ADVERTISEMENT

അഹമ്മദാബാദ് ∙ പരിചയ സമ്പത്തിന്റെയും ഉജ്വല ഫോമിന്റെയും ‘മലബാറിയൻസ്’ വീര്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ കന്നഡ ‘കിക്സ്റ്റാർട്ട്’ നിഷ്പ്രഭം! ഇന്ത്യൻ വനിതാ ലീഗ് (ഐഡബ്ല്യുഎൽ) ക്ലബ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഗോകുലം കേരള എഫ്സിക്കു തുടർച്ചയായ മൂന്നാം കിരീടം. ഫൈനലിൽ കർണാടകയിലെ കിക്സ്റ്റാർട്ട് എഫ്സിയെ 5–0നാണ് ഗോകുലം തോൽപിച്ചത്. ഇന്ത്യൻ വനിതാ ഫുട്ബോളിൽ ഹാട്രിക് കിരീടം നേടുന്ന ആദ്യ ക്ലബ്ബെന്ന നേട്ടം 

ഗോകുലം സ്വന്തമാക്കി. 2017-ൽ ആരംഭിച്ച വനിതാ ലീഗിൽ കഴിഞ്ഞ രണ്ടു തവണയും (2020, 2022) ജേതാക്കളായത് ഗോകുലമായിരുന്നു. 2021ൽ കോവിഡ് കാരണം ചാംപ്യൻഷിപ് നടന്നില്ല. 

ട്രാൻസ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ലീഗ് ആറാം പതിപ്പിന്റെ ഫൈനലിൽ പന്തവകാശം, പാസിങ്, പ്രതിരോധം എന്നിവയിലെല്ലാം വ്യക്തമായ ആധിപത്യം പുലർത്തിയാണു ഗോകുലം വനിതകൾ ചാംപ്യൻമാരായത്. ഫൈനലിന്റെ ആദ്യ പകുതിയിലാണ് ഗോകുലത്തിന്റെ 3 ഗോളുകളും പിറന്നത്. സീസണിലെ ടോപ് സ്കോററായ സ്ട്രൈക്കർ സബ്രിത ഭണ്ഡാരിയാണു ഗോകുലത്തിനായി ഗോളടി തുടങ്ങിയത്. 5–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്ന് സബ്രിത തൊടുത്ത ലോങ് ഷോട്ട്, ഉയർന്നു താഴ്ന്നു വലയിലെത്തി. 22–ാം മിനിറ്റിൽ ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ്, സ്ട്രൈക്കർ സന്ധ്യ രംഗനാഥൻ സുന്ദരമായി രണ്ടാം ഗോൾ നേടി. 37–ാം മിനിറ്റിൽ ഹാൻഡ് ബോളിനു ലഭിച്ച പെനൽറ്റിയിലൂടെ ഇന്ദുമതി കതിരേശൻ ഗോകുലത്തിന്റെ ലീഡ് മൂന്നാക്കി. 

ആദ്യ പകുതി അവസാനിക്കും മുൻപ് സബ്രിത ഭണ്ഡാരിക്ക് വീണ്ടും സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ വീണില്ല.

അദ്ഭുത തിരിച്ചുവരവു നടത്താൻ കഴിയുമെന്നു പ്രതീക്ഷിച്ച്, രണ്ടാം പകുതിയിലെത്തിയ കിക്സ്റ്റാർട്ട് എഫ്സിയെ 4–ാം ഗോൾ നേടി ഗോകുലം പൂർണമായി തളർത്തി. 52-ാം മിനിറ്റിൽ സന്ധ്യ രംഗനാഥനാണ് ഗോൾ നേടിയത്. 

പ്രതിരോധ നിരയെ കബളിപ്പിച്ച്, സബ്രിത ഉയർത്തി നൽകിയ ക്രോസ് സന്ധ്യ ഹെഡറിലൂടെ വലയിലാക്കി. പകരക്കാരെ ഇറക്കി ഗോൾ മടക്കാൻ കിക്സ്റ്റാർട്ട് എഫ്സി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. 80–ാം മിനിറ്റിൽ സബ്രിത നൽകിയ ലോ ക്രോസിലൂടെ മധ്യനിര താരം റോജ ദേവി ഗോകുലത്തിന്റെ തേരോട്ടം പൂർത്തിയാക്കി. 

വനിതാ ലീഗിന്റെ ഈ സീസണിൽ ഫൈനൽ ഉൾപ്പെടെ 10 മത്സരങ്ങളിൽ തോൽവിയറിയാതെയാണു ഗോകുലം കേരളയുടെ കിരീട നേട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ 7 മത്സരത്തിൽ ആറിലും ജയിച്ചു. ഒരു സമനില മാത്രം. 

സൂപ്പർ സബിത്ര! 

sabithra
സബ്രിത

ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ ഫൈനലിൽ ഗോകുലത്തിന്റെ വിജയത്തിനു വഴിമരുന്നിട്ടത് നേപ്പാൾ സ്ട്രൈക്കർ സബ്രിത ഭണ്ഡാരിയുടെ ആദ്യ ഗോളും പിന്നീടു നൽകിയ അസിസ്റ്റുകളും. ഫൈനലിൽ ഗോകുലത്തിന്റെ നാലും അഞ്ചും ഗോളുകൾ പിറന്നത് സബ്രിത നൽകിയ മനോഹര പാസുകളിലൂടെയാണ്. ഫൈനലിലെ ഗോൾ ഉൾപ്പെടെ ഈ സീസണിൽ 29 ഗോളുകളുമായി ടോപ് സ്കോറർ പോരാട്ടത്തിലും സബ്രിത ബഹുദൂരം ഒന്നാമതെത്തി. സബ്രിത തന്നെയാണു ഫൈനലിലെ മികച്ച താരവും. ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിലെ എക്കാലത്തെയും ടോപ് സ്കോറർ (45 ഗോളുകൾ) എന്ന നേട്ടവും സബ്രിത സ്വന്തമാക്കി. 

English Summary: Gokulam Kerala FC Winners Indian Women's league football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com