ADVERTISEMENT

ഓക്‌ലൻഡ് (ന്യൂസീലൻ‍ഡ്) ∙ വനിതാ ലോകചാംപ്യന്മാരുടെ സിംഹാസനത്തിലേക്കു സ്പെയിനിന് ഒരു മത്സരത്തിന്റെ അകലം മാത്രം. വനിതാ ലോകകപ്പ് ഫുട്ബോൾ സെമിയിൽ സ്വീഡനെ 2–1നു തോൽപിച്ച സ്പെയിൻ ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്നു. ഇന്നത്തെ ഇംഗ്ലണ്ട് – ഓസ്ട്രേലിയ മത്സരവിജയികളെ ഞായറാഴ്ച സിഡ്നിയിൽ നടക്കുന്ന ഫൈനലിൽ ‘ലാ റോജ’ നേരിടും.

ഒരു വർഷം മുൻപ് ലോകം മുഴുവൻ ചർച്ച ചെയ്ത ആഭ്യന്തര പ്രശ്നങ്ങളിൽനിന്നു മുക്തി നേടിയാണ് സ്പെയിൻ ടീം ലോകകപ്പിന്റെ ഫൈനൽ വരെയെത്തിയത്. കോച്ച് ഹോർഹെ വിൽഡയ്ക്കെതിരായ പരാതികളുമായി സ്പെയിൻ ടീമിലെ 15 താരങ്ങൾ എഴുതിയ കത്ത് മുൻപ് വലിയ വാർത്തയായിരുന്നു. അന്നത്തെ പ്രതിഷേധക്കാരിൽ 3 പേരെ ഉൾപ്പെടുത്തയാണ് കോച്ച് വിൽഡ ഇത്തവണ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതും.

89–ാം മിനിറ്റിൽ ക്യാപ്റ്റൻ ഓൾഗ കാർമോണ നേടിയ ഗോളാണ്, ലോകറാങ്കിങ്ങിൽ 2–ാം സ്ഥാനക്കാരായ സ്വീഡനെതിരെ വിജയം നേടാൻ സ്പെയിനു വഴിയൊരുക്കിയത്. സ്വീഡൻ പുറത്തായതോടെ 7–ാം റാങ്കുകാരായ സ്പെയിനാണ് ഇപ്പോൾ ലോകകപ്പിൽ അവശേഷിക്കുന്ന ഉയർന്ന സ്ഥാനക്കാരായ ടീം.

81–ാം മിനിറ്റുവരെ ഗോളില്ലാതെ വിരസമായി ഇഴഞ്ഞ കളിക്കാണ് സ്പെയിനിന്റെ 19 വയസ്സുകാരി സൽമ പരാല്ലുവേലോയുടെ ഗോളോടെ ആവേശം പകർന്നത്. നെതർലൻഡ്സിനെതിരെ ക്വാർട്ടർ ഫൈനലിന്റെ എക്സ്ട്രാ ടൈമിൽ സ്പെയിനിന്റെ വിജയഗോൾ നേടിയ സൽമ സബ്സ്റ്റിസ്റ്റ്യൂട്ടായി ഇറങ്ങിയാണു ലക്ഷ്യം കണ്ടത്. എന്നാൽ, 88–ാം മിനിറ്റിൽ റബേക്ക ബ്ലോംവിസ്റ്റിന്റെ ഗോളിൽ സ്വീഡൻ തിരിച്ചടിച്ചു. സ്കോർ 1–1 ആയതോടെ എക്സ്ട്രാ ടൈമിലേക്കു കളി നീളുമെന്നു കരുതിയിരിക്കെയാണ് ഓൾഗയുടെ    വിജയഗോൾ വന്നത്. തൊട്ടുപിന്നാലെ ഫൈനൽ വിസിൽ. അതോടെ, ഈഡൻ പാർക്കിൽ കളി കാണാനെത്തിയ 43,217 പേർക്കു മുന്നിൽ സ്പാനിഷ് ടീം ആവേശനൃത്തം ചവിട്ടി.

ലോകകപ്പിന് റെക്കോർഡ് കാണികൾ

വനിതാ ലോകകപ്പ് മത്സരം കാണാൻ ഇത്തവണ റെക്കോർഡ് കാണികൾ. ഓസ്ട്രേലിയയും ന്യൂസീലൻഡും സംയുക്തമായി ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ 17.7 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇരുരാജ്യത്തുമായി 10 വേദികളിലാണു മത്സരങ്ങൾ നടക്കുന്നത്. സിഡ്നി സ്റ്റേഡിയത്തിൽ നടന്ന 3 മത്സരങ്ങൾക്കാണ് ഏറ്റവുമധികം കാണികളെത്തിയത്– 75,784പേർ. 2000 സിഡ്നി ഒളിംപിക്സിനായി നിർമിച്ച സ്റ്റേഡിയമായതിനാൽ ഇവിടെ കാണികൾക്കു നിയന്ത്രണമുണ്ട്. അല്ലാത്തപക്ഷം കാണികളുടെ എണ്ണം ഇതിലും വർധിക്കുമായിരുന്നെന്നു സംഘാടകർ പറയുന്നു.

English Summary : Spain defeated sweeden and enterd womens world cup football final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com