ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ വലൻസിയയ്ക്കെതിരെ മത്സരത്തിൽ റയൽ മഡ്രിഡ് ഫോർവേഡ് വിനീസ്യൂസ് ജൂനിയറിനു വിധിച്ച ചുവപ്പുകാർഡ് റദ്ദാക്കി. മത്സരത്തിനിടെ വംശീയാധിക്ഷേപത്തിന് ഇരയായ വിനീസ്യൂസും വലൻസിയ താരങ്ങളുമായുണ്ടായ തർക്കത്തിനിടെയാണ് റഫറിക്കു മാർച്ചിങ് ഓർഡർ വിധിക്കേണ്ടി വന്നത്.

എന്നാൽ, സംഭവത്തിന്റെ വിശദമായ വിലയിരുത്തലിൽ വിനീസ്യൂസിന്റെ ഭാഗം കൂടി പരിഗണിച്ചാണ് ചുവപ്പുകാർഡ് പിൻവലിക്കുന്നതെന്നു സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. വലൻസിയ ആരാധകർ തന്റെ നേർക്കു വംശീയാധിക്ഷേപം നടത്തിയെന്ന ബ്രസീൽ താരത്തിന്റെ ആരോപണം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ, സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വലൻസിയ ക്ലബ്ബിനു 45,000 യൂറോ പിഴശിക്ഷയും വിധിച്ചിട്ടുണ്ട്. കാണികൾ വിനീസ്യൂസിനെ അപമാനിച്ച വലൻസിയ സ്റ്റേഡിയത്തിന്റെ സൗത്ത് സ്റ്റാൻഡ് അടുത്ത 5 മത്സരങ്ങളിൽ ഭാഗികമായി അടച്ചിടാനും വിധിച്ചു. സംഭവത്തിനെതിരെ അപ്പീൽ നൽകുമെന്ന നിലപാടിലാണ് വലൻസിയ ക്ലബ് മാനേജ്മെന്റ്.

അതിനിടെ, ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദ് റെഡിമീർ സ്മാരകം വിനീസ്യൂസിനോടുള്ള അനുഭാവ സൂചകമായി കഴിഞ്ഞ ദിവസം രാത്രി വെളിച്ചം അണച്ചു പ്രതിഷേധിച്ചിരുന്നു.

English Summary : Vinicius' red card overturned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com