ADVERTISEMENT

പാരിസ് ∙ ക്ലബ്ബുമായുള്ള കലഹവും ആരാധകരുടെ അനിഷ്ടവുമെല്ലാമായി സംഭവബഹുലമായ ലയണൽ മെസ്സിയുടെ പിഎസ്ജി കാലത്തിന് അവസാനം. അർജന്റീന താരം ഫ്രഞ്ച് ക്ലബ് വിടുകയാണെന്ന് പരിശീലകൻ ക്രിസ്റ്റോഫ് ഗാൽട്ടിയർ സ്ഥിരീകരിച്ചു. ശനിയാഴ്ച ക്ലെർമണ്ടിനെതിരെയുള്ളത് പിഎസ്ജി ജഴ്സിയിൽ മെസ്സിയുടെ അവസാന മത്സരമാകുമെന്നും ഗാൽട്ടിയർ പറഞ്ഞു. പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാരിസിലെ പാർക് ദെ പ്രിൻസസിലാണ് മത്സരം. 

‘‘ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ശനിയാഴ്ച പിഎസ്ജി ജഴ്സിയിൽ അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കും. ഊഷ്മളമായ ഒരു വിടവാങ്ങൽ അദ്ദേഹത്തിനു ലഭിക്കുമെന്നാണ് എന്റെ പ്രതീക്ഷ..’’– ഗാൽറ്റിയർ പറഞ്ഞു. മെസ്സിയുടെ ഗോളിലൂടെ കഴിഞ്ഞ മത്സരത്തിൽ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചെങ്കിലും അർജന്റീന താരവുമായി ഒട്ടും നല്ല ബന്ധമല്ല പിഎസ്ജി ആരാധകർക്കുണ്ടായിരുന്നത്. ക്ലബ്ബുമായി കരാർ പുതുക്കാതിരുന്ന മെസ്സിയെ പല മത്സരങ്ങളിലും കൂവലോടെയാണ് ആരാധകർ വരവേറ്റത്. ക്ലബ്ബിനെ അറിയിക്കാതെ മെസ്സി സൗദി അറേബ്യൻ സന്ദർശനത്തിനു പോയതോടെ ക്ലബ് മാനേജ്മെന്റുമായും മെസ്സിയുടെ ബന്ധം തകർന്നു. 

2021ൽ സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്ന് പിഎസ്ജിയിലെത്തിയ മെസ്സി പാരിസ് ക്ലബ്ബിനു വേണ്ടി 74 മത്സരങ്ങളിൽ നിന്ന് 32 ഗോളുകളും 35 അസിസ്റ്റുകളും നേടി. ഫ്രഞ്ച് ലീഗിൽ പിഎസ്ജി 11–ാം തവണയും ജേതാക്കളായെങ്കിലും മെസ്സിയും നെയ്മാറും എംബപെയും ഉണ്ടായിട്ടും യുവേഫ ചാംപ്യൻസ് ലീഗിൽ പ്രീ ക്വാർട്ടറിൽ തന്നെ പുറത്തായത് വലിയ തിരിച്ചടിയായി. 

സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാലാണ് വൻതുക നൽകി മെസ്സിയെ സ്വന്തമാക്കാൻ രംഗത്തുള്ളത്. 40 കോടി യുഎസ് ഡോളർ (ഏകദേശം 3270 കോടി രൂപ) ക്ലബ് മെസ്സിക്ക് ഓഫർ നൽകിയതായാണ് റിപ്പോർട്ടുകൾ. എന്നാൽ അമേരിക്കൻ മേജർ ലീഗിലെ ക്ലബ്ബുകളും മെസ്സിക്കായി രംഗത്തുണ്ട്.

Engish Summary : PSG coach confirms Lionel Messi's departure from French league club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com