‘ഗോ വെൽ, ക്യാപ്റ്റൻ!’: ‘സ്ഥിരം’ നായകനും പടിയിറങ്ങി; അടുത്ത സീസണിൽ ന്യൂ ബ്ലാസ്റ്റേഴ്സ്
Mail This Article
കൊച്ചി ∙ ‘ഫോർ ഇയേഴ്സ് ആൻഡ് എ ലൈഫ് ടൈം ഓഫ് മെമ്മറീസ്. ഗോ വെൽ, ക്യാപ്റ്റൻ!’ – ടീം വിട്ട നായകൻ ജെസൽ കാർണെയ്റോയ്ക്ക് ആശംസകൾ നേർന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പങ്കുവച്ച ട്വീറ്റ്. ജെസലിനു പിന്നാലെ, വിക്ടർ മോംഗിൽ, ഇവാൻ കല്യൂഷ്നി, ഹർമൻജ്യോത് ഖബ്ര, മുഹീത് ഖാൻ എന്നിവരും ടീം വിട്ടതായി ക്ലബ് സ്ഥിരീകരിച്ചതോടെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് നിര അടിമുടി ഉടച്ചു വാർക്കപ്പെടുമെന്ന് ഉറപ്പായി. അപ്പോസ്തലസ് ജിയാനു നേരത്തെ തന്നെ ടീം വിട്ടിരുന്നു. ജെസലിനൊപ്പം, പ്രതിരോധ നിരയിൽ മങ്ങിയും തിളങ്ങിയും കളിച്ച നിഷു കുമാറും ബ്ലാസ്റ്റേഴ്സ് കുപ്പായം അഴിച്ചു കഴിഞ്ഞു.
∙ കൊഴിഞ്ഞതു 3 വിദേശ താരങ്ങൾ
ജിയാനു, സ്പാനിഷ് സെന്റർ ബാക്ക് വിക്ടർ മോംഗിൽ, യുക്രെയ്ൻ മിഡ്ഫീൽഡർ കല്യൂഷ്നി എന്നിവർ ടീം വിട്ടതോടെ, കഴിഞ്ഞ സീസണിൽ കളിച്ച 5 വിദേശ താരങ്ങളിൽ അവശേഷിക്കുന്നതു മിഡ്ഫീൽഡ് ജനറൽ അഡ്രിയാൻ ലൂണയും സൂപ്പർ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസും മാത്രം. ബ്ലാസ്റ്റേഴ്സിന്റെ ‘സ്ഥിരം’ നായകൻ എന്ന ആദരം നൽകി അവതരിപ്പിച്ച ജെസൽ 4 വർഷത്തിനു ശേഷമാണു ടീം വിടുന്നത്.
ആദ്യ സീസണിൽ ലെഫ്റ്റ് ബാക്ക് സ്ഥാനത്തു മികച്ച ഫോമിൽ കളിച്ച അദ്ദേഹത്തിനു പരുക്കുകളുടെ ഇടക്കാലം അത്ര നല്ല ഓർമകളല്ല സമ്മാനിച്ചത്. പരുക്കിനു ശേഷം കഴിഞ്ഞ സീസണിൽ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിന്റെ നിഴൽ മാത്രമായിരുന്നു പലപ്പോഴും. ഇന്നലെയാണ് അദ്ദേഹത്തിന്റെ കരാർ അവസാനിച്ചത്. ഗോവൻ താരമായ ജെസൽ ബെംഗളൂരു എഫ്സിയുമായി ധാരണയിലെത്തിയെന്നാണു റിപ്പോർട്ടുകൾ. പ്രതിരോധ താരം ഖബ്രയ്ക്കു കഴിഞ്ഞ സീസണിൽ ഏറിയ സമയവും ബെഞ്ചിലായിരുന്നു സ്ഥാനം.
∙ ഇനി, പൊളിച്ചടുക്കൽ
താരങ്ങളുടെ വരവും പോക്കും പുതുമയല്ലാത്ത ബ്ലാസ്റ്റേഴ്സിനെ ‘വീണ്ടും’ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമാണു കോച്ച് ഇവാൻ വുക്കോമനോവിച്ചിനു മുന്നിൽ. മുന്നേറ്റ നിരയിൽ ജിയാനുവിനു പകരം ഓസ്ട്രേലിയൻ ഫോർവേഡ് ജോഷ്വ സത്തീരിയോ എത്തും. ഓസീസ് ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിൽ നിന്നാണു സത്തീരിയോയുടെ വരവ്. കഴിഞ്ഞ സീസണിൽ പരുക്കും മോശം ബെഞ്ച് സ്ട്രെങ്തും കാരണം വലഞ്ഞ ബ്ലാസ്റ്റേഴ്സിന് ഇക്കുറി പ്രതിരോധത്തിലും മധ്യനിരയിലും കാര്യമായ അഴിച്ചു പണി വേണ്ടിവരും. ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച് ഒഴികെ പഴയ പ്രതിരോധ നിര ഏറെക്കുറെ ഒഴിവായിക്കഴിഞ്ഞു. പാർശ്വങ്ങളിലൂടെ കുതിച്ചു കയറാനും മികച്ച ക്രോസുകൾ തൊടുക്കാനും കഴിയുന്ന വിങ്ങർമാർക്കായും ബ്ലാസ്റ്റേഴ്സ് അന്വേഷണത്തിലാണ്.
English Summary : New kerala blasters on next season