ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലു കുത്തുന്നതിനു മുൻപു ഇന്ത്യൻ ടീം ലോകകപ്പ് കളിക്കുമോ? ഇതാണ് സാധ്യതകൾ
Mail This Article
ഒരു ഇന്ത്യക്കാരൻ ചൊവ്വയിൽ കാലു കുത്തുന്ന കാലത്തു പോലും ഇന്ത്യ ലോകകപ്പ് ഫുട്ബോൾ കളിക്കാൻ പോകുന്നില്ല!’– കുറച്ചു വർഷം മുൻപു വരെ പ്രചരിച്ച ക്രൂരമായൊരു തമാശ. എന്നാൽ ഒരു ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലു കുത്തുന്നതിനു മുൻപു തന്നെ ഇന്ത്യൻ ടീം ലോകകപ്പ് കളിക്കും എന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷ. ദേശീയ ടീമിന്റെ സമീപകാല ഫോമും ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം ഫിഫ വർധിപ്പിച്ചതും അതിനനുസരിച്ച് ഏഷ്യൻ യോഗ്യതാ റൗണ്ടിൽ വന്ന മാറ്റവുമെല്ലാമാണ് ഇതിനു കാരണങ്ങൾ. ലോകകപ്പിലേക്കുളള വാതിൽ ഇന്ത്യയ്ക്കു മുന്നിൽ ചെറുതായി തുറന്നിരിക്കുന്നു. ഒന്ന് ആഞ്ഞുപിടിച്ചാൽ വരാനിരിക്കുന്ന ലോകകപ്പുകളിൽ ഒന്നിൽ ഇന്ത്യയ്ക്കു കളിക്കാം.
എന്തുകൊണ്ട് ഇന്ത്യ?
∙ 2026 മുതൽ ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം ഫിഫ 32ൽ നിന്ന് 48 ആക്കി.
∙ ഏഷ്യൻ യോഗ്യതയിൽ വന്ന മാറ്റം. 8 ടീമുകൾക്ക് നേരിട്ടും ഒരു ടീമിന് വൻകര പ്ലേ ഓഫ് ജയിച്ചും ഏഷ്യയിൽ നിന്ന് ലോകകപ്പിന് യോഗ്യത നേടാം.
∙ ഇന്ത്യൻ ടീം ഫിഫ റാങ്കിങ്ങിൽ കൈവരിച്ച നേട്ടം. ഏഷ്യയിൽ മുന്നിലുള്ള 27 ടീമുകളിൽ ഒന്നായതിനാൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിലേക്ക് ഇന്ത്യയ്ക്ക് നേരിട്ടെത്താം.
∙ നിലവിൽ ഏഷ്യയിൽ 18–ാം സ്ഥാനത്താണ് ഇന്ത്യ. ഇതോടെ രണ്ടാം റൗണ്ടിന്റെ പോട്ട് 2വിൽ തന്നെ ഉൾപ്പെടാം. റാങ്കിങ്ങിൽ താഴെയുള്ള ടീമുകളെ എതിരാളികളായി കിട്ടാൻ ഇതു സഹായിക്കും.
ഏഷ്യൻ റൂട്ട് മാപ്പ്
5 റൗണ്ടുകളിലായാണ് ലോകകപ്പിന്റെ ഏഷ്യൻ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഫിഫ റാങ്കിങ് അനുസരിച്ച് ഏഷ്യയിൽ 45–ാം സ്ഥാനം വരെയുള്ള ടീമുകൾക്ക് മത്സരിക്കാം.
ഒന്നാം റൗണ്ട്
ഏഷ്യയിൽ 28–45 സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇവിടെ മത്സരിക്കുന്നത്. രണ്ടു ടീമുകൾ തമ്മിലുള്ള 9 ഇരുപാദ നോക്കൗട്ട് മത്സരങ്ങൾ. ജയിക്കുന്ന 9 ടീമുകൾ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടും. ഇന്ത്യ നിലവിൽ ഏഷ്യയിൽ 18–ാം സ്ഥാനത്തായതിനാൽ ഈ റൗണ്ട് കളിക്കേണ്ടതില്ല.
