ADVERTISEMENT

മാഞ്ചസ്റ്റർ സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രശംസിച്ചത് ആരെയാണ്; എർലിങ് ഹാളണ്ട്, കെവിൻ ഡിബ്രൂയ്നെ..? ഒരു പക്ഷേ ഇവർക്കൊപ്പമോ അതിൽ കൂടുതലോ പെപ് പ്രശംസ വാരിച്ചൊരിഞ്ഞ ‘മറ്റൊരാൾ’ കൂടിയുണ്ട്– ആർസനൽ ടീം! കിരീടപ്പോരാട്ടത്തിൽ  മുന്നേ ഓടിയ മിക്കൽ അർടേറ്റയുടെ ടീമിനെ അഭിനന്ദിക്കുക എന്നതായിരുന്നു ഒരു ഘട്ടത്തിൽ പെപ്പിന്റെ സ്ഥിരം പരിപാടി. ആ മുഖസ്തുതിയിൽ മയങ്ങിയ പോലെ കഴിഞ്ഞ 8 മത്സരങ്ങളിൽ ആർസനൽ ജയിച്ചത് രണ്ടെണ്ണം മാത്രം. 248 ദിവസം ഒന്നാം സ്ഥാനത്തു നിന്നശേഷം അവർ താഴേക്കിറങ്ങി. ശനിയാഴ്ച ആർസനൽ നോട്ടിങ്ങാമിനോടു 1–0നു തോറ്റതോടെ കിരീടം സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്കു പോയി. 

ഗോളുറപ്പ് പദ്ധതി 

മറ്റു ലീഗുകളിൽ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന കളിക്കാരെല്ലാം നേരിടുന്ന വെല്ലുവിളിയാണ് ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ കടുത്ത മത്സരക്ഷമതയുമായി പൊരുത്തപ്പെടുക എന്നത്. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തുമ്പോൾ നോർവേ സ്ട്രൈക്കർ എർലിങ് ഹാളണ്ടിനു മുന്നിൽ മറ്റൊരു വെല്ലുവിളി കൂടിയുണ്ടായിരുന്നു– പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങളുമായി പൊരുത്തപ്പെടുക. തലേവർഷം ഒരു ‘നമ്പർ 9 ഫോർവേഡ്’ പോലുമില്ലാതെ കിരീടം ചൂടിയ സിറ്റിയിലേക്കാണ് ഒരു കംപ്ലീറ്റ് സ്ട്രൈക്കർ ആയ ഹാളണ്ടെത്തുന്നത്. എന്നാൽ മുന്നേറ്റത്തിൽ പെപ് തനിക്കു നൽകിയ സ്വാതന്ത്ര്യവും കെവിൻ ഡിബ്രൂയ്നെ പോലൊരു പ്ലേമേക്കറുടെ സഹായവും ഹാളണ്ട് മുതലെടുത്തു. . 

യൂറോപ്പിലെ ബെസ്റ്റ് 

സിറ്റി വിജയത്തിന്റെ പോസ്റ്റർ ബോയ് ആയി ഹാളണ്ട് മാറിയെങ്കിലും ഒരാളിലൊതുങ്ങുന്നതല്ല ഈ വിജയം. ബ്രസീൽ ദേശീയ ടീമിൽ അലിസൻ ബെക്കറിനു കീഴിൽ രണ്ടാമനാണെങ്കിലും പ്രിമിയർ ലീഗിൽ അലിസനെ പിന്നിലാക്കിയ ഗോൾകീപ്പർ എദേഴ്സൻ, ‘വോക്കർ’ എന്ന തന്റെ പേരിനോടു നീതിപുലർത്താതെ ലോകോത്തര സ്ട്രൈക്കർമാരെ ‘ഓടിപ്പിടിച്ച’ കൈൽ വോക്കർ, മുൻ ജർമൻ ക്യാപ്റ്റൻ ഫിലിപ് ലാമിനെ അനുസ്മരിപ്പിക്കും വിധം ‘ഡിഫൻഡർ–മിഡ്ഫീൽഡർ’ ആയി കളിച്ച പതിനെട്ടുകാരൻ റിക്കോ ലൂയിസ്, ഒരു സ്ട്രൈക്കറുടെ ശാരീരിക പ്രത്യേകതകളുമായി പിൻനിര കാത്ത റൂബൻ ഡയസ്, കല്ലു വീണ വെള്ളം പോലെ മിഡ്ഫീൽഡിനെ ചലനാത്മകമാക്കിയ ജോൺ സ്റ്റോൺസ്, നിർണായക മത്സരങ്ങളിൽ ഗ്വാർഡിയോളയുടെ പോരാളികളായ നേതൻ അകെയും മാനുവൽ അകഞ്ചിയും, കരിയറിൽ തന്റെ ഏറ്റവും മികച്ച സീസൺ കളിച്ച റോഡ്രി, ഗ്വാർഡിയോളയുടെ പാസിങ് ഗെയിമിനെ പൂർണതയ്ക്കപ്പുറം എത്തിച്ച കെവിൻ ഡിബ്രൂയ്നെ, കളിക്കളത്തിലും പുറത്തും ക്യാപ്റ്റനായ ഇൽകായ് ഗുണ്ടോവൻ, വിങ്ങിൽ വിസ്ഫോടനം തീർത്ത ബെർണാഡോ സിൽവയും ജാക്ക് ഗ്രീലിഷും, ഹാളണ്ടിന്റെ ഡപ്യൂട്ടി പോലെ പ്രവർത്തിച്ച യൂലിയൻ അൽവാരസ്.... ഇംഗ്ലണ്ടിലെ എന്നല്ല യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ടീമായി പെപ്പിന്റെ സിറ്റിയെ ഇവർ മാറ്റി. 

കിരീടനേട്ടം ജയത്തോടെ ആഘോഷിച്ച് സിറ്റി

ലണ്ടൻ ∙ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗ് കിരീടനേട്ടം ആഘോഷിച്ച് മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ രാത്രി ചെൽസിക്കെതിരെ നടന്ന മത്സരമാണ് സിറ്റി വിജയാഘോഷത്തിനുള്ള വേദിയാക്കിയത്. 

മത്സരത്തിൽ സിറ്റി 1–0നു ജയിച്ചു. 12–ാം മിനിറ്റിൽ യൂലിയൻ അൽവാരസാണ് ഗോൾ നേടിയത്. ഫൈനൽ വിസിലിനു പിന്നാലെ സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോവൻ പ്രിമിയർ ലീഗ് ട്രോഫി ഏറ്റുവാങ്ങി. 

ശനിയാഴ്ച ആർസനൽ നോട്ടിങ്ങാം ഫോറസ്റ്റിനോടു തോറ്റതോടെ തന്നെ സിറ്റി കിരീടം ഉറപ്പിച്ചിരുന്നു.കഴിഞ്ഞ 6 സീസണിനിടെ സിറ്റിയുടെ അഞ്ചാം കിരീടമാണിത്. തുടർച്ചയായ മൂന്നാം കിരീടവും. 9–ാം തവണയാണ് സിറ്റി ഇംഗ്ലണ്ടിലെ ക്ലബ് ചാംപ്യൻമാരാകുന്നത്. ഇതിൽ 2 നേട്ടങ്ങൾ പ്രിമിയർ ലീഗിനു മുൻപുണ്ടായിരുന്ന ഫസ്റ്റ് ഡിവിഷനിലാണ്. 

English Summary: manchester city won english premier league 2023 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com