ADVERTISEMENT

കുറ്റപ്പെടുത്തലിന്റെ അമ്പുകൾ കൊണ്ട ‘ജർമൻ പടയാളി’യിൽ നിന്ന് പ്രശംസയുടെ പൂക്കളേറ്റു വാങ്ങുന്ന ‘മിഡ്ഫീൽഡ് ജനറൽ’– അതാണ് മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ടീം ക്യാപ്റ്റൻ ഇൽകായ് ഗുണ്ടോവന്റെ മേൽവിലാസം. എഫ്എ കപ്പ് ഫൈനലി‍ൽ ഇരട്ടഗോൾ നേടി സിറ്റിയെ സീസണിലെ രണ്ടാം കിരീടത്തിലെത്തിച്ചതോടെ ലോകം അംഗീകരിക്കുന്ന സൂപ്പർ ക്യാപ്റ്റനിലേക്കുള്ള യാത്രയിലാണു മുപ്പത്തിരണ്ടുകാരൻ ഗുണ്ടോവൻ.

പ്രിമിയർ ലീഗും എഫ്എ കപ്പും നേടിയതോടെ ഗുണ്ടോവൻ നയിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കു മുന്നിൽ ഇനിയുള്ളത് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. 10ന് ഇസ്തംബുളിൽ നടക്കുന്ന ഫൈനലിൽ ഇന്റർ മിലാനെ തോൽപിച്ചാൽ സിറ്റിക്കും ഗുണ്ടോവനും അപൂർവ ട്രെബിൾ കൈവരിക്കാം. 1999ൽ സർ അലക്സ് ഫെർഗൂസൻ പരിശീലകനായിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് ട്രെബിൾ നേട്ടം കൈവരിച്ച ഏക ഇംഗ്ലിഷ് ടീം.

കഴിഞ്ഞ ദിവസം എഫ്എ കപ്പ് ഫൈനലിൽ ഗുണ്ടോവൻ നേടിയ ഇരട്ട ഗോളുകളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2–1ന് കീഴടക്കിയാണ് സിറ്റി ഏഴാം കിരീടം നേടിയത്. എഫ്എ കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോളും ഗുണ്ടോവൻ സ്വന്തം പേരിലാക്കി (13 സെക്കൻഡ്).

നിർണായക മത്സരങ്ങളിൽ ക്യാപ്റ്റൻ കൂളായ ഗുണ്ടോവൻ വിജയഗോളുകൾ നേടുന്നത് ഇതാദ്യമായല്ല. പ്രിമിയർ ലീഗിൽ ഈ സീസണിലും കഴിഞ്ഞ സീസണിലും അവസാന മത്സരങ്ങളിൽ ഗുണ്ടോവൻ നേടിയ ഇരട്ട ഗോളുകളാണ് സിറ്റിയുടെ ലീഗ് കിരീടം ഉറപ്പിച്ചത് (2022ൽ എവർട്ടനെതിരെ, 2021ൽ ആസ്റ്റൻ വില്ലയ്ക്കെതിരെ). ഇത്തവണ അവസാന 6 മത്സരങ്ങളിലായി 6 ഗോളുകളും 2 അസിസ്റ്റുകളുമാണു ഗുണ്ടോവൻ ക്ലബ്ബിനു സമ്മാനിച്ചത്. വലിയൊരു വിവാദത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റാണ് ഗുണ്ടോവൻ സിറ്റിയുടെ നായകസ്ഥാനം വരെയെത്തിയത്.

2018ൽ തുർക്കി പ്രസിഡന്റായിരുന്ന റജബ് തയ്യിബ് എർദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതിനെത്തുടർന്ന് തുർക്കി വംശജരായ മെസൂട് ഓസിലും ഗുണ്ടോവനും ജർമനിയിൽ വിമർശനമേറ്റുവാങ്ങിയിരുന്നു. ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം അന്ന് ജർമനിയിൽ ശക്തമായി ഉയർന്നു. ആരാധകർ ഇരുതാരങ്ങളെയും കൂവി വിളിച്ച സംഭവവുമുണ്ടായി. മനസ്സു മടുത്ത ഓസിലിന്റെ കരിയർ അതോടെ അവസാനിച്ചു. എന്നാൽ ഗുണ്ടോവനാവട്ടെ കൂടുതൽ കരുത്തനായി ഉയിർത്തെഴുന്നേറ്റു– ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിന്റെ ക്യാപ്റ്റൻ സ്ഥാനം വരെ നീളുന്ന തിരിച്ചു വരവ്!

English Summary: Ilkay Gundogan leading Manchester City to new titles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com