രണ്ടാം റൗണ്ട്
ഏഷ്യയിൽ ഒന്നു മുതൽ 27 സ്ഥാനങ്ങളിലുള്ള ടീമുകളും നേരത്തേ ഒന്നാം റൗണ്ട് ജയിച്ചു വന്ന ടീമുകളുമാണ് ഇവിടെ മത്സരിക്കുന്നത്. ആകെ 36 ടീമുകൾ.
4 ടീമുകൾ അടങ്ങുന്ന 9 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഫിഫ റാങ്കിങ് അനുസരിച്ചുള്ള പോട്ട് അടിസ്ഥാനത്തിലാണ് ഗ്രൂപ്പുകളെ നിശ്ചയിക്കുക. ഇവിടെയാണ് ഫിഫ റാങ്കിങ്ങിലെ മുന്നേറ്റം ഇന്ത്യയെ തുണയ്ക്കുക.
പോട്ട് 1: ഏഷ്യയിൽ 1–9 സ്ഥാനങ്ങളിലുള്ള ടീമുകൾ
പോട്ട് 2: ഏഷ്യയിൽ 10–18 സ്ഥാനങ്ങളിലുള്ള ടീമുകൾ. ഇന്ത്യ ഇതിൽ ഉൾപ്പെടും.
പോട്ട് 3: ഏഷ്യയിൽ 19–27 സ്ഥാനങ്ങളിലുള്ള ടീമുകൾ.
പോട്ട് 4: ഒന്നാം റൗണ്ട് ജയിച്ചെത്തിയ 9 ടീമുകൾ.
ഓരോ പോട്ടിൽ നിന്നും ഒരു ടീം വീതം എടുത്താണ് 4 ടീമുകളടങ്ങുന്ന 9 ഗ്രൂപ്പുകൾ. അതായത് ഇന്ത്യയുടെ ഗ്രൂപ്പിൽ ഉയർന്ന റാങ്കുള്ള ഒരു ടീമേ ഉണ്ടാകൂ. ബാക്കി 2 ടീമുകളും ഇന്ത്യയെക്കാൾ താഴ്ന്ന റാങ്കിലുള്ളവരായിരിക്കും. ഗ്രൂപ്പ് ജേതാക്കളും രണ്ടാം സ്ഥാനക്കാരും അടുത്ത റൗണ്ടിലേക്കു കടക്കും എന്നതിനാൽ ഇന്ത്യയ്ക്ക് യാഥാർഥ്യ ബോധത്തോടെ അടുത്ത റൗണ്ട് പ്രതീക്ഷിക്കാം. ഈ 18 ടീമുകൾ അടുത്ത ഏഷ്യൻ കപ്പിനും യോഗ്യത നേടും.
മൂന്നാം റൗണ്ട്
രണ്ടാം റൗണ്ട് കടന്നെത്തിയ 18 ടീമുകളെ 3 ഗ്രൂപ്പുകളായി തിരിക്കും. ഹോം–എവേ അടിസ്ഥാനത്തിലുള്ള മത്സരങ്ങൾക്കു ശേഷം ഓരോ ഗ്രൂപ്പിലെയും ജേതാക്കളും രണ്ടാം സ്ഥാനക്കാരും (ആകെ 6 ടീമുകൾ) ലോകകപ്പിനു നേരിട്ട് യോഗ്യത നേടും. ഇന്ത്യയ്ക്ക് ഇത് കടുപ്പമായേക്കാം. പക്ഷേ സാധ്യതകൾ തീരുന്നില്ല. ഓരോ ഗ്രൂപ്പിലെയും മൂന്നും നാലും സ്ഥാനക്കാർ അടുത്ത റൗണ്ടിലെത്തും.
