പ്രതിരോധനിരയ്ക്കു കഴിഞ്ഞു. മറുവശത്ത് പ്രധാന ഫോർവേഡ് റാഫേൽ ലിയോ ഇല്ലാതിരുന്നത് മിലാന്റെ ആക്രമണങ്ങളുടെ മുനയൊടിക്കുകയും ചെയ്തു. ഈ സീസണിൽ ഇതു 3–ാം തവണയാണ് എസി മിലാനെ ഇന്റർ മിലാൻ തോൽപിക്കുന്നത്. സീരി എ, ഇറ്റാലിയൻ സൂപ്പർ കപ്പ്, ചാംപ്യൻസ് ലീഗ് എന്നിവയിലാണിത്. മുൻപ് 19994–95 സീസണിലാണ് മിലാന് സമാന രീതിയിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത്.
ചാംപ്യൻസ് ലീഗ് സെമിഫൈനലുകളുടെ ചരിത്രത്തിൽ കളി തുടങ്ങി 11 മിനിറ്റിനിടെ 2–0 ലീഡ് നേടിയ 3 മത്സരങ്ങളേ മുൻപ് ഉണ്ടായിട്ടുള്ളൂ. യുവന്റസ് – മാഞ്ചസ്റ്റർ യുണൈറ്റഡ് (1999), മാഞ്ചസ്റ്റർ യുണൈറ്റഡ് – ആർസനൽ (2009), മാഞ്ചസ്റ്റർ സിറ്റി – റയൽ മഡ്രിഡ് (2022) എന്നിവ. ഇതിൽ ആദ്യപാദ മത്സരത്തിൽ 2–0 ലീഡ് നേടിയ മാഞ്ചസ്റ്റർ സിറ്റിക്കും യുവന്റസിനും രണ്ടാംപാദം കടന്ന് ഫൈനലിൽ എത്താൻ കഴിഞ്ഞില്ല.
English Summary : Inter Milan Defeated AC Milan in Champions League Football