ADVERTISEMENT

പാരിസ്∙ ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനിടെ പിഎസ്ജിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കു നേരെ കൂകിവിളിച്ച് പിഎസ്ജി ആരാധകർ. അജാസിയോയെ പിഎസ്ജി എതിരില്ലാത്ത അഞ്ചു ഗോളുകൾക്കു തകർ‌ത്തെങ്കിലും ആരാധകർ മെസ്സിയെ വെറുതെ വിട്ടില്ല. മെസ്സിയുടെ കാലിൽ പന്തു കിട്ടുമ്പോഴെല്ലാം ആരാധകർ സൂപ്പർ താരത്തെ പരിഹസിച്ചു. മത്സരത്തിൽ മെസ്സിക്കു ഗോൾ നേടാൻ സാധിച്ചിരുന്നില്ല.

ആരാധകരുടെ ഭാഗത്തുനിന്നുള്ള സമീപനം മെസ്സിക്കും പിഎസ്ജിക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് പിഎസ്ജി താരം റെനാറ്റോ സാഞ്ചസ് രാജ്യാന്തര മാധ്യമത്തോടു പറഞ്ഞു. മത്സരത്തില്‍ കിലിയൻ എംബപെ ഇരട്ട ഗോൾ നേടി. 47, 54 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. ഫാബിയൻ റൂയിസ് (22), അച്റഫ് ഹക്കീമി (33) എന്നിവരാണ് പിഎസ്ജിയുടെ മറ്റു ഗോൾ സ്കോറർമാർ.

73–ാം മിനിറ്റിൽ അജാസിയോ താരം മുഹമ്മദ് യൂസഫിന്റെ സെൽഫ് ഗോൾ കൂടിയായതോടെ മത്സരത്തിൽ പിഎസ്ജി അഞ്ച് ഗോളുകള്‍ക്കു മുന്നിലെത്തി. പിഎസ്ജി താരം അച്റഫ് ഹക്കീമിയും അജാസിയോയുടെ തോമസ് മങ്കാനിയും മത്സരത്തിന്റെ രണ്ടാം പകുതിയിൽ ചുവപ്പുകാർഡ് കണ്ടു പുറത്തായി. അനുമതി വാങ്ങാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിനെ തുടർന്ന് മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്കു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധിക്കു ശേഷം തിരിച്ചെത്തിയ ആദ്യ മത്സരത്തിലാണ് താരത്തെ സ്വന്തം ആരാധകർ തന്നെ അപമാനിച്ചത്.

മെസ്സി സൗദി അറേബ്യൻ ക്ലബ്ബായ അൽ– ഹിലാലിലേ‌ക്കു പോകുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായുരുന്നു. എന്നാൽ വാർത്തകൾ തള്ളി മെസ്സിയുടെ പിതാവു തന്നെ പിന്നീടു രംഗത്തെത്തി. അൽ– ഹിലാലുമായി കരാർ ഒപ്പിട്ടിട്ടില്ലെന്നും മെസ്സിയുടെ പിതാവു വ്യക്തമാക്കി. ഈ സീസണിൽ പിഎസ്ജിയില്‍ കളിച്ച ശേഷം മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോനയിലേക്കു തന്നെ തിരികെ പോകുമെന്നാണ് ഇപ്പോൾ‌ പുറത്തുവരുന്ന വിവരം.

English Summary: PSG fans against Lionel Messi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com