അൽ നെയ്മാർ! മെസ്സിയെ കിട്ടാത്ത ക്ഷീണം തീർത്ത് അൽ ഹിലാൽ, പ്രതിഫലം 1450 കോടി

Mail This Article
റിയാദ് ∙ ലയണൽ മെസ്സിക്കു വേണ്ടി കാത്തിരുന്ന് നിരാശരായ സൗദി അറേബ്യൻ പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ ഹിലാൽ സങ്കടം തീർത്തു; ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ മെസ്സിയുടെ സഹതാരമായിരുന്ന നെയ്മാറിനെ റാഞ്ചിക്കൊണ്ട്! 2 വർഷത്തേക്കാണ് ബ്രസീലിയൻ സൂപ്പർ താരത്തെ അൽ ഹിലാൽ പിഎസ്ജിയിൽ നിന്നു സ്വന്തമാക്കിയത്. 16 കോടി യൂറോയാണ് (ഏകദേശം 1450 കോടി രൂപ) മുപ്പത്തിയൊന്നുകാരൻ നെയ്മാറിനു പ്രതിഫലമായി ലഭിക്കുക.
ട്രാൻസ്ഫർ ഫീ ആയി പിഎസ്ജിക്ക് 9 കോടി യൂറോയും (ഏകദേശം 816 കോടി രൂപ) ലഭിക്കും. പാരിസിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം റിയാദിലെത്തുന്ന നെയ്മാറിനെ അൽ ഹിലാൽ ബുധനാഴ്ച കിങ് ഫഹദ് സ്റ്റേഡിയത്തിൽ ആരാധകർക്കു മുന്നിൽ അവതരിപ്പിക്കും. ടീമിലെ 10–ാം നമ്പർ ജഴ്സിയാണ് നെയ്മാറിനു ലഭിക്കുക. പുതിയ സീസൺ സൗദി പ്രൊ ലീഗിന് വെള്ളിയാഴ്ച തുടക്കമായിക്കഴിഞ്ഞു. ശനിയാഴ്ച അൽ ഫൈഹയുമായാണ് പോർച്ചുഗീസുകാരൻ ഹോർഹെ ജിസ്യൂസ് പരിശീലിപ്പിക്കുന്ന അൽ ഹിലാലിന്റെ രണ്ടാം മത്സരം.
ഇണങ്ങിയും പിണങ്ങിയും..
2017ൽ ലോക റെക്കോർഡ് ട്രാൻസ്ഫർ ഫീ (22.2 കോടി യൂറോ) നൽകിയാണ് സ്പാനിഷ് ക്ലബ് ബാർസിലോനയിൽ നിന്ന് നെയ്മാറിനെ പിഎസ്ജി സ്വന്തമാക്കിയത്. ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞതായിരുന്നു ഫ്രഞ്ച് ക്ലബ്ബിൽ നെയ്മാറിന്റെ 6 വർഷങ്ങൾ. ക്ലബ്ബിനു വേണ്ടി 173 മത്സരങ്ങളിൽ നിന്നായി 118 ഗോളുകൾ നേടിയ നെയ്മാർ അഞ്ച് ലീഗ് വൺ കിരീടനേട്ടങ്ങളിൽ പങ്കാളിയായി. എന്നാൽ ഇടയ്ക്കിടെയുണ്ടായ പരുക്കുകളും ക്ലബ് മാനേജ്മെന്റുമായുള്ള കലഹങ്ങളും നെയ്മാറിനെ പലപ്പോഴും ടീമിനു പുറത്താക്കി. ക്ലബ് വിടുമെന്ന് ഉറപ്പായതോടെ ഈ സീസണിലെ ആദ്യ മത്സരത്തിനുള്ള ടീമിൽ കോച്ച് ലൂയിസ് എൻറിക്വെ നെയ്മാറിനെ പരിഗണിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് അൽ ഹിലാൽ ക്ലബ്ബുമായുള്ള നെയ്മാറിന്റെ കരാറിന്റെ വിവരങ്ങൾ പുറത്തു വന്നത്.
ഏഷ്യയിലെ നമ്പർ 1
കിരീടനേട്ടങ്ങളുടെ കണക്കിൽ സൗദിയിലെയും ഏഷ്യയിലെയും നമ്പർ വൺ ക്ലബ്ബാണ് അൽ ഹിലാൽ. 18 സൗദി പ്രൊ ലീഗും 4 ഏഷ്യൻ ചാംപ്യൻസ് ലീഗും ഉൾപ്പെടെ 66 മേജർ ട്രോഫികൾ ക്ലബ് നേടിയിട്ടുണ്ട്. ക്ലബ്ബിന് പുതിയ താരമുഖം നൽകുക എന്ന ലക്ഷ്യത്തോടെ മെസ്സിയെയും കിലിയൻ എംബപെയും ടീമിലെത്തിക്കാൻ അൽ ഹിലാൽ നേരത്തേ ശ്രമിച്ചിരുന്നു. നെയ്മാർ അൽ ഹിലാലിലെത്തുന്നതോടെ അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ ഇത്തിഹാദ് താരം കരിം ബെൻസേമയുമായുള്ള താരപ്പോരിനു കൂടിയാണ് കളമൊരുങ്ങുന്നത്.
English Summary: Neymar set to join Saudi club Al Hilal