ലണ്ടൻ ∙ പച്ചപ്പുൽ മൈതാനത്ത് നീലത്തിരമാല പോലെ ഒഴുകിക്കളിക്കുന്ന പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ഈ സീസണിലെ രണ്ടാം ഫുട്ബോൾ കിരീടവും കോരിയെടുത്തു! വെംബ്ലി സ്റ്റേഡിയത്തിൽ അയൽക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2–1ന് കീഴടക്കിയാണു പ്രിമിയർ ലീഗ് ചാംപ്യന്മാരായ സിറ്റി, എഫ്എ കപ്പും സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റിൽ 7–ാം തവണയാണ് സിറ്റി ജേതാക്കളാകുന്നത്.
ജയത്തോടെ പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ കീഴിൽ ഈ സീസണിലെ 3 പ്രധാന ട്രോഫികളും സ്വന്തമാക്കുക എന്ന ട്രെബിൾ നേട്ടത്തിലേക്ക് സിറ്റിക്ക് ഇനി ഒരു കിരീടദൂരം മാത്രം. ജൂൺ 10ന് ഇസ്തംബുളിൽ നടക്കുന്ന യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ തോൽപിച്ചാൽ സിറ്റിക്ക് ട്രെബിൾ പൂർത്തിയാക്കാം. ഇംഗ്ലിഷ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് ഇതിനു മുൻപ് ട്രെബിൾ കൈവരിച്ചിട്ടുള്ളത്– 1999ൽ സർ അലക്സ് ഫെർഗുസൻ പരിശീലകനായിരിക്കെ.
നീലയും ചുവപ്പും ഇടകലർന്നു നിറഞ്ഞ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്നലെ ക്യാപ്റ്റനും ജർമൻ മിഡ്ഫീൽഡറുമായ ഇൽകായ് ഗുണ്ടോവനാണ് (ഒന്നാം മിനിറ്റ്, 51–ാം മിനിറ്റ്) സിറ്റിയുടെ രണ്ടു ഗോളുകളും നേടിയത്. 33–ാം മിനിറ്റിൽ ഹാൻഡ് ബോളിലൂടെ ലഭിച്ച പെനൽറ്റിയിലൂടെ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ ഗോൾ നേടിയത്. ഇരു ക്ലബ്ബുകളും തമ്മിലുള്ള 109–ാം മാഞ്ചസ്റ്റർ ഡാർബിയായിരുന്നു ഇന്നലെ.
13–ാം സെക്കൻഡ്; വേഗമേറിയ ഗോൾ!
എഫ്എ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളാണ് ഇന്നലെ വെംബ്ലി സ്റ്റേഡിയത്തിൽ പിറന്നത്– സിറ്റി ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോവൻ യുണൈറ്റഡ് വല കുലുക്കിയത് കിക്കോഫ് വിസിൽ മുഴങ്ങി 13–ാം സെക്കൻഡിൽ! ലോങ് പാസിങ്ങിൽ യുണൈറ്റഡിന്റെ ഗോൾമുഖത്ത് വീണു കിട്ടിയ പന്ത് ഗുണ്ടോവൻ ഗോളിലേക്കു തൊടുത്തു. യുണൈറ്റഡ് കീപ്പർ ഡേവിഡ് ഡി ഹിയ അനങ്ങും മുൻപു പന്ത് വലയിലെത്തി.
33–ാം മിനിറ്റിലാണ് യുണൈറ്റഡിന് അനുകൂലമായ പെനൽറ്റി ബ്രൂണോ ഫെർണാണ്ടസ് അനായാസം ഗോളാക്കുന്നത്. പെനൽറ്റി ബോക്സിൽ വാൻ ബിസാക്കയുടെ ഹെഡർ സിറ്റിയുടെ ജാക് ഗ്രീലിഷിന്റെ കയ്യിൽ തട്ടിയതാണ് (ഹാൻഡ് ബോൾ) പെനൽറ്റിയിൽ കലാശിച്ചത്. 51–ാം മിനിറ്റിൽ ഗുണ്ടോവനിലൂടെ തന്നെ സിറ്റി രണ്ടാം ഗോൾ നേടി.
English Summary : Manchester city vs Manchester united match update