ബാർസിലോന വിടാൻ താല്പര്യമുണ്ടായിരുന്നില്ല, യുഎസിലെത്തിയത് പൂർണ മനസ്സോടെയെന്ന് മെസ്സി

Mail This Article
ഫോർട്ട് ലൗഡർഡെയ്ൽ ∙ രണ്ടു വർഷം മുൻപ്, സ്പാനിഷ് ക്ലബ് എഫ്സി ബാർസിലോനയിൽ നിന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്കുള്ള മാറ്റം തനിക്ക് കഠിനമായിരുന്നെന്ന് അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സി. എന്നാൽ പിഎസ്ജിയിൽ നിന്ന് ഈ വർഷം അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലെത്തിയത് പൂർണ മനസ്സോടെയായിരുന്നെന്നും മെസ്സി പറഞ്ഞു.
മയാമിയിൽ എത്തിയ ശേഷം ആദ്യമായി നൽകിയ പൊതുഅഭിമുഖത്തിലാണ് മെസ്സി മനസ്സു തുറന്നത്. ‘‘പാരിസിലേക്കു പോകാനുള്ള എന്റെ തീരുമാനം സാഹചര്യങ്ങളുടെ സമ്മർദത്താൽ എടുത്തതായിരുന്നു. ബാർസ വിടാൻ എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. പക്ഷേ മയാമിയിലേക്കു വരാനുള്ള തീരുമാനം സന്തോഷത്തോടെയാണ് ഞാൻ എടുത്തത്’’– മെസ്സി പറഞ്ഞു.
മയാമിയിൽ വിമാനമിറങ്ങിയതു മുതൽ തനിക്കും കുടുംബത്തിനും ലഭിച്ച സ്വീകരണം മനസ്സുനിറച്ചെന്നും മുപ്പത്തിയാറുകാരനായ മെസ്സി പറഞ്ഞു. സൗത്ത് ഫ്ലോറിഡയിൽ ഒരു സ്ഥിരം വസതി താൻ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുട്ടികൾ ഉടൻ സ്കൂളിൽ പോയിത്തുടങ്ങുമെന്നും മെസ്സി കൂട്ടിച്ചേർത്തു.
ലീഗ്സ് കപ്പ് ഫൈനൽ നാളെ പുലർച്ചെ
ഇന്റർ മയാമിക്കൊപ്പം ആദ്യ കിരീടനേട്ടത്തിന് മെസ്സി ഇറങ്ങുന്നു. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ നടക്കുന്ന ലീഗ്സ് കപ്പ് ഫൈനൽ മത്സരത്തിൽ എംഎൽഎസ് ക്ലബ് നാഷ്‌വിൽ ആണ് മയാമിയുടെ എതിരാളികൾ. എംഎൽഎസ് ക്ലബ്ബുകളും മെക്സിക്കൻ ക്ലബ്ബുകളും സംയുക്തമായി മത്സരിക്കുന്ന ചാംപ്യൻഷിപ്പാണ് ലീഗ്സ് കപ്പ്.
English Summary : Lionel Messi reveals about his transfer to Inter Miami