ഭുവനേശ്വർ ∙ ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്കു വിജയത്തുടക്കം. ആദ്യ മത്സരത്തിൽ മംഗോളിയയെ 2–0ന് ഇന്ത്യ തോൽപിച്ചു. മലയാളി താരം സഹൽ അബ്ദുൽ സമദ് (1–ാം മിനിറ്റ്), ലാലിൻസുവാല ഛാങ്തെ (14) എന്നിവരാണു ഗോളുകൾ നേടിയത്. നേരത്തേ, ആദ്യമത്സരത്തിൽ ലെബനൻ 3–1ന് പസിഫിക് ദ്വീപ് രാജ്യമായ വനൗതുവിനെയും തോൽപിച്ചു. ഇന്ത്യയുടെ അടുത്ത മത്സരം 12നു രാത്രി 7.30ന് വനൗതുവിനെതിരെയാണ്.
മംഗോളിയയ്ക്കെതിരെ കളിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടാൻ സാധിച്ചത് ഇന്ത്യയ്ക്കു മേധാവിത്വം നൽകി. അനിരുദ്ധ് ഥാപ്പയുടെ മുന്നേറ്റത്തിൽനിന്നാണ് സഹൽ അബ്ദുൽ സമദിന്റെ ഗോളിനു വഴിയൊരുങ്ങിയത്. ഥാപ്പയുടെ ഗോൾ ഷോട്ട് പൂർണമായി കൈപ്പിടിയിലൊതുക്കാൻ മംഗോളിയ ഗോളി എങ്തൈവാനു സാധിച്ചില്ല. തട്ടിത്തെറിച്ച പന്ത് നേരേ വന്നതു സഹലിനു മുന്നിലേക്ക്. പന്തിനെ തിരികെ വലയിലേക്കു വിട്ട് സഹൽ ഇന്ത്യയ്ക്കു ലീഡ് നൽകി.
14–ാം മിനിറ്റിൽ ഒരു കോർണർ കിക്കിൽനിന്നായിരുന്നു ഇന്ത്യയുടെ 2–ാം ഗോൾ. ബോക്സിലേക്കു വന്ന പന്ത് സന്ദേശ് ജിങ്കാൻ ഹെഡ് ചെയ്തിട്ടത് ലൈനിൽ ക്ലിയർ ചെയ്യാൻ മംഗോളിയൻ താരങ്ങൾക്കായില്ല. ഛാങ്തെയുടെ ഷോട്ടിൽ പന്ത് വലയിൽ (2–0).
English Summary : India won the Intercontinental Cup football