ADVERTISEMENT

പാരിസ്∙ രണ്ട് വര്‍ഷത്തിനു ശേഷം ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് സൂപ്പർതാരം ലയണൽ മെസി. ഫ്രഞ്ച് ലീഗ് വണ്ണിലെ അവസാന മത്സരത്തിൽ തോൽവിയോടെയാണ് പിഎസ്ജിയിൽ നിന്നും മെസിയുടെ പടിയിറക്കം. അവസാന ലീഗ് മത്സരത്തിലെ ആവേശപ്പോരാട്ടത്തിൽ ക്ലെര്‍മോന്റ് ഫൂട്ടിനോട് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മെസ്സിയും സംഘവും തോൽവി വഴങ്ങിയത്. മെസ്സിക്കൊപ്പം പിഎസ്ജി ജഴ്സിയിൽ അവസാന മത്സരം കളിച്ച സ്പാനിഷ് താരം സെർജിയോ റാമോസാണ് പിഎസ്ജിയുടെ ഒരു ഗോൾ നേടിയത്.

ഈ മത്സരത്തോടെ മെസ്സി ഫ്രീ ഏജന്റായി. മത്സരത്തിനു മുന്‍പുതന്നെ ഇത് ക്ലബിനായുള്ള മെസ്സിയുടെ അവസാന മത്സരമാണെന്ന് സ്ഥിരീകരിച്ചും നന്ദി പറഞ്ഞും പിഎസ്ജി രംഗത്തെത്തിയിരുന്നു. ഏഴു തവണ ബലൻ ദി ഓറില്‍ മുത്തമിട്ട താരത്തിനു നന്ദി പറയുന്നതായി പിഎസ്ജി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പിഎസ്ജിക്കൊപ്പമുള്ള യാത്ര മെസ്സി ഈ സീസണോടെ അവസാനിപ്പിക്കുന്നതായും പിഎസ്ജിയുടെ പ്രസ്താവനയില്‍ പറയുന്നു.

പിഎസ്ജി വിടുന്നതായി സ്ഥിരീകരിച്ചെങ്കിലും മെസ്സിയുടെ പുതിയ തട്ടകമേതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സൗദി ക്ലബായ അല്‍ ഹിലാലിലേക്കാണ് മെസി എത്തുന്നതെന്ന റിപ്പോര്‍ട്ടുകൾ ശക്തമാണ്. ജൂണ്‍ ആറിന് ഇത് സംബന്ധിച്ച പ്രഖ്യാപനം അല്‍ ഹിലാലില്‍ നിന്ന് എത്തുമെന്നും സൂചനയുണ്ട്.

ramos-messi
മെസ്സിയും റാമോസും മത്സരശേഷം മക്കൾക്കൊപ്പം.

ഈ സീസണില്‍ പിഎസ്ജിക്കായി 21 ഗോളുകളും 20 അസിസ്റ്റുമാണ് മെസിയില്‍നിന്ന് വന്നത്. രണ്ട് സീസണുകള്‍ പിഎസ്ജിക്കൊപ്പം നിന്നെങ്കിലും ചാംപ്യന്‍സ് ലീഗില്‍ ടീമിനെ പ്രീക്വര്‍ട്ടര്‍ കടത്താന്‍ കഴിഞ്ഞില്ല. മെസിയെ തിരിച്ചെത്തിക്കാൻ പഴയ ക്ലബായ ബാർസിലോനയ്ക്ക് താൽപര്യമുണ്ടെങ്കിലും, സ്പാനിഷ് ലീഗ് ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേ നിയമങ്ങളെ തുടര്‍ന്ന് മെസിക്ക് മുന്‍പില്‍ ഓഫര്‍ വയ്ക്കാന്‍ അവർക്ക് സാധിച്ചിട്ടില്ല.

English Summary: Messi, Ramos’ final game for PSG ends in defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com