നാലാം റൗണ്ട്
ഏഷ്യയിൽ നിന്ന് ശേഷിക്കുന്നത് 3 ലോകകപ്പ് ബെർത്തുകൾ (വൻകര പ്ലേ ഓഫ് ഉൾപ്പെടെ). മത്സരിക്കുന്നത് 6 ടീമുകൾ. മൂന്നു ടീമുകൾ വീതം 2 ഗ്രൂപ്പുകളായി തിരിച്ച് ഹോം–എവേ മത്സരങ്ങൾ. ഗ്രൂപ്പ് ജേതാക്കൾ നേരിട്ടു ലോകകപ്പിന് യോഗ്യത നേടും.
ഓരോ ഗ്രൂപ്പിലും രണ്ടാമതെത്തുന്ന 2 ടീമുകൾ തമ്മിൽ അഞ്ചാം റൗണ്ടിൽ പ്ലേ ഓഫ്. ജയിക്കുന്ന ടീം വൻകര പ്ലേഓഫിന് യോഗ്യത നേടും. മറ്റൊരു വൻകരയിലെ ടീമിനെ നേരിട്ട് അതിലും ജയിച്ചാൽ ലോകകപ്പിന് യോഗ്യത നേടാം.
SAVE THE DATE ജൂലൈ 27
ഏഷ്യൻ യോഗ്യതയുടെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടക്കുന്ന ദിവസം. താരതമ്യേന കടുപ്പം കുറഞ്ഞ എതിരാളികളെ കിട്ടിയാൽ ഇന്ത്യയ്ക്കു അടുത്ത റൗണ്ടിലേക്കുളള പ്രതീക്ഷ വർധിക്കും. ഓരോ പോട്ടിൽനിന്നും ഓരോ ടീമുകളെ എടുത്താണ് ഗ്രൂപ്പ് നിർണയം.
ഓരോ പോട്ടിലെയും ടീമുകളും ഫിഫ റാങ്കിങ്ങും
പോട്ട് 1: ജപ്പാൻ (20), ഇറാൻ (22), ഓസ്ട്രേലിയ (27), ദക്ഷിണ കൊറിയ (28), സൗദി അറേബ്യ (53), ഖത്തർ (58), ഇറാഖ് (70), യുഎഇ (72), ഒമാൻ (73)
പോട്ട് 2: ഉസ്ബെക്കിസ്ഥാൻ (74), ചൈന (79), ജോർദാൻ (82), ബഹ്റൈൻ (86), സിറിയ (94), വിയറ്റ്നാം (95), പലസ്തീൻ (96), കിർഗിസ്ഥാൻ (97), ഇന്ത്യ (100)
പോട്ട് 3: ലബനൻ (102), തജിക്കിസ്ഥാൻ (109), തായ്‌ലൻഡ് (113), ഉത്തര കൊറിയ (115), ഫിലിപ്പീൻസ് (135), മലേഷ്യ (137), തുർക്ക്മെനിസ്ഥാൻ (138), കുവൈത്ത് (141), ഹോങ്കോങ് (149).
പോട്ട് 4: ഒന്നാം റൗണ്ട് ജയിച്ചെത്തുന്ന 9 ടീമുകൾ. ഇതു പിന്നീടേ അറിയൂ.
ഏഷ്യയിൽ നിന്ന് ലോകകപ്പ് യോഗ്യത: 9 ടീമുകൾ
ഏഷ്യൻ ടീമുകളിൽ ഇന്ത്യയുടെ സ്ഥാനം 18
* ജൂലൈ 20ലെ ഫിഫ റാങ്കിങ് അനുസരിച്ചാണ് അന്തിമ സീഡിങ്. എങ്കിലും ഇന്ത്യയ്ക്കും തൊട്ടു പിന്നിലുള്ള ലബനനും ഇതിനിടെ മത്സരം ഇല്ലാത്തതിനാൽ ഇന്ത്യയുടെ ഏഷ്യയിലെ 18–ാം സ്ഥാനം നഷ്ടമാകില്ല.
English Summary: Will Indian team qualify for worldcup football in near future