ഹാളണ്ട് ട്രിക്ക് !; ഹാളണ്ടിന് ഹാട്രിക്; ഫുൾഹാമിനെ 5–1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി

Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ എർലിങ് ഹാളണ്ടിന്റെ ഗോൾവേട്ട തുടരുന്നു. ഹാട്രിക്കുമായി ഹാളണ്ട് കത്തിക്കയറിയ മത്സരത്തിൽ ഫുൾഹാമിനെ 5–1ന് തകർത്ത മാഞ്ചസ്റ്റർ സിറ്റി, പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ജൂലിയൻ അൽവാരസിലൂടെ 31–ാം മിനിറ്റിൽ സിറ്റി മുന്നിലെത്തിയെങ്കിലും മിനിറ്റുകൾക്കകം ടിം റീമിലൂടെ (33) ഫുൾഹാം സമനില പിടിച്ചു.
എന്നാൽ ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ നേഥൻ എകെയിലൂടെ (45+5) സിറ്റി തിരിച്ചടിച്ചു. മത്സരത്തിന്റെ രണ്ടാം പകുതി ഹാളണ്ടിന് അവകാശപ്പെട്ടതായിരുന്നു. 58–ാം മിനിറ്റിൽ തന്റെ ആദ്യ ഗോൾ നേടിയ ഹാളണ്ട്, 70, 90+5 മിനിറ്റുകളിൽ വീണ്ടും ലക്ഷ്യം കണ്ട് ഹാട്രിക് തികച്ചു. മറ്റു മത്സരങ്ങളിൽ നോട്ടിങ്ങം ഫോറസ്റ്റ്, ചെൽസിയെയും (1–0) ബ്രൈട്ടൻ, ന്യൂകാസിലിനെയും (3–1) തോൽപിച്ചു.
English Summary : Manchester City defeated Fulham in English Premier league football match