ഇരട്ടഗോളുമായി ഗുണ്ടോഗൻ തിളങ്ങി; യുണൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്എ കപ്പ്
Mail This Article
ലണ്ടൻ ∙ ജർമൻ താരം ഇൽകായ് ഗുണ്ടോഗൻ മത്സരത്തിന്റെ ഇരു പകുതികളിലുമായി നേടിയ ഇരട്ടഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്ക് എഫ്എ കപ്പ് കിരീടം. ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റി യുണൈറ്റഡിനെ വീഴ്ത്തിയത്. ഒന്ന്, 51 മിനിറ്റുകളിലായിരുന്നു ഗുണ്ടോഗന്റെ ഗോളുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആശ്വാസഗോൾ 33–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ് നേടി.
മത്സരത്തിന്റെ ആദ്യ മിനിറ്റിൽ ഗോൾ നേടിയ ഗുണ്ടോഗൻ ചരിത്രത്തിലും ഇടംപിടിച്ചു. എഫ്എ കപ്പ് ഫൈനലുകളിലെ ഏറ്റവും വേഗമേറിയ ഗോളാണ് ഗുണ്ടോഗൻ കുറിച്ചത്. മത്സരം ആരംഭിച്ച് 12–ാം സെക്കൻഡിൽ ഗോൾ നേടിയ ഗുണ്ടോഗൻ, 2009ലെ ഫൈനലിൽ ചെൽസിക്കെതിരെ 25–ാം സെക്കൻഡിൽ എവർട്ടനായി ഗോൾ നേടിയ ലൂയിസ് സാഹയുടെ റെക്കോർഡ് മറികടന്നു.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കിരീടം നേടിയതിനു പിന്നാലെയാണ് എഫ്എ കപ്പിലും സിറ്റി വിജയക്കൊടി നാട്ടിയത്. യുവേഫ ചാംപ്യൻസ് ലീഗിലും ഫൈനലിൽ കടന്ന സിറ്റി, അടുത്ത ശനിയാഴ്ച നടക്കുന്ന ആവേശപ്പോരാട്ടത്തിൽ ഇന്റർ മിലാനെ നേരിടും. 1999ൽ വിഖ്യാത പരിശീലകൻ സർ അലക്സ് ഫെർഗൂസന്റെ പരിശീലനത്തിൽ യുണൈറ്റഡ് പ്രിമിയർ ലീഗും എഫ്എ കപ്പും ചാംപ്യൻസ് ലീഗും നേടിയിരുന്നു. പെപ് ഗ്വാർഡിയോളയുടെ കീഴിൽ പ്രിമിയർ ലീഗ്–എഫ്എ കപ്പ്– ചാംപ്യൻസ് ലീഗ് ട്രെബിൾ നേട്ടമാണ് സിറ്റിയുടെ ലക്ഷ്യം.
ലോകത്തെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ചാംപ്യൻഷിപ്പായ എഫ്എ കപ്പിന്റെ 142–ാം എഡിഷനാണിത്. ആർസനലാണ് (14) കൂടുതൽ തവണ ജേതാക്കളായത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 12 തവണയും മാഞ്ചസ്റ്റർ സിറ്റി 7 വട്ടവും കിരീടം നേടി.
English Summary: Manchester City hold off Manchester United to win FA Cup and strike Double