മെസ്സിക്ക് റെക്കോർഡ്; പിഎസ്ജിക്ക് കിരീടം
Mail This Article
പാരിസ് ∙ ഒടുവിൽ പിഎസ്ജി ആരാധകർക്ക് ആഘോഷം തുടങ്ങാൻ ഒരു മെസ്സി ഗോൾ തന്നെ വേണ്ടി വന്നു! ക്ലബ്ബുമായും ആരാധകരുമായും അത്ര സ്വരച്ചേർച്ചയിൽ അല്ലെങ്കിലും അർജന്റീന താരത്തിന്റെ ഗോളിൽ പിഎസ്ജി ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചു. സ്ട്രാസ്ബർഗിനെതിരെ സമനില (1–1) നേടിയതോടെയാണ് പിഎസ്ജി 11–ാം തവണയും ഫ്രാൻസിലെ ക്ലബ് ചാംപ്യൻമാരായത്. ഒരു മത്സരം ബാക്കി നിൽക്കെ, രണ്ടാമതുള്ള ലെൻസിനെക്കാൾ 4 പോയിന്റ് മുന്നിലാണ് പിഎസ്ജി.
എവേ മൈതാനത്ത് കളിയുടെ 59–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ അസിസ്റ്റിൽ നിന്നാണ് മെസ്സി ലക്ഷ്യം കണ്ടത്.
79–ാം മിനിറ്റിൽ കെവിൻ ഗമെയ്റോയിലൂടെ സ്ട്രാസ്ബർഗ് ഗോൾ മടക്കി.
കിരീടനേട്ടത്തോടെ ലീഗിൽ 10 തവണ ജേതാക്കളായ സെന്റ് എറ്റീനെ പിഎസ്ജി മറികടന്നു. ഗോളടിച്ചതോടെ മെസ്സിയും റെക്കോർഡ് കുറിച്ചു. യൂറോപ്യൻ ടോപ് ഫൈവ് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോൾ (496) എന്ന നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് മെസ്സി മറികടന്നത്. ക്ലബ്, രാജ്യാന്തര കരിയറിൽ മെസ്സിയുടെ 43–ാം ട്രോഫി കൂടിയാണിത്. ഫ്രഞ്ച് ക്ലബ്ബുമായി ഇതുവരെ കരാർ പുതുക്കാത്ത മെസ്സി ഈ സീസണോടെ ക്ലബ് വിടാനിരിക്കുകയാണ്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിലേക്ക് മെസ്സി എത്തുമെന്നാണ് സൂചന. സൗദി പ്രോ ലീഗിൽ അൽ ഹിലാലിന്റെ എതിരാളികളായ അൽ നസ്ർ ക്ലബ്ബിനു വേണ്ടിയാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്.
പിഎസ്ജി ഗോൾകീപ്പർ സെർജിയോ റിക്കോ ഐസിയുവിൽ
പാരിസ് ∙ കിരീടനേട്ടത്തിനിടയിലും പിഎസ്ജിക്കു സങ്കടമായി ഗോൾകീപ്പർ സെർജിയോ റിക്കോയുടെ അപകടം. സ്പെയിനിൽ കുതിരയോട്ടത്തിനിടെ വീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഇരുപത്തിയൊൻപതുകാരൻ റിക്കോ സെവിയ്യയിലെ ആശുപത്രിയിൽ ഐസിയുവിലാണ്. സ്ട്രാസ്ബർഗിനെതിരെ മത്സരത്തിൽ പകരക്കാരുടെ നിരയിലുണ്ടായിരുന്ന റിക്കോ മത്സരശേഷമാണ് സ്പെയിനിലേക്കു പോയത്.
English Summary : PSG won the French league football match